- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിയുടെ പരിഗണനയിൽ പി കെ ശ്രീമതി മുതൽ സുജാത വരെ; സുഗതകുമാരിയെ തെരഞ്ഞെടുത്ത മാതൃക വേണമെന്ന നിർദ്ദേശവും പാർട്ടിക്കു മുന്നിൽ; വെല്ലുവിളിയാകുന്നത് കമ്മിഷന്റെ വിശ്വാസ്യതയും നിഷ്പക്ഷ്തയും നിലനിർത്തൽ; ജോസ്ഫൈന് ശേഷം വനിതാ കമ്മീഷനെ നയിക്കാൻ ആരെത്തും?
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷയായി എം സി ജോസ്‌ഫൈന്റെ പകരക്കാരെ കണ്ടെത്താൻ പാർട്ടിയുടെ മുൻപിൽ വെല്ലുവിളികൾ ഏറെ. പാർട്ടി തന്നെ നിയമിച്ച ഒരംഗം പദവിക്കുപോലും നിരക്കാത്ത പ്രവർത്തിയിലുടെ രാജി സമർപ്പിക്കേണ്ടി വരുമ്പോൾ പാർട്ടിക്ക് അഭിമതയായ ഒരാളെത്തന്നെ കണ്ടെത്താൻ പാർട്ടിക്ക് ചില പ്രതിസന്ധികളുണ്ട്.വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ നിഷ്പക്ഷ്തയും കമ്മിഷന്റെ വിശ്വാസ്യതയും നിലനിർത്താൻ പാർട്ടിക്ക് പുറത്തുനിന്നുള്ളവരെ കണ്ടെത്തണമെന്ന ആവശ്യമാണ് കൂടുതലും ഉയരുന്നത്. ഇത് തന്നെയാണ് പ്രധാന പ്രതിസന്ധി.
എന്നിരുന്നാലും നിലവിൽ പാർട്ടി പരിഗണിക്കുന്നത് മുന്മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, മുൻ എംപി സി.എസ്. സുജാത, സുജാ സൂസൻ ജോർജ്, പി. സതീദേവി, ടി.എൻ സീമ തുടങ്ങിയവരെയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.എന്നാൽ മന്ത്രിസ്ഥാനം നൽകാതെ ഒഴിവാക്കിയതിനാൽ ശൈലജയെ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. എന്നാൽ നിലവിൽ എംഎൽഎ. ആയിരിക്കുന്നതിനാൽ ശൈലജയെ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല.
പി കെ ശ്രീമതിക്ക് നിലവിൽ പാർട്ടി ചുമതലകൾ മാത്രമാണുള്ളത്.അത് കൂടാതെ എം സിജോസ്‌ഫൈന്റെ പരാമർശം വിവാദമായതോടെ ആദ്യം പ്രതികരണവുമായെത്തിയവരിൽ ഒരാൾ പി കെ ശ്രീമതിയായിരുന്നു.ജോസ്‌ഫൈനെ വിമർശിച്ചും വിഷയം എങ്ങിനെ കൈകാര്യം ചെയ്യാമായിരുന്നു എന്നതുൾപ്പടെയായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം.അതുകൊണ്ട് തന്നെ ശ്രീമതിയുടെ സാധ്യതയും തള്ളിക്കളയാനാവില്ല.പക്ഷെ ഇവിടൊക്കെത്തന്നെയും നേരത്തെ പറഞ്ഞ വിശ്വാസതയുടെ പ്രശ്‌നം വരുന്നുണ്ട്.അതിനെ മറികടക്കുന്നതാണ് പുതിയ അധ്യക്ഷയ്ക്കും പാർട്ടിക്കും ഒരേസമയം ഉണ്ടാകുന്ന വെല്ലുവിളി.
ഇത് കൂടാതെ സ്ഥാനമൊഴിയാൻ എട്ടു മാസം മാത്രം ബാക്കിനിൽക്കെയാണ് ജോസഫൈൻ രാജിവച്ചത്. എന്നാൽ മറ്റ് കമ്മീഷൻ അംഗങ്ങൾക്ക് ബാക്കി കാലം തുടരാം. അതിനാൽ നിലവിലെ കമ്മീഷന്റെ കാലാവധി തീരുന്നതുവരെ കമ്മീഷൻ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്.
1996-ൽ വനിതാകമ്മീഷൻ രൂപീകൃതമായപ്പോൾ അധ്യക്ഷ ആയത് കവയിത്രി സുഗതകുമാരി ആയിരുന്നു. ഈ മാതൃകയിൽ പൊതുസമൂഹത്തിന് സ്വീകാര്യയായ ആരെയെങ്കിലും കണ്ടെത്തണമെന്ന നിർദ്ദേശം പാർട്ടിക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ബന്ധങ്ങളുള്ള, എന്നാൽ സജീവ രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖനേതാക്കളെ കൊണ്ടുവരുന്നതാകും ഉചിതമെന്ന ചിന്തയും പാർട്ടിയിലുണ്ട്
ഇതിനൊപ്പം വനിതാ കമ്മിഷന് കൂടുതൽ അധികാരം നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടേക്കും. നിലവിലെ സാഹചര്യത്തിൽ ലഭിക്കുന്ന പരാതികളിൽ പൊലീസിൽ നിന്നും റിപ്പോർട്ടു തേടാനും സർക്കാരിലേക്ക് പഠന റിപ്പോർട്ടുകൾ അയയ്ക്കാനും മാത്രമേ കമ്മിഷന് സാധിക്കു. അതിനപ്പുറത്തേക്ക് നടപടികൾ സ്വീകരിക്കാൻ അധികാരമില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേക്കും.
മറുനാടന് മലയാളി ബ്യൂറോ