സൗത്ത് ഐലൻഡ്: രാജ്യമെമ്പാടും വില്ലൻ ചുമ പടരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. കുട്ടികളെ സാരമായി ബാധിക്കുന്ന ഈ വില്ലൻ ചുമയ്‌ക്കെതിരേ വാക്‌സിൻ നൽകണമെന്ന് ആരോഗ്യവകുപ്പ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ സൗത്ത് ഐലൻഡിലാണ് വില്ലൻ ചുമ പടർന്നിരിക്കുന്നത്. ഇത് ഇപ്പോൾ തന്നെ പകർച്ചവ്യാധിയായി മാറിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പഠനം തെളിയിക്കുന്നത്. ആറു മാസത്തിനുള്ളിൽ വില്ലൻ ചുമ ഓക്ക്‌ലാൻഡിലേക്കും ഹോക്ക് ബേയിലേക്കും പടരുമെന്നും  ആരോഗ്യവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. നിലവിലുള്ള വാക്‌സിൻ വില്ലൻ ചുമയ്‌ക്കെതിരേ ഏറെ ഫലപ്രദമല്ലാത്തതിനാലാണ് ഇത് പകർച്ചവ്യാധിയായിരിക്കുന്നത്.

സാധാരണയായി മൂന്ന് അല്ലെങ്കിൽ നാലു വർഷത്തെ ഇടവേളകളിൽ വില്ലൻ ചുമ പകർച്ചവ്യാധി പോലെ പിടിപെടാറുണ്ടെന്ന് ഇതിനെ കുറിച്ച് പഠനം നടത്തുന്ന ഡോ. കാത്‌റീൻ ഫിലിപ്‌സൺ പറയുന്നു. നിലവിൽ സെൻട്രൽ ഒട്ടാഗോയിലും വില്ലൻ ചുമ ഭീഷണിയായിരിക്കുകയാണ്. വിന്ററിൽ പിടിപെടുന്ന മറ്റു രോഗങ്ങൾക്കൊപ്പം തന്നെ ഇതും വ്യാപകമാകുമെന്നതിനാൽ ഇതിനെ പ്രതിരോധിക്കാനും വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികൾക്കും സാധിക്കാതെ വരുന്നു.

ഒരാഴ്ചക്കുള്ളിൽ നൂറിലധികം കേസുകളാണ് സതേൺ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ വില്ലൻ ചുമ പിടിപെടുന്നത് ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ ഇതിനുള്ള വാക്‌സിൻ നൽകുകയാണ് ഏക പരിഹാരം. മറ്റു ചുമകളെ പോലെ തന്നെയായതിനാൽ വില്ലൻ ചുമയെ തിരിച്ചറിയാൻ വൈകുകയും ചെയ്യും. ഇത് ചികിത്സ നടത്തുന്നതിനേയും സാരമായി ബാധിക്കും. വിന്ററിൽ തന്നെ പിടിപെടുന്നതിനാൽ സാധാരണ ചുമയാണെന്നു കരുതി പലരും ഡോക്ടറെ കാണുകയുമില്ല. ഫ്‌ലൂവിനൊപ്പം പിടിപെടുന്ന ചുമയെന്ന് വിചാരിച്ച് പലപ്പോഴും വൈകിയാണ് വില്ലൻ ചുമയ്ക്ക് ചികിത്സ തേടിയെത്തുന്നത്.

വില്ലൻ ചുമയെന്ന പകർച്ച വ്യാധിക്കെതിരേ ഏവരും മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിട്ടുള്ള കുട്ടികൾക്ക് വില്ലൻ ചുമ പിന്നീട് പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. വില്ലൻ ചുമ വാക്‌സിന്റെ എല്ലാ കുത്തിവയ്പുകളും എടുക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.