തിരുവനന്തപുരം: വി എം സുധീരന്റെ രാജിക്കുശേഷം കെപിസിസി പ്രസിഡന്റായി ആരും വരും? ഈ ചോദ്യം സംസ്ഥാന കോൺഗ്രസിൽ സജീവമായി നിൽക്കുമ്പോഴും അടിമുടി അവ്യക്തതകളാണ് നിലനിൽക്കുന്നത്. ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് തോൽവികളിൽ കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ കരുത്തു ചോർന്ന ഹൈക്കമാൻഡ് ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുടെ താൽപ്പര്യവും പരിഗണിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അല്ലാതെ മുമ്പ് സുധീരനെ നിയമിച്ചതു പോലെ മുകളിൽ നിന്നുള്ള കെട്ടിയിറക്കൽ ഇത്തവണ ഉണ്ടാകില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഗ്രൂപ്പു സമവാക്യങ്ങൾ പാലിച്ച് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സ്വീകാര്യനായ വ്യക്തിയാകും സംസ്ഥാന കോൺഗ്രസിന്റെ അമരത്ത് എത്തുക.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ കേരളത്തിലെ കാര്യങ്ങളെ കുറിച്ച് യാതൊരു ചർച്ചയും നടത്ിയിട്ടില്ല. നിയമസഭാസമ്മേളനത്തിനു തിങ്കളാഴ്ച നേതാക്കൾ വീണ്ടും ചേരുമ്പോഴേ ഇവിടെയും കൂട്ടായ ചർച്ച ആരംഭിക്കൂ. ചികിത്സയ്ക്കായി തിരിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്ന് ഡൽഹിയിൽ എത്തും. കേരള കാര്യത്തിലുള്ള തുടർ തീരുമാനങ്ങൾക്കു സോണിയ തന്നെ മുൻകൈ എടുക്കുമെന്നു പ്രതീക്ഷിക്കുന്നവരാണ് ഏറെ.

പകരക്കാരൻ തീരുമാനം നീണ്ടുപോയാൽ വൈസ് പ്രസിഡന്റുമാരിൽ ഒരാളെ ചാർജ് ഏൽപിക്കും. സീനിയോറിറ്റിയും എ വിഭാഗത്തിനുള്ള അവകാശവാദവും പരിഗണിച്ചാൽ എം.എം.ഹസനാണ് സാധ്യത. നേരത്തെ പ്രസിഡന്റു പദത്തിലേക്കു രാഹുൽ പരിഗണിച്ചയാൾ എന്നതും അവിടത്തെ ബന്ധങ്ങളും വി.ഡി.സതീശനും അനുകൂലഘടകങ്ങളാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എടുക്കുന്ന സമീപനവും പ്രധാനമാണ്. അടുപ്പമുള്ളവരുമായുള്ള ആശയവിനിമയമൊഴിച്ചാൽ രണ്ടുപേരും മനസ്സു തുറന്നിട്ടില്ല. തിങ്കളാഴ്ച ഇവർ തമ്മിൽ സംസാരിക്കും. മലപ്പുറം ഉപതിരഞ്ഞെടുപ്പിനു മുമ്പായി പുതിയ പ്രസിഡന്റിനെ നിയോഗിക്കുമെന്നാണു ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയത്. മുഴുവൻ സമയ പ്രസിഡന്റ് തന്നെ വരുമെന്നാണ് അദ്ദേഹം കരുതുന്നത് എന്ന സൂചന അതിലടങ്ങുന്നു.

ചെന്നിത്തല പ്രതിപക്ഷ നേതാവായതിനാൽ പ്രസിഡന്റു പദം തങ്ങൾക്കുള്ളതാണ് എന്ന ഉറച്ച നിലപാടിലാണ് എ വിഭാഗം. യുഡിഎഫ് കൺവീനർ സ്ഥാനത്തും ഒപ്പം മാറ്റം വേണം എന്ന അഭിപ്രായവും ഉണ്ട്. അനാരോഗ്യപ്രശ്‌നങ്ങൾ കുറേനാളായി പി.പി.തങ്കച്ചനെയും അലട്ടുന്നു. മുൻകാലങ്ങളിൽ ഒരു പ്രസിഡന്റ് മാറുമ്പോൾ പകരം പരിഗണിക്കാവുന്ന ഒന്നോ രണ്ടോ പേരുടെ ചിത്രം കൃത്യമായി കോൺഗ്രസ് വൃത്തങ്ങളിൽ തെളിഞ്ഞുവരുമെങ്കിൽ ഇക്കുറി അങ്ങനെയില്ല. പല കാര്യങ്ങൾ വച്ചു പരിഗണിക്കപ്പെടാവുന്ന കുറേയേറെപ്പേരാണ് രംഗത്ത്. ഇവർക്ക് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേർ മാത്രമാകാം ഇതിനെല്ലാം മുകളിൽ.

പക്ഷെ തിരഞ്ഞെടുപ്പു തിരിച്ചടിക്കുശേഷം പദവികളിലേക്ക് ഇല്ല എന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു പരസ്യമായി തന്നെ ആവർത്തിച്ച അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളിൽ അതിലും കർശനമായ സമീപനത്തിലാണ്. കെപിസിസി പ്രസിഡന്റ് നിയമനം സംസ്ഥാന ഘടകത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു മുമ്പെങ്കിൽ രമേശ് ചെന്നിത്തലയുടേയും ശേഷം വി എം.സുധീരന്റെയും നിയമനങ്ങളോടെ അതു ഹൈക്കമാൻഡിന്റെ തീരുമാനമായി മാറി. ഒടുവിൽ ഡിസിസി പ്രസിഡന്റുമാരുടെ നിയമനം തന്നെ സംസ്ഥാന നേതൃത്വത്തെ ഇരുട്ടിൽ നിർത്തിയായിരുന്നു. ഈ മനോഭാവത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കലാപം ഉയർത്തിയത്. അദ്ദേഹത്തെ ഡൽഹിയിൽ വിളിച്ചുവരുത്തിയുള്ള ചർച്ചകളിലൂടെ വിശ്വാസം പകർന്ന ഹൈക്കമാൻഡ് ഇനി ഇക്കാര്യത്തിൽ എന്ത് അടിസ്ഥാന സമീപനം പുലർത്തും എന്നതാണ് വ്യക്തമാകേണ്ട കാര്യം.

മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനു മുൻപ് പുതിയ കെപിസിസി അധ്യക്ഷൻ സ്ഥാനമേൽക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പുതിയ അധ്യക്ഷനെ എഐസിസി നേതൃത്വം തീരുമാനിക്കും. പാർട്ടിയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ ചർച്ചയാകാറുണ്ടെങ്കിലും ഗ്രൂപ്പുകൾക്ക് അതീതനായി മാത്രമേ കെപിസിസി അധ്യക്ഷനു പ്രവർത്തിക്കാനാവൂ. പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു.

പ്രസിഡന്റ് പദവിയിലേക്കുള്ള റേസിൽ മുന്നിലുള്ളവരിൽ വി ഡി സതീശനാണ്. രാഹുൽ ഗാന്ധി പ്രത്യേക താത്പര്യമെടുത്താണ് സതീശനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. അതേസമയം സുധീരന്റെ പിൻഗാമിയായി സതീശൻ നിയമിക്കപ്പെടുന്നതിന് ഗ്രൂപ്പു സമവാക്യങ്ങൾ തടസമായേക്കും. ഐ ഗ്രൂപ്പുകാരനായ സതീശനെ പ്രസിഡന്റാക്കുന്നതിൽ ഉമ്മൻ ചാണ്ടി പക്ഷം എതിർപ്പ് അറിയിക്കും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പുകാരാവുന്നതിലെ അതൃപ്തിയാവും അവർ മുന്നോട്ടുവയ്ക്കുക. ഗ്രൂപ്പു പോര് രൂക്ഷമാവുന്നതിന് ഇടയാക്കുന്ന ഇത്തരമൊരു തീരുമാനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി മുതിരില്ലെന്നാണ് പാർട്ടി നേതാക്കൾ കരുതുന്നത്.

ഉമ്മൻ ചാണ്ടി പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച സാഹചര്യത്തിൽ എ ഗ്രൂപ്പിൽനിന്നുള്ള നേതാക്കളെ ചുറ്റിപ്പറ്റിയാണ് ആലോചനകൾ പുരോഗമിക്കുന്നത്. പിടി തോമസാണ് ഇതിൽ മുന്നിലുള്ളത്. ഗ്രൂപ്പു സമവാക്യവും സാമുദായിക സമവാക്യവും സംശുദ്ധമായ പ്രതിഛായയും പിടി തോമസിന് അനുകൂലമാണെങ്കിലും സമുദായ നേതൃത്വവുമായി കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്തുണ്ടായ അകൽച്ച വിനയായേക്കും. ഡിസിസികൾക്കു യുവ നേതൃത്വത്തെ കൊണ്ടുവന്ന മാതൃകയിൽ കെപിസിസിയിലും യുവ നേതൃത്വം വരട്ടെ എന്നാണ് ഹൈക്കമാൻഡ് തീരുമാനിക്കുന്നതെങ്കിൽ പിസി വിഷ്ണുനാഥിനായിരിക്കും സാധ്യത. കെ വി തോമസിന്റെ അടക്കം പേരുകൾ കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.