മുംബൈ: ഭരണത്തിലേറി ഒരു വർഷത്തിനുള്ളിൽതന്നെ നിരവധി വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പരിശോധിക്കണമെന്ന് ശിവസേന. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലാണ് ബിജെപി സർക്കാരിനെ വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിനെയും ലേഖനത്തിൽ ശിവസേന വിമർശിക്കുന്നുണ്ട്.

മന്ത്രിമാർക്കെതിരായ ആരോപണങ്ങൾ മഹാരാഷ്ട്ര ബിജെപിയെ സമ്മർദത്തിലാക്കിയിരിക്കെ ഒരു വർഷത്തിനുള്ളിൽ തന്നെ ബിജെപിക്ക് ഇത്തരം വിവാദങ്ങൾ നേരിടേണ്ടി വന്നത് എന്തു കൊണ്ടാണെന്ന് പരിശോധിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്.

സ്വന്തം ലക്ഷ്യങ്ങൾ നേടുന്നതിനായി രാഷ്ട്രീയത്തെ ഉപയോഗിച്ചതു കൊണ്ടാണ് ഇത്തരം വിവാദങ്ങളിൽപ്പെടേണ്ടിവന്നതെന്നും സേന കുറ്റപ്പെടുത്തി. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി പ്രശ്‌നത്തിലാണ്.

കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഉണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നും സാമ്‌ന വ്യക്തമാക്കുന്നു.

ദിവസംതോറും പുതിയ ആരോപണങ്ങൾ ഉണ്ടാവുകയാണെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കു വർധിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. സംസ്ഥാന മന്ത്രിമാരായ ബാബൻ റാവു ലോനിക്കർ, വിനോദ് തോഡെ എന്നിവർക്കെതിരെയുള്ള വ്യാജ ബിരുദ ആരോപണങ്ങളും പങ്കജ മുണ്ടെ ടെൻഡർ ക്ഷണിക്കാതെ കോൺട്രാക്ട് നൽകിയതുമാണ് സംസ്ഥാന സർക്കാരിനെ വിവാദത്തിലാക്കിയിരിക്കുന്നത്. ഇവരിൽ വിനോദ് തോഡെയും പങ്കജ മുണ്ഡെയും ഭാവിയിൽ മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരാണ്.

രാഷ്ട്രീയത്തെ സ്വന്തം ലക്ഷ്യപൂർത്തീകരണത്തിനുള്ള ഉപാധിയായാണ് മന്ത്രിമാർ കണക്കാക്കുന്നത്. അതിനാലാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണത്തിൽ ബിജെപി ഒരുപോലെ തിരിച്ചടി നേരിടുന്നത്. ആദ്യ വർഷത്തിനുള്ളിൽ തന്നെ ഇത്രയേറെ പൊട്ടിത്തെറികൾ എന്തുകൊണ്ടെന്ന് സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാന മന്ത്രിമാരായ ബബാന്റാവു ലോനിക്കർ, വിനോദ് തോഡെ എന്നിവർക്കെതിരെയുള്ള വ്യാജബിരുദ ആരോപണങ്ങളും ആദിവാസിക്കുട്ടികൾക്കുള്ള പഠനസാമഗ്രി വിതരണത്തിൽ ടെൻഡർ ക്ഷണിക്കാതെ നടത്തിയ മന്ത്രി പങ്കജാ മുണ്ഡെയുടെ വിവാദ നടപടികളുമാണ് സർക്കാർ നേരിട്ടു കൊണ്ടിരിക്കുന്നത്.