'മമ്മുട്ടിയെക്കുറിച്ച് ഇനി അധികം പൊക്കി എഴുതേണ്ടിവരില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങളൊക്കെ ഊതിവീർപ്പിച്ച മെഗാ സ്റ്റാർ കൊല്ലപ്പെടും.' ചെന്നൈയിൽ താജ്‌ഹോട്ടലിൽ താമസിക്കവെ പല്ലിശ്ശേരിയെ ഫോൺ ചെയ്ത് ഞെട്ടിച്ച് ഒരു അപരിചിതന്റെ മുന്നറിയിപ്പ്. പിറ്റേന്ന് കൊച്ചിൻഹനീഫ പല്ലിശ്ശേരിയെ വിളിക്കുന്നു. ഒരാൾ എന്നെ വിളിച്ചിരുന്നു. മമ്മുട്ടിയെ കൊല്ലുമെന്നാണ് ഭീഷണി. വർഷങ്ങൾക്കു മുമ്പ് വന്ന ഭീഷണികളുടെ പിന്നിലെ കഥകൾ പല്ലിശ്ശേരി സിനിമാമംഗളത്തിലെ തന്റെ കോളത്തിലൂടെ തുറന്നുപറയുന്നു.

പല്ലിശ്ശേരിക്ക് വിളി വന്നത് ഏപ്രിൽ ഒന്നിനാണ്. മമ്മുട്ടിയെ കൊല്ലുമെന്നുപറഞ്ഞ അജ്ഞാതനോട് എന്നെ ഫൂളാക്കാൻ വിളിച്ചതാണല്ലേ എന്ന് പല്ലിശ്ശേരി പറഞ്ഞെങ്കിലും എന്നാൽ നാളെ ഏപ്രിൽ രണ്ടല്ലേ, നാളെവിളിച്ചാൽ വിശ്വസിക്കുമല്ലോ എന്നായിരുന്നു മറുപടി. മമ്മുട്ടിയെ വധിക്കുന്നത് എന്തിനെന്നു ചോദിച്ചപ്പോൾ അക്കാര്യം തനിക്കറിയില്ലെന്നും ഇക്കാര്യം അറിയിക്കുകമാത്രമാണെന്നും അജ്ഞാതൻ പറഞ്ഞു. മമ്മുട്ടിയോട് സ്ഥിരം സംവിധായകർക്കും നിർമ്മാതാക്കൾക്കുമല്ലാതെ ഡേറ്റ് കൊടുക്കാൻ പറയണമെന്നായിരുന്നു ആവശ്യം. മിനിറ്റുകൾക്കകം വീണ്ടുംവിളിച്ച് ഭീഷണി ആവർത്തിച്ചു.

'മമ്മുട്ടിയോട് പറഞ്ഞേക്കണം. രണ്ടുദിവസം കഴിഞ്ഞ് അഡ്വാൻസുമാിയ ഒരു ഗൾഫുകാരൻ വരും. അയാൾക്ക് ഡേറ്റ് കൊടുക്കണം. ഇല്ലെങ്കിൽ കാര്യം പോക്കാ'. വിളിച്ചു കാര്യം പറഞ്ഞ പല്ലിശ്ശേരിയോട് ഉറക്കെച്ചിരിക്ക് മമ്മുട്ടി പറഞ്ഞു. ഡേറ്റു കൊടുക്കാത്ത ദേഷ്യമായിരിക്കും. ഗൾഫുകാരൻ വരട്ടെ.. നോക്കാം.

പിറ്റേന്നാണ് കൊച്ചിൻ ഹനീഫയെ വിളിച്ച് മമ്മുട്ടിയെ വധിക്കുമെന്ന് തമിഴിൽ ഭീഷണിയെത്തുന്നത്. മമ്മുട്ടി തമിഴ് സിനിമയിൽ അഭിനയിക്കരുതെന്നും അതിനിവിടെ മറ്റു നടന്മാരുണ്ടെന്നുമായിരുന്നു ഭീഷണി. സംഭവം സീരിയസാണെന്നും മമ്മുട്ടിയോട് ഒന്ന് കരുതിയിരിക്കാൻ പറയണമെന്നും കൊച്ചിൻ ഹനീഫയും പല്ലിശ്ശേരിയും തീരുമാനിക്കുന്നു. എവി എം സ്റ്റുഡിയോയിൽ അഭിനയിച്ചുകൊണ്ടിരുന്ന മമ്മുട്ടിയെ കാണാൻ ഇരുവരും ഓടിച്ചെന്നു. പ്രിയദർശനും സുരേഷ്‌കുമാറിനുമൊപ്പം ഇരുന്ന് തമാശപറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് മമ്മുട്ടി. ഇരുവരേയും കണ്ടയുടൻ മമ്മുട്ടി പറഞ്ഞു. ഞാൻ പറഞ്ഞില്ലേ.. രണ്ടുപേരും ഓടിവരുമെന്ന്. ഇപ്പോൾ മനസ്സിലായില്ലേ.. ഇരുവർക്കും എന്നോട് സ്‌നേഹമുണ്ടെന്ന്.

ഒരു കാര്യം പറയാനുണ്ടെന്ന് മമ്മുട്ടിയോട് സ്വരംതാഴ്‌ത്തി കൊച്ചിൻ ഹനീഫ. ഉടനെ മറുചോദ്യം. എന്നെ വധിക്കുമെന്ന് ആരോ ഭീഷണിപ്പെടുത്തിയതല്ലേ, ഇക്കാര്യം ഇന്നലെ ഞാനറിഞ്ഞു. അങ്ങനെ ഇതൊന്നും നിസ്സാരമായി കാണരുതെന്നും തമിഴിൽ സംസാരിച്ചവൻ ഗുണ്ടയായിരിക്കുമെന്നും ഹനീഫ പറഞ്ഞതോടെ മമ്മുട്ടിക്ക് ചിരിയടക്കാനായില്ല. കേട്ടിരുന്ന സുരേഷും പ്രിയനും പൊട്ടിച്ചിരിക്കുന്നു. മൂന്നുപേരും ചേർന്ന് പഌൻചെയ്ത ഒരു വധശ്രമ നാടകത്തിലെ കഥാപാത്രങ്ങളായിരുന്നു ഹനീഫയും പല്ലിശ്ശേരിയും. വിശ്വാസംവരാതെ ഹനീഫ നിൽക്കുമ്പോൾ മമ്മുട്ടി വീണ്ടും പറഞ്ഞു. ഇല്ല.. ഞങ്ങൾ പഌൻചെയ്തതു തന്നെയാണ്. ഒരു രസം... നമ്മളെ ആരൊക്കെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കണമല്ലോ...?