- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അടികമളെ ഭോഗിക്കുന്നതും വിൽക്കുന്നതും ഇസ്ലാമികമാണെന്ന് വ്യാഖ്യാനിച്ച മത പ്രൊഫസർ; നരകതുല്യമാക്കിയത് ആയിരക്കണക്കിന് യസീദി സ്ത്രീകളുടെ ജീവിതം; കീഴടങ്ങിയവരെ വെടിവെക്കാതെ തലവെട്ടണമെന്നും ഫത്വ; യു.എസ് കൊലപ്പെടുത്തിയ ഐസിസ് തലവൻ അൽ ഖുറേഷി കൊടുംക്രൂരൻ!
നിരന്തരമായി ക്രൂരത ചെയത് കൂട്ടുമ്പോൾ ഏത് സംഘടനക്കും കുറേക്കഴിയുമ്പോൾ മടുപ്പും വെറുപ്പും തോന്നും. അങ്ങനെയാണ് പ്രാക്തന ഗോത്രവിഭാഗമായ യസീദികളുടെ കാര്യത്തിൽ ഒരിക്കൽ ഐസിസ് എന്ന ലോകം കണ്ട എറ്റവും ക്രൂരന്മ്മാരായ ഭീകരസംഘടനക്കും വീണ്ടുവിചാരം ഉണ്ടായത്. യസീദി സ്ത്രീകളെ അടിമകളാക്കി ഭോഗിക്കുകയും, ആവശ്യത്തിന് ഉപയോഗിച്ച് മടുത്തുകഴിഞ്ഞാൽ അടിമച്ചന്തയിൽ കൊണ്ടുപോയി ലേലം ചെയ്ത് വിറ്റ് പണം ഉണ്ടാക്കുകയുമാണ്, സമാധാനത്തിന്റെ മതമെന്ന് പറയുന്ന ഇസ്ലാമിന്റെ രാജ്യം നടപ്പാക്കാനായി ഐസിസ് ചെയ്തുകൊണ്ടിരുന്നത്. ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷമായ യസീദികളുടെ കണ്ണീർ അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടാവുകയും, അവർ ലോകത്തിന്റെ നൊമ്പരമാവുകയും, ചെയ്തത് നിരവധി തവണയാണ്.
അങ്ങനെയാണ് യസീദി സ്ത്രീകളോട് ചെയ്യുന്ന ഈ ക്രൂരത നിർത്തിവെക്കണമെന്ന് ഐഎസിന് അകത്തുനിന്ന് ഒരു ചിന്ത വന്നത്. മാത്രമല്ല അബൂബക്കർ അൽ ബാഗ്ദാദിയെന്ന ശക്തനായ നേതാവിന്റെ മരണത്തോടെ സംഘടന പാപ്പരായിപ്പോയി. സിറിയയിൽപ്പോലും കനത്ത തിരിച്ചടി നേരിട്ടു. ഗൾഫ് രാജ്യങ്ങൾ പൂർണ്ണമായും കൈയൊഴിഞ്ഞതോടെ തുർക്കിപോലുള്ള ഏതാനും രാജ്യങ്ങളിൽനിന്ന് മാത്രമായി ഫണ്ടുവരവ്. അതോടെയാണ് ഈ പുനർ വിചിന്തനം വരുന്നത്.
അപ്പോൾ ബാഗ്ദാദിക്ക് ശേഷം പുതിയ തലവനായി സ്ഥാനമേറ്റ അബു ഇബ്രാഹിം അൽ ഹാഷ്മി അൽ ഖുറേഷിയാണ് ഇക്കാര്യത്തിൽ അന്തിമ അഭിപ്രായം പറയേണ്ടത്. നേരത്തെ അൽഖായിദയിൽ പ്രവർത്തിക്കമ്പോൾ ആ സംഘടനയുടെ കമ്മീഷണറും ജനറൽ ശരിയത്ത് ജഡ്ജിയും ആയിരുന്ന അൽ ഖുറേഷി മതകാര്യങ്ങളിൽ വിദഗ്ധനാണ്. അതുകൊണ്ട് ബാഗ്ദാദിയുടെ കാലത്തുതന്നെ ദ പ്രൊഫസർ എന്നായിരുന്നു അയാൾ അറിയപ്പെട്ടിരുന്നത്. തന്റെ മത പരിശോധനക്ക് ശേഷം അൽ ഖുറേഷ് വിധിയെഴുതിയത് യസീദികൾ ബഹുദൈവ ആരാധകരും, ഇസ്ലാമിന്റെ ശത്രുക്കളുമാണെന്നാണ്! അതുകൊണ്ടുതന്നെ അവർ അടിമകളാണ്. അടിമയെ യജമാനന് ഭോഗിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഇസ്ലാമിക നിയമം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ തീർപ്പ്. അവശേഷിക്കുന്ന യസീദികളുടെ കാര്യത്തിലും അതോടെ തീരുമാനമായി.
അതുപോലെ ഐഎസിനായി ഡെത്ത്കോഡ് ഉണ്ടാക്കിയതും ഇദ്ദേഹമാണ്. അതായത് ഒരു ശത്രുവിനെ കിട്ടിയാൽ എങ്ങനെ കൊല്ലണമെന്നുള്ളതാണ് ഡെത്ത് കോഡ്. തോക്ക് കൈയിലുണ്ടെങ്കിലും, കീഴടങ്ങിയ പ്രതിയെ വെടിവെച്ച് കൊല്ലരുതെന്നാണ് അൽ ഖുറേഷിയുടെ നിയമം. പകരം തലവെട്ടുക തന്നെ വേണം! ഈ രീതിയിൽ ക്രൂരതകളിൽ ഡോക്ടറേറ്റ് എടുത്ത അബു ഇബ്രാഹിം അൽ ഹാഷ്മി അൽ ഖുറേഷി എന്ന ഐഎസ് തലവനാണ് കഴിഞ്ഞ ദിവസം യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തലക്ക് 10 മില്ല്യൺ ഡോളർ വിലയുള്ള ഭീകരൻ
അൽ ഖുറേഷിയെ സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരിട്ടാണ് കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചത്. 'നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മൾ ഐഎസിന്റെ തലവൻ അബു ഇബ്രാഹിം അൽഹാഷ്മി അൽ ഖുറേഷിയെ വധിച്ചു,'' ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
2020ൽ, പുതിയ ഐസിസ് നേതാവിന്റെ തലയ്ക്കുള്ള പാരിതോഷികമായി അമേരിക്ക 10 മില്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു. അപ്പോഴൊന്നും അൽഖുറൈഷി പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല. മാത്രമല്ല തന്റെ മുൻ മേധാവികളിൽ നിന്നും വ്യത്യസ്തമായി ഓഡിയോ റെക്കോർഡുകളും വീഡിയോ ക്ലിപ്പുകളും വളരെ അപൂർവ്വമായി മാത്രമാണ് ഇയാൾ പുറത്ത് വിട്ടത്. പുറം ലോകത്ത് അപ്രശസ്തനായിരുന്ന അൽ ഖുറേഷിയുടെ സംഘടനയിൽ വലിയ ശക്തിയായിരുന്നു.
2019 ഒക്ടോബർ 31നാണ് അൽ ഖുറേഷി ഭീകരസംഘടനയുടെ തലപ്പത്തെത്തിയത്. ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ യുഎസ് വധിച്ചതിനു പിന്നാലെയായിരുന്നു ഇത്. ബാഗ്ദാദി മരിച്ച അതേരീതിയിലായിരുന്നു ഖുറേഷിയും കൊല്ലപ്പെട്ടതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുഎസ് സൈന്യം എത്തിയപ്പോൾ കുടുംബത്തോടൊപ്പം ഭീകര സംഘടനാ തലവൻ ബോംബുപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ വടക്കുപടിഞ്ഞാറൻ സിറിയയിൽ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗൺ അറിയിച്ചു. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.യുഎസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. 2019ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇത്.
സിറിയയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തി ശക്തി പ്രാപിക്കാൻ ഐഎസ് ശ്രമിക്കുന്നതിനിടെയാണ് അവരുടെ തലവനെ തന്നെ യുഎസ് വകവരുത്തിയത്. പ്രദേശത്തെ ഒരു ജയിൽ പിടിച്ചെടുക്കുന്നതിന് ഐഎസ് ഭീകരർ പത്തു ദിവസത്തോളം പോരാടിയിരുന്നു. ഹെലികോപ്റ്ററിലെത്തിയ യുഎസ് സൈന്യം വീട് ആക്രമിക്കുകയായിരുന്നെന്നും രണ്ടു മണിക്കൂറോളം ഭീകരരുമായി പോരാടിയതായും ദൃക് സാക്ഷി വാർത്താ ഏജൻസിയോടു പറഞ്ഞു. തുർക്കി അതിർത്തിയോടു ചേർന്ന അത്മെ നഗരത്തിലാണ് യുഎസ് സൈനിക നീക്കമുണ്ടായത്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ക്യാംപുകളുള്ള പ്രദേശമാണിത്.
ആദ്യം അമേരിക്കൻ ചാരൻ, പിന്നെ അൽഖാദയിൽ
ഇറാഖിലെ സുന്നി ഭൂരിപക്ഷ പട്ടണമായ താൽ അഫറിലാണ് അൽ ഖുറേഷി ജനിച്ചത് എന്നാണ് പറയുന്നത്. ആദ്യം ഇയാൾ സദ്ദാമിന്റെ സൈന്യത്തിലായിരുന്നുവെന്നാണ് ബിബിസി പറയുന്നത്. എന്നാൽ ഖുറേഷി വൈകാതെ സദ്ദാമിനെതിരെ തിരിഞ്ഞു. സദ്ദാം ജീവിച്ചിരുന്നാൽ ഇറാഖിൽ ആധിപത്യം നേടുക എന്ന തങ്ങളുടെ ആഗ്രഹം നടക്കിലെന്ന് അയാൾക്ക് അറിയാമായിരുന്നു. അങ്ങനെ ഖുറേഷി അമേരിക്കയുമായി ബന്ധപ്പെട്ടു. സദ്ദാമിന്റെ സൈന്യത്തിൽ നിന്നുകൊണ്ടുതന്നെ അമേരിക്കൻ ചാരനായി. എന്നാൽ, പിന്നീട് അമേരിക്കയുമായി തെറ്റി. അങ്ങനെയാണ് അൽഖായിദയിൽ എത്തുന്ന്. അൽഖായിദയുടെ കമ്മീഷണറും ജനറൽ ശരിയത്ത് ജഡ്ജിയും അൽ ഖുറേഷിയായിരുന്നു. അന്നാണ് അയാൾ ഡെത്ത് കോഡുകൾ സൃഷ്്ടിച്ചെടുത്തത്.
മൊസൂളിലെ അൽഇമാം അൽ അദം കോളേജ് കാമ്പസിൽ ജഡ്ജിമാരെയും പുരോഹിതന്മാരെയും മതനിയമങ്ങൾ പരിശീലിപ്പിക്കുന്നതിനായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ അൽ ഖുറൈഷിയെയാണ് അൽഖായിദ ചുമതലപ്പെടുത്തിയത്. അവിടെ നിന്നാകാം അൽ ഖുറേഷിക്ക് 'ദി പ്രൊഫസർ' എന്ന വിളിപ്പേര് വന്നതെന്ന് കരുതുന്നു. പിന്നീട് ആൽഖായിദയുടെ സിറിയൻ ശാഖയിൽ നിന്ന് പുതിയൊരു തീവ്രവാദ ഗ്രൂപ്പായി ഐഎസ്ഐഎസ് ഉയർന്നുവന്നപ്പോൾ, ഖുറേഷി അതിൽ ആകൃഷ്ടനായി.
2003ൽ യുഎസിന്റെ ഇറാഖ് അധിനിവേശ കാലത്ത് യുഎസ് അൽ ഖുറേഷിയെ ജയിലിൽ അടച്ചു. ഈ ജയിൽവാസക്കാലത്താണ് അൽ ഖുറേഷി ബാഗ്ദാദിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. വൈകാതെ അയാൾ ഈ ജയിലിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഐഎസ്ഐഎസിന്റെ പ്രസ് ഏജൻസിയായ അമാഖിന്റെ പ്രസ്താവന പ്രകാരം, 2019 ആഗസ്റ്റിൽ ഗ്രൂപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ ബാഗ്ദാദി അൽ ഖുറൈഷിയെ നിയമിച്ചു.
സഹ ഭീകരർ ഭയന്ന ഡിസ്ട്രോയർ
ബാഗ്ദാദിയുടെ അടുത്തയാളെന്ന നിലയിൽ ഖുറേഷി വളരെ പെട്ടെന്ന് സംഘടനയിൽ വളർന്നു. നേതാവിന് പറ്റിയ ക്രൂരൻ തന്നെയായിരുന്നു അദ്ദേഹവും. നേതൃത്വ ശൈലിയോട് വിയോജിക്കുന്ന സംഘടനയിലെ ആരെയും ഉന്മൂലനം ചെയ്യാൻ ഖുറേഷി തയ്യാറായി. ഇതോടെ 'ദി ഡിസ്ട്രോയർ' എന്നും ഇയാൾ അറിയപ്പെട്ടു. നേരിയ സംശയം ഉണ്ടെങ്കിൽ സഹ ഭീകരരെപ്പോലും കൊന്നുകളയുക എന്നതായിരുന്നു, ഇയാളുടെ ശൈലി. ഈ ബന്ധത്തിലൂടെയാണ് ഇയാൾ പുതിയ തീവ്രവാദ മത കോഡ് വളർത്തിയെടുത്തത്. അത് ഐഎസ്ഐഎസിന്റെ മരണ ആരാധനയ്ക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറ നൽകി. സിംഗപ്പൂരിലെ എസ്. രാജാർത്നം സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ഗവേഷകർ പറയുന്നതനുസരിച്ച്, നിയമനിർമ്മാണക്കാരനായും ഇയാൾ നിയമിതനായി. ശരീയത്ത് കർശനമാക്കുക, ശരിയ നിയമ ശിക്ഷകൾ നടപ്പിലാക്കുക എന്നീ കാര്യങ്ങളിൽ അയാൾ എന്നും ശക്തമായ നിലപാടെടുത്തു.
2014ൽ ഐഎസ്ഐഎസ് മൊസൂൾ കീഴടക്കിയപ്പോൾ അൽ ബാഗ്ദാദിയെ ഖുറേഷി മൊസൂളിലേക്ക് സ്വാഗതം ചെയ്തു. അൽനൂറിയിലെ ഗ്രേറ്റ് മസ്ജിദിന്റെ മിനാരത്തിൽ നിന്നാണ് ബാഗ്ദാദി ഐഎസിന്റെ ഖിലാഫത്ത് രൂപീകരണം പ്രഖ്യാപിച്ച് പ്രസംഗിച്ചത്. മൊസൂൾ പിടിച്ചടക്കുമ്പോൾ ഐസിസ് ആയിരക്കണക്കിന് യസീദി നിവാസികളെ കൊലപ്പെടുത്തുകയും യസീദി സ്ത്രീകളെ അടിമകളാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിക്രൂരമായ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിലും യസീദി സ്ത്രീകളെ അടിമകളാക്കുന്നതിലും ഐഎസിസ് നേതൃത്വത്തിനിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ ഖുറൈഷിയുടെ നിർബന്ധമാണ് ഇത്തരം കാര്യങ്ങൾ നടത്തുന്നതിലേക്ക് സംഘടനയെ എത്തിച്ചതെന്ന് ന്യൂസ് ലൈൻസ് മാഗസിൻ പറയുന്നു. അതിനുള്ള എല്ലാ മതവ്യാഖ്യനവും നടത്തിയത് ഇയാളാണ്.
അടുത്തിട സിറിയൻ ജയിൽ കീഴടക്കിയതിലും 2014 ൽ ഇറാഖിൽ യസീദികൾ കൂട്ടക്കൊല ചെയ്യപ്പെട്ടതിനും ഖുറേഷി നേരിട്ട് ഉത്തരവാദിയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, അൽ ഖുറേഷിയുടെ മരണം പ്രഖ്യാപിക്കവേ പറഞ്ഞു. 'വടക്കുകിഴക്കൻ സിറിയയിലെ ജയിലിൽ അടുത്തിടെ നടന്ന ക്രൂരമായ ആക്രമണത്തിന് അയാൾ ഉത്തരവാദിയായിരുന്നു. യസീദി ജനതയുടെ വംശഹത്യക്ക് പിന്നിലെ ചാലകശക്തിയും.' ബെഡൻ വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
'നമ്മൾ എല്ലാവരും ഓർക്കുന്നു, ഗ്രാമങ്ങളെ മുഴുവൻ തുടച്ചുനീക്കിയ കൂട്ടക്കൊലകൾ, ആയിരക്കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും അടിമത്തത്തിലേക്ക് വിറ്റത്, ബലാത്സംഗം യുദ്ധായുധമായി ഉപയോഗിച്ചത്.' ബെഡൻ കൂട്ടിച്ചേർത്തു.
വ്യഖ്യാനിച്ച് സാത്താൻ മതക്കാർ ആക്കിത് ഈ ക്രൂരൻ
യസീതികൾ സാത്താൻ മതക്കാരാണെന്ന വിശ്വാസം ഐഎസിലെ നേതാക്കൾക്കുപോലും മാറി വരുന്ന സമയത്താണ്, നമ്മുടെ പ്രൊഫസർ ഖൂറേഷി അവരെ പിശാചിന്റെ ആളുകളാക്കി വ്യാഖാനിച്ചത്. സത്യത്തിൽ ഇതിന് യാതൊരു അടിത്തറയുമില്ല.
യസീദികൾ എന്ന വാക്കിന് ദൈവത്തെ ആരാധിക്കുന്നവർ എന്നാണ് അർത്ഥം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏകദൈവവിശ്വാസികളായ ന്യൂനപക്ഷ ജനവിഭാഗമാണ് ഇവർ? യസീദി മതം പുരാതനമായ സോറാസ്ട്രിയാനികളും സൂഫികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ഷിയ-സൂഫി വിഭാഗങ്ങളുടെ സങ്കലനമാണ് യസീദികൾ എന്ന വാദവുമുണ്ട്. വർഷാന്തരങ്ങളിൽ ഇത് ഇസ്ലാം മതവും ക്രിസ്ത്യൻ മതവുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പകൽസമയത്ത് സൂര്യന് അഭിമുഖമായി മൂന്നു വട്ടം യസീദികൾ ദൈവത്തോട് പ്രാർത്ഥിക്കും. ഏഴ് മാലാഖകളെയാണ് യസീദികൾ ആരാധിക്കുന്നത്. മെലെക് തൗസ് എന്ന മയിൽ മാലാഖയാണ് ഇതിൽ പ്രധാനം.ഇസ്ലാം ഇവരെ എതിർക്കുന്നതിനു പ്രധാന കാരണവും മെലെക് തൗസ് ആരാധനയാണ്. മതസമുദായങ്ങളിൽ നിന്നും തീർത്തും വിഭിന്നമായ ഇവരുടെ രീതികൾ. പച്ചടിച്ചീര ഭക്ഷണമാക്കുന്നതും, നീല വസ്ത്രങ്ങൾ ധരിക്കുന്നതും പലപ്പോഴും സാത്താൻ വിശ്വാസികളായി ഇവരെ മുദ്രകുത്തപ്പെടുത്താൻ ഇടയാക്കുന്നു.
.കുർദ്ദിഷ് സംസ്‌കാരം പിന്തുടരുന്ന, അറബ് മുസ്ലീമിതര ജനവിഭാഗമായ ഇവർ ഇറാഖിലെ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന ജനതയാണ്. ലോകത്ത് ആകെയുള്ള 15 ലക്ഷം യസീദികളിൽ അഞ്ചര ലക്ഷം പേരും ഇറാഖിലാണ്. ഇറാക്ക്, ടർക്കി, സിറിയ എന്നിവിടങ്ങളിലാണ് കൂടുതൽ പേരും താമസിക്കുന്നത്. അർമീനിയ, ജോർജിയ, ഇറാൻ എന്നിവിടങ്ങളിൽ വലിയ സംഖ്യ യസീദികൾ വസിക്കുന്നുണ്ട്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ആയിരക്കണക്കിന് യസീദികളാണ് നാടുകടത്തപ്പെട്ടത്. അതു കഴിഞ്ഞതോടെ ഐഎസിന്റെ ഊഴമായി.നൂറുകണക്കിന് യസീദി സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഇസ്ലാമിക ജിഹാദികൾ തട്ടിക്കൊണ്ടുപോയത്. മരണമോ മതപരിവർത്തനമോ തിരഞ്ഞെടുക്കാൻ ഇവർ നിർബന്ധിതരാകുന്നു
നാടുകടത്തപ്പെട്ട യസീദികൾക്ക് ഏറ്റവുമധികം അഭയകേന്ദ്രമാകുന്ന രാജ്യം ജർമ്മനിയാണ്. ഏകദേശം നാൽപ്പതിനായിരത്തിലധികം യസീദികളാണ് ജർമ്മനിയിലുള്ളത്. ടർക്കിയിൽ നിന്നും ഇറാക്കിൽ നിന്നും വന്നവരാണിവരിൽ ഭൂരിപക്ഷവും. സ്വീഡനിൽ 4000 പേർ ഇന്ന് താമസമാക്കിയിട്ടുണ്ട്. നെതെർലാന്റ്, ബെൽജിയം, ഡെന്മാർക്ക്, ഫ്രാൻസ്, സ്വിറ്റ്‌സർലാന്റ്, യു. കെ., യു. എസ്., കാനഡ, ഓസ്‌ട്രേലിയ എന്നിവീടങ്ങളിൽ 5000ൽപ്പരം യസിദികൾ വസിക്കുന്നുണ്ട്. എങ്കിലും യസിദികൾ തങ്ങളുടെ മതവിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരുന്നുണ്ട്.സമാധാന നൊബേൽ പുരസ്‌കാരം നേടിയ യസീദി വംശജ നാദിയ മുറാദ് ഐഎസ് അടിമജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു യസീദികളുടെ സുരക്ഷയ്ക്കായി പോരാടിയാണു ലോകശ്രദ്ധ നേടിയത്.
യസീദികൾ ഐഎസിന്റെ വരുമാന മാർഗം
യസീദികളെ വിറ്റ് ലാഭമുണ്ടാക്കാമെന്ന് ബാഗ്ദാദിയെ പഠിപ്പിതും ഖുറേഷിയാണെന്ന് ആരോപണമുണ്ട്്. യസീദി പെൺകുട്ടികളെ ചന്തയിൽ വെച്ച് വിറ്റും, വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ലേലം ചെയ്ത് വിറ്റും ഐഎസ് കോടികൾ സമ്പാദിച്ചിരുന്നു. ഇങ്ങനെ പരസ്യമായി വിൽക്കുന്നുവെന്നതിന്റെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഐഎസിന്റെ തടവിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന നൂറുകണക്കിന് സ്ത്രീകളും തങ്ങളെ ലൈംഗിക അടിമകളാക്കിയതിന്റെയും വിറ്റതിന്റെയും വിവരങ്ങൾ കണ്ണീരോടെ ലോകത്തെ അറിയിച്ചിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളുടെ അധീനമേഖലകളിൽവെച്ച് പരസ്യമായി ലേലം ചെയ്തായിരുന്നു യസീദി സ്ത്രീകളെ ഇസ്ലാമിക ഭീകരർ വിറ്റിരുന്നത്. എന്നാൽ എഴു വർഷം മുമ്പ് ഇവർ വിൽപ്പന ഓൺലൈനിലേക്ക് മാറ്റി. മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിച്ച ഐഎസിന്റെ അറബി ഭാഷയിലുള്ള ഒരു പരസ്യം ഇങ്ങനെയായിരുന്നു.'കന്യകയും സുന്ദരിയുമായ പെൺകുട്ടി, 12 വയസ്സ്. വില 12,500 ഡോളർ. ഉടൻ തന്നെ വിൽക്കപ്പെടും'.
സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഇവരുടെ ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു
യുവതിയുടെ നഖം പറിച്ച് ആനന്ദിക്കുന്ന ബാഗ്ദാദി
യസീദി സ്ത്രീകളെ പീഡിപ്പിക്കുന്നതിൽ പ്രത്യേക ആനന്ദം കണ്ടെത്തിയ വ്യക്തിയായിരുന്നു, ഐസിസ് മുൻ തലവൻ ബാഗ്ദാദി. പിടിക്കപ്പെടുമ്പോൾ പൊട്ടിത്തെറിക്കാൻ അരയിൽ ബെൽറ്റ് ബോംബ് കെട്ടിയിയാണ്, അയാൾ സദാ നടന്നരുന്നത് എന്നാണ് ബാഗ്ദാദിയുടെ ലൈംഗിക അടിമയായ മുന്ന എന്ന യസീദി പെൺകുട്ടി വെളിപ്പെടുത്തിയത്.
ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നും അവൾ പറഞ്ഞിരുന്നു.''അയാൾ രാത്രിയിൽ മാത്രമായിരുന്നു വന്നിരുന്നത്. വലിയ ഷൂ ധരിക്കുകയും മുഖം മറയ്ക്കുകയും ചെയ്തിരുന്നു. എപ്പോഴും കുറഞ്ഞത് അഞ്ചു സെക്യൂരിറ്റികളെങ്കിലും ഒപ്പമുണ്ടായിരുന്നു. അവർ അയാളെ ഹാജി എന്നോ ഷെക്ക് എന്നോ ആയിരുന്നു വിളിച്ചിരുന്നത്.ആ സമയങ്ങളിൽ താൻ എന്തു ചോദിച്ചാലും സുരക്ഷാ കാരണങ്ങളാൽ ഒരിക്കലും അയാൾ മറുപടി പറഞ്ഞിരുന്നില്ല. യുവതികളുടെ നഖം പറിച്ച് ആനന്ദിക്കയായിരുന്നു അയാളുടെ രീതി''- ഐ.എസ് തടവറയിൽനിന്ന് രക്ഷപ്പെട്ട മുന്ന പറയുന്നു. 2018ൽ യസീദി പെൺകുട്ടിയെ ബാഗ്ദാദി മറ്റൊരാൾക്ക് കൈമാറി. അയാൾ പെൺകുട്ടിയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. അവിടെവെച്ച് രക്ഷപ്പെട്ട മുന്ന പിന്നെ ബ്രിട്ടനിൽ എത്തുകയായിരുന്നു.
ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു.
ഈ ക്രൂരതകൾക്കെല്ലാം ത്വാത്വിക അടിത്തറ ഒരുക്കിക്കൊടുത്തത് ഇപ്പോൾ കൊല്ലപ്പെട്ട ഖുറേഷിയുടെ മത സിദ്ധാന്തങ്ങളും പിശാച് വാദവുമാണ്. ഖുറേഷി തന്നെ നിരവധി യസീദി സ്ത്രീകളെ വെപ്പാട്ടികൾ ആയിവെച്ച വാർത്തയും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
ഖലീഫ തുർക്കിക്കാരനോ അറബിയോ?
ഐഎസ്ഐഎസിന്റെ 'ഖലീഫ' മുഹമ്മദ് നബിയുടെ പിൻഗാമി ആയിരിക്കണമെന്ന് നിർബന്ധമാണ്. എന്നാൽ അൽ ഖുറേഷി തുർക്കിയോ ആണോ അറബ് വംശജനാണോ എന്നതിനെ കുറിച്ച് ജയിലിലുണ്ടായിരുന്ന തീവ്രവാദികൾക്കിടയിൽ സംശയങ്ങളുണ്ടായിരുന്നു. 2020 വരെ, യുഎസിലെയും ഇറാഖിയിലെയും സൈനീക ഉദ്യോഗസ്ഥർ ഐഎസിന്റെ തലവനായ അൽ ഖുറേഷി ഒരു തുർക്ക്മാൻ ആണെന്ന് വിശ്വസിച്ചിരുന്നത്. അത് ഖുറേഷിയുടെ നേതൃത്വത്തെ പലപ്പോഴും ദുർബലപ്പെടുത്താൻ കാരണമായതായും പറയുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന റിപ്പോർട്ടുകളാണ് ഖുറേഷിയുടെ അറബ് ബന്ധം വ്യക്തമാക്കിയത്. എങ്കിലും അൽഖുറൈഷി തന്റെ അവസാന നാളുകൾ ചെലവഴിച്ചത് ഐഎസിനോട് ശത്രുത പുലർത്തുന്ന വിമത ഗ്രൂപ്പുകളുടെ പ്രദേശമായ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലായിരുന്നു.
സിറിയയിലെ ഇദ്‌ലിബ് മേഖലയിലെ അത്മേഹിലെ ഒരു ഇരുനില കെട്ടിടത്തിലായിരുന്നു അൽ ഖുറേഷി വാടകയ്ക്ക് താമസിച്ചിരുന്നത്. അമേരിക്കയുടെ അക്രമണത്തിനിടെ കൊല്ലപ്പെടുന്നതിന് മുമ്പ് കഴിഞ്ഞ പതിനൊന്ന് മാസമായി കുടുംബത്തോടൊപ്പം വളരെ സാധാരണമായ ജീവിതമാണ് അൽ ഖുറേഷി നയിച്ചിരുന്നതെന്ന് വീട്ടുടമസ്ഥൻ പറയുന്നു. അമേരിക്കൻ സൈന്യം വീട് വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ സ്വയം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അമേരിക്ക പറയുന്നത്.
അങ്ങനെ വാളെടുത്തവൻ വാളാൻ എന്ന് പറയുന്നപോലെ, തന്റെ നേതാവ് ബാഗ്ദാദിയെപ്പോലെ പൊട്ടിത്തെറിച്ച് അൽ ഖുറേഷിയും ഇല്ലാതായി.
വാ അൽക്കഷ്ണം: അതിനിടെ ഐഎസിനും അൽ ഖുറൈഷിക്കുമൊന്നു പഴയ ശക്തിയില്ലെന്നും, ബൈഡൻ ഭരണകൂടം തന്റെ ജനപ്രീതി കൂട്ടാൻ കുറെക്കാര്യങ്ങൾ പെരുപ്പിച്ചതാണെന്നും ഒരു വിഭാഗം പാശാചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്. അഫ്ഗാൻ അടക്കം വിവിധ ഇടങ്ങളിൽനിന്ന് അമേരിക്ക പിന്മാറുന്നെന്ന റിപ്പോർട്ടുകൾക്കിടെ, ആക്രമിക്കുന്ന ലോക പൊലീസിന്റെ പ്രതിഛായ തിരിച്ചെടുക്കാനുള്ള യുഎസ് തന്ത്രമാണിതെന്നും ആക്ഷേപമുണ്ട്.
റഫറൻസ്-
ന്യൂസ് ലെൻസ്- എ റിപ്പോർട്ട് ഓൺ അൽ ഖുറൈഷി.
ബി.ബി.സി റിപ്പോർട്ട്- ഹൗ യസീദീസ് സർവൈവ്
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ