ടെഹ്‌റാൻ: കടുത്ത ഇസ്ലാമിക നിയമങ്ങളുള്ള ഇറാനിൽ, രാജ്യത്തെ ഇസ്ലാമിക നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് ജനങ്ങൾ. അറബ് രാജ്യങ്ങളിൽ പലേടത്തും അധികാരികളെ സ്ഥാനഭ്രഷ്ടരാക്കിയ അറബ് വസന്തത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധമാണ് ഇറാനിൽ അരങ്ങേറുന്നത്. മാഷാദിൽ നടന്ന അക്രമാസക്തമായ പ്രതിഷേധ പ്രകടനത്തിനിടെ രണ്ടുപേർ കൊല്ലപ്പെട്ടത് പ്രക്ഷോഭകാരികളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്.

ഉയർന്ന ജീവിതച്ചെലവിനെതിരേയാണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും അത് വളരെപ്പെട്ടെന്ന് രാജ്യത്തെ ഇസ്ലാമിക നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധമായി മാറി. രാജ്യമെമ്പാടും വ്യാപിച്ച പ്രതിഷേധം ഭരണാധികാരിയെ വധിക്കുകയെന്ന മുദ്രാവാക്യമാണുയർത്തുന്നത്. സർക്കാരിന്റേതായ ചിഹ്നങ്ങൾക്കുനേരെയെല്ലാം പ്രക്ഷോഭകാരികൾ ആക്രമണം അഴിച്ചിവിടുന്നുണ്ട്. വിപ്ലവത്തിന് തുല്യമായ അന്തരീക്ഷമാണിതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

നിലവിൽ നിസ്സാര കാര്യങ്ങളാണ് പ്രക്ഷോഭകാരികൾ മുന്നോട്ടുവെക്കുന്നതെങ്കിലും, അത് പരിഹരിച്ച് ജീവിതനിലവാരം ഉയർത്താൻ അധികൃതർക്കായില്ലെങ്കിൽ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. തൊഴിലില്ലായ്മ, കുട്ടികളുടെ ഭാവിയെക്കരുതിയുള്ള അനിശ്ചിതാവസ്ഥ തുടങ്ങിയ അസ്വസ്ഥതകളാണ് ജനങ്ങളെ കൂട്ടത്തോടെ തെരുവിലെത്തിക്കുന്നതെന്ന് യൂറോപ്പ്-ഇറാൻ ബിസിനസ് ഫോറം സ്ഥാപകൻ എസ്ഫാൻഡിയാർ ബട്മൻഗേലിജ് പറയുന്നു.

2013-ൽ അധികാരത്തിലേറിയ ശേഷം പ്രസിഡന്റ് ഹസൻ റൗഹാനി കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് ജനങ്ങളെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കിയതെന്നും വിലയിരുത്തലുണ്ട്. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതും ഇന്ധന വില വർധിപ്പിച്ചതും ജനരോഷം വർധിപ്പിച്ചു. അടുത്തിടെ ബജറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നതും അവരെ തെരുവിലേക്കിറക്കി. പണപ്പെരുപ്പം നേരിടുന്നതിനും ഇറാനിയൻ നാണയത്തിന്റെ മൂല്യം ശ്കതിപ്പെടുത്തുന്നതിനും ഈ കടുത്ത നടപടികൾവേണമെന്ന പക്ഷക്കാരനാണ് റൗഹാനി.

എന്നാൽ, അന്താരാഷ്ട്ര ഉപരോധത്തിന്റെ കടുത്ത കാലം കഴിഞ്ഞുവരുന്ന ജനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സഹിക്കാനാവുന്ന കാര്യമല്ലെന്ന് നിരീക്ഷകർ പറയുന്നു. വിമർശനങ്ങൾ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ റൗഹാനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് അക്രമത്തിലേക്ക് പോയാൽ അംഗീകരിക്കില്ലെന്നും വേണ്ടിവന്നാൽ അടിച്ചമർത്തുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന് പുറത്തുനിന്നുള്ള ഇടപെടലും സമരത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്ന് സർക്കാർ പറയുന്നു.