കൊച്ചി: മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റാണ് കിലുക്കം. ജോജിയും നിശ്ചലും നന്ദിനി തമ്പുരാട്ടിയും ഇന്നും പ്രേക്ഷക മനസ്സിൽ ചിരിയും നൊമ്പരവുമായി നിറയുന്നു. ഈ സിനിമയിലെ നന്ദിനി തമ്പുരാട്ടിയെ രേവതിയെന്ന നടി അനശ്വരയാക്കി. ചിത്രമെന്ന സിനിമയുടെ കഥ കേട്ടപ്പോൾ പറ്റില്ലെന്നായിരുന്നു പ്രിയദർശനോട് രേവതി പറഞ്ഞത്. അങ്ങനെ ചിത്രത്തിൽ രജിനി ചിത്രത്തിൽ നായികയായി.

കിലുക്കത്തിൽ രേവതി നായികയായതിന് പിന്നിലും അത്തരമൊരു കഥയുണ്ട്. വന്ദനത്തിന്റെ തെലുങ്ക് റിമേക്കായ നിർണ്ണയം എന്ന ചിത്രത്തിലെ ജോഡി നാഗാർജുനയും അമലയുമായിരുന്നു. ഇതേ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പ്രിയദർശൻ അമലയോടു കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയേക്കുറിച്ചു പറയുന്നത്. 1991 മാർച്ച് 3 മുതൽ ഏപ്രിൽ 4 വരെയുള്ള ഡേറ്റ് അമല കിലുക്കത്തിനായി കൊടുത്തു.

ഇതേസമയം തന്നെ നാഗർജുനയും അമലയും തമ്മിലുള്ള പ്രണയം ശക്തമാകുകയും ഇതു വിവാഹത്തിലേയ്ക്ക് എത്തുകയും ചെയ്തു.ഇതോടെ അമല അഭിനയം നിർത്തുകയാണെന്നു നാഗാർജുനയുടെ പിതാവ് അക്കിനേനി നാഗേശ്വര റാവു പ്രഖ്യാപിച്ചു. എന്നിട്ടും അമല കിലുക്കം ഉപേക്ഷിച്ചില്ല. അമല നാഗാർജുനയുടെ അനുവാദത്തിനായി കാത്തു. അമലയ്ക്കു വേണ്ടി അച്ഛന്റെ വാക്കു ധിക്കരിക്കാൻ നാഗാർജുന തയാറായില്ല. അങ്ങനെ കിലുക്കം അമലയ്ക്ക് നഷ്ടമായി.

മോഹൻലാലിന്റെ നായിക വേഷത്തേക്കാൾ വലുത് കുടുംബത്തിന്റെ കെട്ടുറപ്പാണെന്നായിരുന്നു നാഗാർജുന അമലയോട് പറഞ്ഞത്. തുടർന്ന് അമല പ്രിയനെ വിളിച്ചു വിഷമത്തോടെ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു.