വാതുവയ്‌പ്പ് വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബിസിസിഐ തീർപ്പു കല്പിച്ചിരിക്കുന്നു. തന്റെ വിലക്കിനെതിരെ ശ്രീശാന്തുകൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്ച കോടതിക്ക് മുൻപാകെ ബി സി സി ഐ നൽകിയ മറുപടിയിലാണ് ശ്രീയുടെ വിലക്ക് നീക്കാൻ ഒരുദ്ദേശ്യവും തങ്ങൾക്കില്ല എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതി നിലപാട് വെളിപ്പെടുത്തിയത്.

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ഇടയിൽ ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾ വാതുവയ്‌പ്പ് നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ പൊലീസിന് ആയില്ല. ഡൽഹിയിലെ വിചാരണ കോടതി, സംശയത്തിനു ഇട ഇല്ലാത്തവിധം കുറ്റാരോപിതരായ മൂന്നു താരങ്ങളെയും നിരപരാധികളാണ് എന്ന് കണ്ടു വെറുതെ വിട്ടു. ആരോപണ വിധേയരായവർക്കു പക്ഷെ കളിക്കളത്തിലേക്കു മടങ്ങാൻ ആയില്ല.

ബിസിസിഐയുടെ കരുണ തേടി ഇരിക്കുകയാണ് അവർ. ഇതേ കാലത്തു തന്നെ, ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ പല ഇന്ത്യൻ താരങ്ങളും വലിയ തോതിലുള്ള വാതുവായ്പുകളിൽ പങ്കാളികൾ ആയതായി പല ഘട്ടങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അവരൊന്നും അന്വേഷണം പോലും നേരിട്ടില്ല.

ഐപിഎൽ ആകട്ടെ പണത്തിന്റെ കളിയാണ്.ശശിതരൂരും, വിജയ്മല്യയും, ലളിത് മോദിയും ഉൾപ്പെട്ടിരുന്ന വമ്പന്മാരുടെ ലോകം. സുനന്ദാ തരൂരിന്റെ മരണത്തിൽ കലാശിച്ച വലിയ കളി നടക്കുന്ന ലോകം. ക്രിക്കറ്റിന് ഇവിടെ രണ്ടാമതാണ് സ്ഥാനം.

പഴയ ജന്മിത്ത കാലത്ത് നിലനിന്നിരുന്ന അടിമ വ്യാപാരം പോലെയാണ് കളിക്കാരെ പഞ്ചനക്ഷത്ര ചന്തയിൽ ലേലം ചെയ്ത് വാങ്ങുകയും, വിൽക്കുകയും ചെയ്യുന്നത്. അല്പ വസ്ത്ര ധാരിണികളായ പെൺകുട്ടികൾ കാഴ്ച കോമരങ്ങളാകുന്ന കളിയിടങ്ങൾ. പണം മുടക്കുന്ന ജന്മിമാർക്കാണിവിടെ ആധിപത്യം. ബിസിനസ്സും പണവുമാണ് ഇവിടെ ധാർമികതക്കും മുൻപിൽ നിൽക്കുന്നത്.

ഇവിടെയാണ് പിറവിയുടെ അഞ്ചാം വയസ്സിൽ ഇടിത്തീ പോലെ ഐപിഎല്ലിൽ കോഴവിവാദം ഉയരുന്നത്. 2013 മെയ് 16 ന്, ശ്രീശാന്ത്, അജിത് ചാണ്ടില, അങ്കിത് ചവാൻ എന്നീ മൂന്ന് താരങ്ങളെയും, ചില ഇടനിലക്കാരെയും ഐപിഎൽ വാതുവയ്‌പ്പ് വിവാദത്തിന്റെ ഭാഗമായി ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്.

മുമ്പ് ഒരിക്കൽ ഞാനെഴുതിയിരുന്നു..കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ വിവാദങ്ങൾ ഇളകി മറിഞ്ഞിരുന്ന ദിനങ്ങളിൽ ഒന്നിലാണ്, ശാന്തകുമാരൻ ശ്രീശാന്ത് അറസ്റ്റിൽ ആകുന്നത്. ഇത് കൂടാതെ, അഴിമതിയുടെ പേരില് കേന്ദ്ര മന്ത്രിമാരായ അശ്വനി കുമാറും, പവൻ ബൻസലും രാജി വച്ചത് 2013 മെയ് 10 നായിരുന്നു. നാഷണൽ മീഡിയകൾ മന്മോഹൻ സിങ്ങിനെയും കടന്നു നമ്പർ ടെൻ ജനപതിനു നേരെ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയിരുന്നു.

ഇവിടെയാണ് വഴിത്തിരിവായി, ഐ പി എൽ വാതു വയ്‌പ്പ് കേസ് തുടങ്ങുന്നത്. മാധ്യമങ്ങൾ പുതിയ ഒരിരയെ ലഭിച്ചതോടെ പ്രധാനമന്ത്രിയെയും, കൽക്കരി കുംഭകോണത്തെയും സൈഡാക്കി, ശ്രീശാന്തിന് പിന്നാലെ കൂടി. 'ദേശീയ അപമാനം' എന്നായിരുന്നു മിക്ക തലക്കെട്ടും. പേരിൽ ശാന്തകുമാരനാണെങ്കിലും, സ്വഭാവത്തിൽ അങ്ങനെ അല്ലാത്ത ആളാണ് ലോകകപ്പു സ്വന്തം കൈകളിലൂടെ നേടിയെടുത്ത കേരളത്തിന്റെ സ്വന്തം ശ്രീ. കലർപ്പില്ലാത്ത സ്വഭാവം കൊണ്ട് സുഹൃത്തുക്കളെക്കാൾ ശത്രുക്കളെ ഉണ്ടാക്കിയിരുന്നു ശ്രീശാന്ത്. അതിൽ മുതിർന്ന താരങ്ങളും, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും എല്ലാം ഉൾപ്പെട്ടിരുന്നു. പക്ഷേ, ഒരാളെ വേട്ടയാടാൻ അതു പോരല്ലോ കാരണം?

അഫ്‌സൽ ഗുരുവിന്റെയും, അജമൽ കസബിന്റെയും, അബ്ദുൽ നാസർ മദനിയുടേയും, ചാർളിയന്ന ഗോവിന്ദച്ചാമിയുടേയും മനുഷ്യാവകാശത്തെ ഓർത്ത് നീറിപുകഞ്ഞവരാരും, ഒമ്പത് മാസം വിചാരണ കൂടാതെ കൊടും കുറ്റവാളികൾക്ക് ഒപ്പം ജയിലിൽ കിടന്ന ഒരു 'നായരു' കുട്ടിയുടെ വേദന പങ്കിട്ടില്ല. ജാതി-മത-രാഷ്ടീയ പിന്തുണ ഇല്ലാത്ത ആ കുടുംബം പലരാലും മോഹന വാഗ്ദാനത്തിന്റെ പേരിൽ വഞ്ചിക്കപ്പെട്ടു.

ഇടക്കാല ജാമ്യം പോലും ലഭിച്ചതാകട്ടെ ഒമ്പതു മാസങ്ങൾക്ക് ശേഷവും. അവസാനം, രണ്ടര വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ കേസു തന്നെ തള്ളിപ്പോയി. 2015 ജൂലൈ അവസാനം ശ്രീശാന്തി കുറ്റ വിമുക്തൻ ആയി. ഇങ്ങനെ ഒരു വാതു വയ്പ് നടന്നതായിട്ടോ അതിൽ ശ്രീശാന്ത് പങ്കെടുത്തു എന്നതിനോ യാതൊരു തെളിവുമില്ല എന്നാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം വിധിയെഴുതിയത്. ഇവിടെയാണ് ബിസിസിഐ എന്ന ക്രിക്കറ്റ് ഗവേണിങ്ങ് ബോഡി പരമോന്നത നീതിപീഠത്തിനും മുകളിൽ കയറി കളി തുടങ്ങിയത്. വിലക്ക് നീക്കാൻ പക്ഷെ, ബി.സി.സി.ഐ തയ്യാറായില്ല.

കോഴവിവാദം ഇന്ത്യയിൽ ഇതാദ്യമല്ല. ലോക ക്രിക്കറ്റിനെ തന്നെ പിടിച്ചുലച്ച 1999ലെ വാതുവയ്‌പ്പിൽ ഉൾപ്പെട്ട അസറുദ്ദീൻ എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ന് എം പിയാണ്. മുസ്ലിം ആയതിനാൽ ആണ് തന്നെ വേട്ടയാടുന്നത് എന്നായിരുന്നു അന്ന് അസറുദ്ദീൻ വാദിച്ചത്. ഭാഗ്യം ! നായരായതു കൊണ്ടാണ് തനിക്കാരുമില്ലാത്തതെന്ന് ശ്രീ ഇതുവരെ പറഞ്ഞിട്ടില്ല. അസറുദ്ദീനും, അജയ് ജഡേജയ്ക്കും കിട്ടാത്ത ആജീവനാന്ത വിലക്കാണ്, പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ ശ്രീശാന്തിന് മേൽ ബിസിസിഐ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

പുറത്തു പറയാൻ കൊള്ളാത്ത മറ്റെന്തു സാഹചര്യമാണ് ശ്രീശാന്തിനെ അകറ്റി നിർത്താൻ ഈ ക്രിക്കറ്റ് ബോഡിക്കുള്ളതെന്നാണ് ഇനി അറിയാനുള്ളത്. അഴിമതിക്കെതിരെ ഉള്ള ശക്തമായ നിലപാടാണന്നുള്ള വാദം പരിഹാസ്യമാണ്. നിലവിലേയും, മുൻകാല ഭരണ സമിതികളിലേയും നേതാക്കളെ കണ്ടാൽ തന്നെ ഇതു സത്യമാണെന്ന് എല്ലാവരും തല കുലുക്കി സമ്മതിച്ചു തരും. ഒരു ഭരണ സമിതിയെ തന്നെ കോടതി തൂക്കി എടുത്തു കളഞ്ഞത് അടുത്തയിടെയാണ്.

ഇവിടെ, ആരെയാണ് ബിസിസിഐ പറ്റിക്കാൻ ശ്രമിക്കുന്നത്?. എന്തുകൊണ്ടാണ് ശ്രീയുടെ വിലക്ക് നീക്കില്ല എന്ന് വാശി പിടിക്കാൻ കാരണം?.. ഇതറിയാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. രണ്ടു സാധ്യതതകളാണിവിടെ ഉള്ളത്.

ഒന്നുകിൽ ശ്രീശാന്ത് തെറ്റ് ചെയ്തു എന്ന് ബിസിസിഐയ്ക്ക് അറിയാം, തെളിവുകളും അവരുടെ പക്കൽ ഉണ്ട്. പക്ഷേ കോടതിയിൽ തിരിമറി നടത്തി അയാളെ ജയിലിൽ കിടക്കേണ്ട അവസ്ഥയിൽ നിന്നും രക്ഷിച്ചു. ഇതിന് പിന്നിലും പണം മറിഞ്ഞിട്ടുണ്ടാവാം. (അങ്ങനെയെങ്കിൽ തന്റെ വിലക്ക് നീക്കാനായി കോടതിയിൽ പോവാനുള്ള ചങ്കൂറ്റം ശ്രീശാന്തിന് ഉണ്ടാവുമോ എന്നതാണ് ചോദ്യം) അല്ലെങ്കിൽ, സ്വഭാവദൂഷ്യവും അഹങ്കാരവും കൈമുതലായുള്ള കളിക്കാരനോടുള്ള വൈരാഗ്യവും, വിദ്വേഷവുമാകാം കാരണം.

രണ്ടായാലും അത് അക്ഷന്തവ്യമായ തെറ്റ് തന്നെ ആണ്. ശ്രീ തെറ്റ് ചെയ്തിരുന്നുവെങ്കിൽ അത് കോടതി മുമ്പാകെ വരണം. കോടതിയിൽ വരാത്ത തെളിവുകൾ ബിസിസിഐയുടെ പക്കൽ ഉണ്ടെങ്കിൽ അവ കോടതിയിൽ സമർപ്പിച്ചു അർഹമായ ശിക്ഷ ഈ താരങ്ങൾക്കു വാങ്ങി കൊടുക്കണം. അല്ലാതെ, കോടതി മുമ്പാകെ ബിസിസിഐ അതു മറച്ചു വയ്ക്കുകയും, പിന്നീട് സ്വയം കോടതി ചമയുന്നതും അംഗീകരിക്കാൻ കഴിയില്ല.

രാജ്യത്തെ, പരമോന്നത നീതി പീഠത്തിനു മുകളിൽ കയറി നിൽക്കാൻ ആരാണിവർക്ക് ശക്തി നൽകുന്നത്? അവരെയതിന് പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? ഒരാളോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ അയാളുടെ ജീവിതം തന്നെ തകർക്കാൻ ചിലർക്ക് ഈ രാജ്യത്തു കഴിയുന്നു എങ്കിൽ ഈ ജനാധിപത്യം തൃപ്തികരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇതു രണ്ടുമല്ലാതെ മറ്റെന്തു കാര്യമായാലും ശ്രീയുടെ വിലക്ക് തുടരുന്നതിൽ ഒരു ന്യായവുമില്ല. എന്നുമാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരം അനീതി നടക്കുന്നത് കണ്ടിട്ടും മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിക്കുന്ന മൗനം വിസ്മയിപ്പിക്കും വിധം നിരാശാജനകമാണ്.

ഐഎസ്ആർഓ ചാരക്കേസിൽ ഉൾപ്പെട്ട പല ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു നമ്പി നാരായണൻ. താൻ തെറ്റുകാരനല്ല എന്ന് ഉറച്ചു വിശ്വാസമുള്ള അദ്ദേഹം പട പൊരുതി തന്നെ വേട്ടയാടിയ സമൂഹത്തിൽ നിന്നും നഷ്ടപരിഹാരം നേടിയെടുത്തു. നമ്പി നാരായണനൊപ്പം ചാരക്കേസിൽ പെട്ട ശശികുമാരനെന്ന മറ്റൊരു ശാസ്ത്രജ്ഞൻ നിശബ്ദനായി ഇരിക്കുന്നു, ഇന്നും.

തെറ്റുകാരനല്ല എന്ന് ഹൃദയത്തിൽ കൈ തൊട്ട് പറയാൻ ശ്രീശാന്തിന് ഉറപ്പുണ്ടെങ്കിൽ, പടയ്ക്കിറങ്ങേണ്ട കാഹളമാണ് ബിസിസിഐ കോടതിയിൽ ആവർത്തിച്ച വിലക്കിന്റെ വിളംബരം. ഈ ഹർജിയുടെ വിധി എന്തായാലും ബി സി സി ഐ യുടെ നിലപാടുകൾ അസ്വസ്ഥതയായി തന്നെ അവശേഷിക്കും.