ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസിൽ ബാംഗ്ലൂർ കോടതി ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം അവർക്ക് ഒഴിയേണ്ടി വരുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം സജീവമായി. ഇക്കാര്യത്തിൽ ജയലളിത തന്നെ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ തന്റെ പിൻഗാമായായി ആരെയാണ് തലൈവി മനസിൽ കണ്ടിട്ടുള്ളതെന്ന കാര്യം ഉറപ്പായിട്ടില്ല. എന്നാൽ സാധ്യതാ പട്ടികയിൽ മുൻകാല അനുഭവം വച്ച് പനീർശെൽവത്തിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

2001ൽ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് ഒ പനീർശെൽവമായിരുന്നു. ഇദ്ദേഹത്തിന് തന്നെയാണ് വീണ്ടും സാധ്യതകളുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് വർഷത്തോളമാണ് തമിഴ്‌നാട് സർക്കാറിന് ഇനി കാലാവധി ഉള്ളത്. പരിചയ സമ്പന്നനായ നേതാവെന്ന നിലയിൽ പനീർശെൽവത്തിന് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുമ്പോഴും തലൈവി ഒരു പുതുമുഖത്തെ ഉയർത്തിക്കൊണ്ടു വന്നേക്കാമെന്നും അറിയുന്നു.

തമിഴ്‌നാട് വനിതാ കമ്മീഷൻ ചെയർപേഴ്‌സനായ വിശാലാക്ഷി നെടുഞ്ചെഴിയാന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്. 2001ൽ പനീർശെൽവത്തെ മുഖ്യമന്ത്രിയാക്കിയത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ അപ്രസക്തനായിരുന്ന ശെൽവത്തെ അന്ന് തുണച്ചത് ജയലളിതയുമായുള്ള അടുപ്പമായിരുന്നു. 2002 ൽ ജയലളിത മുഖ്യമന്ത്രി സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതുവരെ പനീൽശെൽവം ജയയുടെ പാവ മുഖ്യമന്ത്രിയായി തുടരുകയാണ് ഉണ്ടായത്. എന്നാൽ അന്ന് പനീർശെൽവത്തിന് അവസരം നൽകിയതു പോലെ ജയലളിത പുതുമുഖത്തെ പരീക്ഷിക്കാൻ സാധ്യതയുമുണ്ട്.

ഇങ്ങനെ പുതുമുഖങ്ങളുടെ പട്ടികയിൽ വനിതാകമ്മീഷൻ ചെയർപേഴ്‌സൻ വിശാലാക്ഷി നെടുംചെഴിയാന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നു. ഒപ്പം സെന്തിൽ ബാലാജി, നൃത്തം വിശ്വനാഥൻ, നവനീത് കൃഷ്ണൻ എന്നിവരുടെ പേരും കേൾക്കുന്നുണ്ട്. എന്നാൽ നിലവിൽ ജയലളിത മന്ത്രിസഭയിലെ ധനമന്ത്രിയായ പനീർശെൽവത്തിന് തന്നെയാണ് കൂടുതൽ സാധ്യതകൾ. മുൻ ചീഫ് സെക്രട്ടറിയും ജയലളിതയുടെ വിശ്വസ്തയുമായ മലയാളി ഷീല ബാലകൃഷ്ണന്റെ പേരും ഊഹാപോഹങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.