- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുമായി പിണങ്ങി ഒറ്റയ്ക്ക് ജീവിച്ചിരുന്ന ശകുന്തളയുടെ കൈവശം ഉണ്ടായിരുന്നത് ലക്ഷങ്ങളുടെ സമ്പാദ്യം; മകളുടെ സുഹൃത്തായ ഏരൂർ സ്വദേശിയുടെ ദുരൂഹ മരണവുമായി വീട്ടമ്മയുടെ കൊലപാതകത്തിന് ബന്ധമുണ്ടോ? കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകിയെ തേടി പൊലീസ്; മരിച്ച ഏരൂർ സ്വദേശിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം
കൊച്ചി: മകളുമായി പിണങ്ങിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ശകുന്തള എന്ന വീട്ടമ്മയെ കൊന്ന് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്തത് ആര്? ഈയൊരു അന്വേഷണത്തിലാണ് പൊലീസ്. എന്തിനാണ് ശകുന്തള എന്ന സ്ത്രീയെ കൊലപ്പെടുത്തിയതെന്നും ആരാണിത് ചെയ്തതെന്നും ഉള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇവരുടെ മകളുടെ പരിചയക്കാരൻ മരിച്ചതിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നു. ഈ ഏരൂർ സ്വദേശിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ ഘാതകനെ തേടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. 2016 സെപ്റ്റംബറിലാണ് ശകുന്തളയെ കാണാതായത്. ഇതിന് പിന്നാലെ ഇവർക്കായി തിരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളത്തിന് സമീപത്ത് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റിട്ട് വച്ച നിലയിൽ മൃതദേഹം കണ്ടതോടെ ഇത് ആരുടേതാണെന്ന തിരച്ചിൽ തുടങ്ങി. കൈകാലുകൾ കൂട്ടിക്കെട്ടി തലകീഴായി വീപ്പയ്ക്കുള്ളിൽ ഇട്ട നിലയിൽ ആണ് മൃതദേഹം കണ്ടത്. മൃതദേഹ
കൊച്ചി: മകളുമായി പിണങ്ങിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ശകുന്തള എന്ന വീട്ടമ്മയെ കൊന്ന് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്തത് ആര്? ഈയൊരു അന്വേഷണത്തിലാണ് പൊലീസ്. എന്തിനാണ് ശകുന്തള എന്ന സ്ത്രീയെ കൊലപ്പെടുത്തിയതെന്നും ആരാണിത് ചെയ്തതെന്നും ഉള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇവരുടെ മകളുടെ പരിചയക്കാരൻ മരിച്ചതിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നു. ഈ ഏരൂർ സ്വദേശിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ ഘാതകനെ തേടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
2016 സെപ്റ്റംബറിലാണ് ശകുന്തളയെ കാണാതായത്. ഇതിന് പിന്നാലെ ഇവർക്കായി തിരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളത്തിന് സമീപത്ത് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റിട്ട് വച്ച നിലയിൽ മൃതദേഹം കണ്ടതോടെ ഇത് ആരുടേതാണെന്ന തിരച്ചിൽ തുടങ്ങി. കൈകാലുകൾ കൂട്ടിക്കെട്ടി തലകീഴായി വീപ്പയ്ക്കുള്ളിൽ ഇട്ട നിലയിൽ ആണ് മൃതദേഹം കണ്ടത്. മൃതദേഹം അടക്കംചെയ്ത വീപ്പയിൽ നിന്ന് അഞ്ഞൂറിന്റേയും നൂറിന്റേയും നോട്ടുകൾ ലഭിച്ചു. അസ്ഥികൂടത്തിന്റെ ഒരു കാൽ നേരത്തേ ഒടിഞ്ഞതാണെന്നും കണ്ടെത്തി. ഇതിൽ ശസ്ത്രക്രിയ നടത്തി ഘടിപ്പിച്ച പിരിയാണിയുടെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് നടന്ന അന്വേഷണം.
ചെളിയിൽ ചവിട്ടിത്താഴ്‌ത്തിയ നിലയിലായിരുന്ന വീപ്പയിൽനിന്ന് മാസങ്ങളോളം നെയ് ഉയർന്നു ജലോപരിതലത്തിൽ പരന്നിരുന്നതായി മൽസ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ദുർഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുൻപാണ് ചെളിയിൽ പുതഞ്ഞ നിലയിൽ ഇതു കണ്ടത്. എന്നാൽ, അന്ന് വീപ്പയിൽ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാൽ വിട്ടുകളയുകയായിരുന്നു.
രണ്ടു മാസം മുൻപ് ഇത് കരയിൽ ഇട്ടു. കരയിൽ മതിൽ പണിതപ്പോൾ കായലിൽനിന്ന് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയിൽ എത്തിച്ചത്. ഉള്ളിൽ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാർ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതിനു ശേഷമാണ് നെട്ടൂരിൽ കായലോരത്ത് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്. മൃതദേഹം ജലോപരിതലത്തിൽ ഉയർന്നു വരാതിരിക്കാൻ ചാക്കിൽ ഉണ്ടായിരുന്ന മതിലിന്റെ അവശിഷ്ടം പോലെ തോന്നിക്കുന്നതാണ് വീപ്പയിലും കണ്ടത്.
കുമ്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്. വസ്ത്രാവശിഷ്ടങ്ങളിൽനിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കമ്പിയിട്ടിരുന്നു. ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിൽ കാലിൽ സ്റ്റീൽ കമ്പിയിട്ട ആറുപേരെപ്പറ്റി വിവരം ലഭിച്ചു. ഇതിൽ അഞ്ചുപേരെ പൊലീസിന് കണ്ടെത്താനായതോടെ ആറാമത്തെയാളായ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടെ വിവരങ്ങളും പൊലീസ് അന്വേഷിച്ചു. ഇവർ 2016ൽ കാണാതായെന്നും മുംബൈയ്ക്ക പോയെന്നും മറ്റുമുള്ള വിവരങ്ങളാണ് പ്രചരിച്ചിരുന്നത്. ഇതോടെ മുംബൈയിൽ അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു എന്നാൽ വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടെ ഇവർ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. വർഷങ്ങൾക്കു മുമ്പ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞശേഷം ഇവർ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. ശകുന്തളയുടെ മകൾ അശ്വതിയുടെ ഡിഎൻഎയും അസ്ഥികൂടത്തിന്റെ ഡിഎൻഎയുമായി പൊരുത്തമുണ്ടെന്നു സ്ഥിരീകരണം എത്തിയതോടെ ശകുന്തളതന്നെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു.
ശകുന്തളയുടെ കൈയിൽ ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസ് കരുതുന്നത്. വീപ്പയ്ക്കകത്തു നിന്ന് മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടുകളും കണ്ടെത്തിയിരുന്നു.ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളില് കണ്ടെത്തിയ ദിവസത്തിന്റെ പിറ്റേന്ന് മകളുടെ സുഹൃത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
ഈ മരണവും ശകുന്തളയുടെ കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശകുന്തളയുടെ മകനായ പ്രമോദിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. മുമ്പ് മകനുണ്ടായ ബൈക്ക് അപകടത്തെ തുടര്ന്ന് ലഭിച്ച ഇൻഷ്വറൻസ് തുകയായ 5 ലക്ഷം ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു. ഈ പണത്തിന് വേണ്ടിയാണോ കൊല നടന്നതെന്നതും മൃതദേഹം ഒളിപ്പിക്കാൻ ഇത്ര സമർത്ഥമായി പ്ദ്ധതിയിട്ടത് എന്തിനെന്നും എല്ലാം അന്വേഷിക്കുകയാണ് പൊലീസ്.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച എരൂർ സ്വദേശിയെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണു പൊലീസിന്റെ അന്വേഷണമെന്നാണു വിവരം. ഇയാളുടെ മൊബൈൽഫോണും കാറും പൊലീസിന്റെ കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് സ്ഥിരീകരണം പൊലീസ് നൽകിയിട്ടില്ല.