- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് തിരിച്ചടി; കോവാക്സിനുള്ള ഡബ്ല്യു എച്ച് ഒ അംഗീകാരം ഇനിയും വൈകും; വാകസിനെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്ന് ലോകാരോഗ്യ സംഘടന; നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത് കൂടുതൽ സാങ്കേതിക വിവരങ്ങൾ
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി ഇനിയും കാത്തിരിക്കണം. നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് നിർമ്മാണത്തെക്കുറിച്ചുള്ള കൂടുതൽ സാങ്കേതിക കാര്യങ്ങൾ ആരാഞ്ഞിരിക്കുകയാണ് ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാൽ കോവാക്സിൻ വിവിധ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അനുമതി ഇനിയും നീളുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.
കോവാക്സിന് ഡബ്ല്യൂഎച്ച്ഒയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി കോവാക്സിന് ഉടൻ ലഭിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറാണ് കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കോവാക്സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്ന് വാക്സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ചെയർമാൻ ഡോ. വി.കെ പോളും പറഞ്ഞിരുന്നു.അതിനിടെയാണ് കൂടുതൽ വിവരങ്ങൾ ലോകാരോഗ്യ സംഘടന ആരാഞ്ഞിട്ടുള്ളത്.
അംഗീകാരം ലഭിക്കുന്നതകിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. മൂന്നാംഘട്ടപരീക്ഷണത്തിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്.ഭാരത് ബയോടെകും ഐ.സി.എം.ആറും ചേർന്നാണ് കോവാക്സിൻ നിർമ്മിക്കുന്നത്. നിലവിൽ കോവാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തതുകൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നല്ല.
വാക്സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തിൽ ഭാരത് ബയോടെക് ഡബ്ല്യു.എച്ച്.ഒയ്ക്ക് അപേക്ഷ നൽകിയിരുന്നു. അടിയന്തര ഉപയോഗങ്ങൾക്ക് വേണ്ടി അനുമതി നൽകണമെന്നായിരുന്നു ആവശ്യം.ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനുകളിൽ കോവിഷീൽഡ് മാത്രമാണ് നിലവിൽ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച വാക്സിൻ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിക്കുന്നത്.
കോവാക്സിനും കോവിഷീൽഡും വാക്സിനേഷൻ യജ്ഞത്തിന്റെ തുടക്കം മുതൽ രാജ്യത്തെ ജനങ്ങൾക്ക് കുത്തിവെക്കുന്നുണ്ട്. റഷ്യൻ നിർമ്മിത സ്ഫുട്നിക് പിന്നീടാണ് രാജ്യത്ത് ജനങ്ങൾക്ക് കുത്തിവച്ചു തുടങ്ങിയത്.ഫൈസർ ബയോൺടെക്, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ, സിനോഫാം എന്നീ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നൽകിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ