കൊച്ചി: ഉഴവൂർ വിജയന്റെ മരണത്തിന് പിന്നാലെ പാർട്ടി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എൻ.സി.പി.യിൽ പൊട്ടിത്തെറി. ഉഴവൂർ മരിച്ച് ചിതയിലെ കനലടങ്ങും മുമ്പേയാണു എൻസിപിയിൽ അധികാര വടംവലി ആരംഭിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന ട്രഷറർ മാണി സി കാപ്പനെ പ്രസിഡന്റാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ എ.കെ ശശീന്ദ്രനെ ഉയർത്തിക്കാട്ടിയാണ് മറുവിഭാഗം രംഗത്തുള്ളത്.

അതേസമയം താൽക്കാലിക പ്രസിഡന്റായി വൈസ് പ്രസിഡന്റുമാരിൽ ഒരാളെ തീരുമാനിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. അതിനിടെ ഉഴവൂർ വിജയന്റെ മരണത്തിലേക്ക് നയിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ സമ്മർദ്ദം മൂലം ഉണ്ടായ മാനസിക വിഷമമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

മാണി സി കാപ്പനെ മുന്നിൽ നിർത്തി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനാണ് മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം. ഇതിനുള്ള കരുനീക്കങ്ങൾ ചാണ്ടി വിഭാഗം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇതിന് തടയിടാനുള്ള പതിനെട്ടടവും പുറത്തെടുക്കുകയാണ് മറുവിഭാഗം. പാർട്ടി വർക്കിങ് കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എ.കെ.ശശീന്ദ്രനെ പ്രസിഡന്റാക്കുന്നതിനോടാണ് ഇവർക്കു താൽപര്യം.

ടി.പി.പീതാംബരന്മാസ്റ്റർ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംസ്ഥാന പ്രസിഡന്റായത് ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാകും നിർണായകമാകുക. അതേസമയം നിലവിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം അത് പാർട്ടിയെ പിളർപ്പിലേയ്ക്ക് നയിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാകും ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾ.

പാർട്ടിയുടെ ഏതെങ്കിലും ഒരു വൈസ് പ്രസിഡന്റിന് താൽക്കാലിക ചുമതല നൽകിക്കൊണ്ടുള്ള നടപടിയാകും ഉടനുണ്ടാവുക. വൈസ് പ്രസിഡന്റ പി.കെ.രാജൻ മാസ്റ്ററെയാണ് താൽക്കാലിക പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ഇതിനിടെ ഉഴവൂർ വിജയന്റെ പെട്ടെന്നുണ്ടായ മരണം പാർട്ടിയിൽ വിവാദങ്ങൾക്കും തുടക്കമിട്ടു കഴിഞ്ഞു.

പാർട്ടിയിലെ ചില നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദം മൂലം ഉഴവൂർ വിജയന് കടുത്ത മനോവിഷമം ഉണ്ടായിരുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ പറയുന്നു. ആലപ്പുഴയിലെ ഒരു നേതാവ് ഉഴവൂർ വിജയനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു. തന്നോട് ആലോചിക്കാതെ വിജയൻ ഒരു വീട്ടിൽ ഗൃഹപ്രവേശനത്തിന് എത്തിയതുമായി ബന്ധപ്പെട്ടാണ് ഈ നേതാവ് വിജയനെ ചീത്ത വിളിച്ചത്. മന്ത്രി തോമസ് ചാണ്ടിയുടെ വിശ്വസ്തൻ കൂടിയായ ഇയാൾ ചീത്തവിളിച്ച ദിവസം തന്നെയാണ് രക്തസമ്മർദം കൂടി വിജയൻ ആശുപത്രിയിലാകുന്നതും. പാർട്ടിയിലെ ചില മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണ് ഈ നേതാവ് ഉഴവൂരിനെതിരെ പരസ്യമായി പ്രതികരിച്ചതെന്നും ആരോപണമുണ്ട്.