- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കോവിഡിന്റെ പേരിൽ ഒരു രാജ്യവും അപമാനിക്കപ്പെടില്ല; ഇന്ത്യയുടെ പരാതി കണക്കിലെടുത്ത് എല്ലാ വകഭേദങ്ങൾക്കും വിളിപ്പേരു നൽകി ലോകാരോഗ്യ സംഘടന; ഇന്ത്യൻ വകഭേദം 'ഡെൽറ്റ' എന്നറിയപ്പെടുമ്പോൾ കെന്റ് വകഭേദം 'ആൽഫ'യെന്നും ദക്ഷിണാഫ്രിക്കൻ വകഭേദം 'ബീറ്റ' യെന്നും അറിയപ്പെടും
ന്യൂഡൽഹി: കൊറോണ വൈറസ് ലോകത്ത് പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന്റെ പേരിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പട്ടെത് ചൈനയായിരുന്നു. അന്ന് ചൈനീസ് വൈറസ് എന്ന് പറഞ്ഞ് അന്നത്തെ യുഎസ് പ്രസിഡന്റ് ട്രംപ് തന്നെയാണ് ഈ കളിയാക്കൽ തുടങ്ങിവെച്ചത്. പിന്നീട് വൈറസിന് വിവിധ ഘട്ടങ്ങളിൽ വകഭേദം ഉ്ണ്ടായതോടെ വിവിധ രാജ്യങ്ങളുടെ പേരിലും അറിയിപ്പെട്ടും. ഇന്ത്യയിൽ രണ്ടാംതരംഗം തുടങ്ങിവെച്ചത് കോവിഡ് വൈറസിന്റെ ഒരു വകഭേദമായിരുന്നു. ഈ വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന പേരിൽ ലോക മാധ്യമങ്ങളിൽ വന്നു തുടങ്ങിയപ്പോഴാണ് കേന്ദ്ര സർക്കാർ പരാതിയുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ പേരു ചേർത്ത് അപമാനിക്കരുതെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യം ഒടുവിൽ ലോകാരോഗ്യ സംഘടനയും അംഗീകരിക്കുകയാണ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ ബി.1.617നെ 'ഡെൽറ്റ വേരിയന്റ്' എന്നു പേരിട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കേന്ദ്ര സർക്കാരിന്റെ എതിർപ്പിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. വൈറസുകളോ വകഭേദങ്ങളോ കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകൾ ഉപയോഗിച്ചു തിരിച്ചറിയപ്പെടാൻ പാടില്ലെന്നു ഡബ്ല്യുഎച്ച്ഒ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേരും വൈറസിന് എത്തിയത്.
ഗ്രീക്ക് ആൽഫബെറ്റുകൾ ഉപയോഗിച്ചാണ് മറ്റു വകഭേദങ്ങൾക്കും പേരു നൽകിയിരിക്കുന്നത്. 2020ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയത്. ബി ഡോട്ട് ഒന്ന് ഡോട്ട് അറുനൂറ്റി പതിനേഴ് വൈറസ് വകഭേദത്തെ റിപ്പോർട്ടുകളിലെവിടെയും ഇന്ത്യൻ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കി.
44 രാജ്യങ്ങളിൽ ബി.1.617 വകഭേദം ഭീഷണിയയുർത്തുന്നതിൽ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു.
ഡെൽറ്റ വൈറസ് അതിവേഗം പകരുമെങ്കിലും ഈ വകഭേദത്തിന്റെ രോഗതീവ്രതയും അണുബാധയ്ക്കുള്ള സാധ്യതയും അന്വേഷണ ഘട്ടത്തിലാണ്. സാർസ്കോവ്2 വൈറസിന്റെ ജനിതക രേഖകളുടെ പേരിടുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിലവിലെ സംവിധാനങ്ങൾ തുടരും. ആൽഫ, ബീറ്റ, ഗാമ തുടങ്ങിയ പേരുകൾ സാധാരണക്കാർക്കും വൈറസ് വകഭേദങ്ങളെ തിരിച്ചറിയാനും ചർച്ച ചെയ്യാനും എളുപ്പവും പ്രായോഗികവുമാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ വകഭേദത്തിന് ആൽഫ വകഭേദമെന്നും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിന് ബീറ്റ എന്നുമാണ് ലോകാരോഗ്യ സംഘടന പേരു നൽകിയിരിക്കുന്നത്. ബ്രസീലിൽ കണ്ടെത്തിയ വകഭേദത്തിന് ഗാമ എന്നാണ് പേരു നൽകിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്