ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ചത് സുഷമ സ്വരാജാണെന്ന് വ്യക്തമായതോടെ വിവാദം മുറുകവേ വിഷയത്തിൽ പ്രതിരിച്ച് ലളിത് മോദി രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ മാദ്ധ്യമ ഭീമൻ റൂപർട്ട് മർഡോക്ക് ആണെന്ന വെളിപ്പെടുത്തലുമായാണ് ലളിത് മോദി രംഗത്തെത്തിയത്. മർഡോക്ക് പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യാ ടുഡെ ചാനലിൽ രാജ്ദ്വീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഇമെയിലുകൾ ചോർത്തിയത് മർഡോക്കാണ്. സ്വകാര്യ ഇമെയിലുകൾ പ്രസിദ്ധീകരിച്ച സൺഡേ ടൈംസ് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. മർഡോക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഗ്രൂപ്പിനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഉണ്ടായിരുന്നത്. എന്നാൽ ഐ.പി.എൽ സംപ്രേഷണവകാശം താൻ സോണി ചാനലിന് നൽകി. ഇതിലുള്ള പ്രതികാരമാണ് മർഡോക്ക് നടത്തുന്നതെന്നും മോദി ആരോപിച്ചു.

മുൻ ധനമന്ത്രി പി. ചിദംബരം തന്നെ നാടുകടത്താനായി പ്രവർത്തിച്ചു. തന്റൈ കാര്യത്തിൽ യു.പി.എ സർക്കാർ യു.കെ അധികാരികളുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നു. തന്നെ താമസിപ്പിക്കുന്ന കാര്യത്തിലായിരുന്നു ഇത്. അമേരിക്കയുമായും ഇക്കാര്യത്തിൽ യു.പി.എ സർക്കാർ ധാരണയുണ്ടാക്കിയിരുന്നു. തനിക്കെതിരെ തെളിവു ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അഭിമുഖത്തിൽ മോദി വെല്ലുവിളിച്ചു.

കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ കുടുംബവുമായി 20 വർഷത്തെ അടുപ്പമുള്ളതായി മോദി വ്യക്തമാക്കിയിരുന്നു. സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ തന്റെ അഭിഭാഷനായി പ്രവർത്തിച്ചിട്ടുണ്ട്. എൻ.സി.പി നേതാക്കളായ ശരത് പവാറും പ്രഫുൽ പട്ടേലും സഹായിച്ചതായും മോദി വെളിപ്പെടുത്തിയിരുന്നു. ഭാര്യയുടെ ചികിത്സാ സമയത്ത് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ഒപ്പമുണ്ടായിരുന്നു. യു.കെ യാത്രാരേഖകൾക്കായി തന്നെ പിന്തുണച്ച് വസുന്ധര രാജെ കത്തയച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം ലളിത് മോദി വിഷയത്തിൽ പ്രതിരോധത്തിലായ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് ഇന്ന് രംഗത്തെത്തി. യു.പി.എ ഭരണകാലത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ലളിത് മോദി പ്രതികരിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. നിയമാനുസൃതമായ പാസ്‌പോർട്ട് പോലുമില്ലാതെയാണ് ലളിത് മോദി ബ്രിട്ടനിൽ കഴിയുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് തന്നെ അറിയിച്ചിരുന്നു.

ലളിത് മോദിക്ക് യാത്രാരേഖകൾ കിട്ടാൻ സുഷമ സ്വരാജ് നടത്തിയ ഇടപെടലുകൾ ഏറെ ദുരൂഹമാണെന്നും ചിദംബരം പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യൻ പൗരനായ ലളിത് മോദിക്ക് ഇന്ത്യക്കാരൻ എന്ന നിലയിൽ യാത്രാരേഖകളില്ലെങ്കിലും ബ്രിട്ടീഷ് രേഖകൾ വേണമെന്ന് സുഷുമ സ്വരാജ് കരുതിയത്. ഇത് വളരെ ഗുരുതരമാണ്. മാനുഷിക പരിഗണന വച്ചാണ് സഹായിച്ചതെന്നാണ് സുഷമ പറയുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരിട്ട് കത്തയച്ച് ഇക്കാര്യം അവർ ആവശ്യപ്പെടാതിരുന്നതെന്നും ചിദംബരം ചോദിച്ചു.