തിരുവനന്തപുരം: തട്ടിപ്പ് വെളിയിൽ കൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ ദുഷ്‌പേര് കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പു കേസ് മുങ്ങി പോകുന്ന അവസ്ഥയാണ് ഇപ്പോൾ. തച്ചങ്കരിയുടെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പോയ മറുനാടൻ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. എന്നാൽ, ഈ അഴിമതി കണ്ടെത്തിയത് ടോമിൻ തച്ചങ്കരി എന്ന വിവാദ ഉദ്യോഗസ്ഥൻ ആയതിനാൽ ആർക്കും ഒരു താൽപ്പര്യവും ഇല്ലെന്ന് മാത്രം. അത്യാവശ്യം തട്ടിപ്പിനും വെട്ടിപ്പിനുമൊക്കെ കൂട്ടുനിന്നിട്ടുള്ള തച്ചങ്കരിയെ പോലും ഞെട്ടിച്ച ഈ അഴിമതിയുടെ ചവറുകൂനയിലേക്ക് ഒരു ചെറിയ യാത്ര നടത്തുകയാണ് മറുനാടൻ.

അത്താഴപ്പട്ടിണിക്കാരായ സാധാരണക്കാർക്ക് കൊള്ളലാഭക്കാരായ കച്ചവടക്കാരിൽ നിന്ന് മോചനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൺസ്യൂമർ ഫെഡ് കഴിഞ്ഞ മൂന്നു വർഷത്തിൽ കട്ടുമുടിച്ചത് കോടികളാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് കരിഞ്ചയെക്കാൾ വിലയിട്ട് കേരളത്തിലെ ജനങ്ങളിൽ അടിച്ചേൽപിച്ചപ്പോൾ കൺസ്യൂമർഫെഡ് മേലാളന്മാരുടെ പോക്കറ്റിലേക്ക് ഒഴുകിയത് ഒന്നും രണ്ടും കോടികളല്ല. ലാഭത്തിൽ നിന്ന സ്ഥാപനത്തെ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് കൊണ്ടു പോയതിന്റെ അമരക്കാരൻ ഫെഡ് പ്രസിഡന്റ് അഡ്വ.ജോയ് തോമസാണ്. പൂർവ്വകാലത്ത് നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്ന സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട് പിന്നീട് തിരിച്ചുകയറി കൺസ്യൂമർ ഫെഡ് എം ഡിയായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ് തോമസിനെതിരെ റിപ്പോർട്ട് നൽകിയതോടെ പുറത്തുവരുന്നത് വൻ അഴിമതിയുടെ വിവരങ്ങളാണ്.

 അഴിമതി എന്ന വാക്കിനെ പോലും നാണിപ്പിക്കുന്ന അഴിമതിയാണ് കൺസ്യൂമർഫെഡിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അരങ്ങേറിയത്. പലചരക്ക് സാധനങ്ങളുടെ വാങ്ങിയതിലും മറിച്ചു വിറ്റതിലൂടെയും 204 കോടി രൂപയുടെ അഴിമതിക്കാണ് കൺസ്യൂമർഫെഡ് സാക്ഷിയായത്. ഇതിനു ചുക്കാൻ പിടിച്ചത് അഡ്വ. ജോയ് തോമസ് പ്രസിഡന്റായിരുന്ന സമയത്താണ് കൺസ്യൂമർ ഫെഡിൽ ഇത്രയും വൻഅഴിമതി നടത്തിയത്. കൺസ്യൂമർഫെഡ് പ്രതിവർഷം വാങ്ങുന്നത് 16800 ലോഡ് അരിയാണ്. പൊതുവിപണിയിൽ ഒരു കിലോ അരിക്ക് 23 രൂപയുള്ളപ്പോൾ, ജോയ് തോമസ് പ്രസിഡന്റായിരുന്ന കൺസ്യൂമർഫെഡ് ഒരു അരിക്ക് ഇട്ട വില 28 രൂപയായിരുന്നു.

സാധാരണക്കാരന് താങ്ങാവേണ്ട സ്ഥാപനമാണ് മൊത്തവിലയിൽ അഞ്ചുരൂപ അധികം വിലയിട്ട് അരി വാങ്ങിയത്. ഇങ്ങനെ അരി വാങ്ങിയതിലൂടെ മാത്രം ഉണ്ടായ അഴിമതി മാത്രം 90 കോടി രൂപയുടേതാണ്. അഞ്ചു രൂപ കൂട്ടി അരി വാങ്ങിയതാകട്ടെ കൺസ്യൂമർഫെഡ് ഭരണസമിതിയുടെ ബിനാമികളും ബന്ധുക്കളിൽ നിന്നുമാണ്. ആന്ധ്രാ അരിവാങ്ങാനാണ് ഭരണസമിതിക്ക് ഏറ്റവും താൽപര്യം. ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്നതും അഴിമതി നടത്താനാകുന്നതും ഈ കച്ചവടത്തിലാണ്.

ആരെയും നാണിപ്പിക്കുന്ന തരത്തിലാണ് അരിവാങ്ങലിലെ അഴിമതി. വിപണയിൽ ഒരു ചാക്ക് അരിയെന്നത് 73.20 കിലോഗ്രാമാണ്. എന്നാൽ കൺസ്യൂമർഫെഡിന് ഇത് 74 കിലോഗ്രാമാണ്. 16800 ലോഡ് അരി പ്രതിവർഷം വാങ്ങുമ്പോൾ ഭരണസമിതി അംഗങ്ങൾക്കുണ്ടാകുന്ന സാമ്പത്തികനേട്ടം ഊഹിക്കാവുന്നതേ ഉള്ളൂ. കൺസ്യൂമർ ഫെഡ് സ്ഥിരമായി അരി വാങ്ങുന്ന സ്ഥാപനങ്ങളാണ് ചങ്ങനാശേരി ആന്ധ്ര റൈസ് കോർപറേഷൻ, ശ്രീകൃഷ്ണ ട്രേഡേഴ്‌സ്, ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, കൊല്ലത്തെ ബാബു സ്‌റ്റോഴ്‌സ്. എന്നിവ. ഈ മൊത്തവ്യാപാരികൾ ചെറുകിട സ്വകാര്യകടയുടമകൾക്ക് ഒരു കിലോ അരിക്ക് 24.20 പൈസ വിലയിടുമ്പോൾ, കൺസ്യൂമർഫെഡിലേക്ക് വിലയിടുന്നത് 29.50 പൈസ നിരക്കിലാണ്.

അഴിമതി നടത്താൻ അരിയെന്നോ വെളിച്ചെണ്ണയെന്നോ ചെറുപയറെന്നോ ഉള്ള വ്യത്യാസം ഭരണസമിതി അംഗങ്ങൾക്കില്ല എന്നതാണ് യാഥാർഥ്യം. നാലുമാസം ഒരു കമ്പനിയിൽ നിന്നു വെളിച്ചെണ്ണ വാങ്ങിയതിൽ മാത്രം എട്ടു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്. 04.04.13 മുതൽ 10.08.13 വരെ എസൻ ട്രേഡിങ് കമ്പനിയിൽ നിന്നാണ് കൺസ്യൂമർഫെഡ് വെളിച്ചെണ്ണ വാങ്ങിയത്. ഈ കമ്പനിയിൽ നിന്ന് 6.60ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ വാങ്ങിയത് കേരഫെഡിന്റെ വിലയെക്കാൾ ഏഴു രൂപ അധികമിട്ടായിരുന്നു. ഗുണനിലവാരം ഉറപ്പാക്കി വിപണനം ചെയ്യുന്ന സർക്കാർ സ്ഥാപനമായ കേരഫെഡിനെ ഒഴിവാക്കി ഗുണനിലവാരമില്ലാത്ത സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് വെളിച്ചെണ്ണ വാങ്ങാൻ തീരുമാനിച്ചത് തന്നെ വെട്ടിപ്പ് ലക്ഷ്യമിട്ടാണെന്നാണ് യഥാർഥ്യം. കേരഫെഡ് വെളിച്ചെണ്ണയ്ക്ക് 78 മുതൽ 80 രൂപവരെ വിലയുള്ളപ്പോൾ 85 രൂപ നിരക്കിലാണ് എസെൻ ട്രേഡിങ് കമ്പനിയിൽ നിന്ന് കൺസ്യൂമർഫെഡ് വാങ്ങിയിരുന്നത്. ഒരു വർഷം കൺസ്യൂമർഫെഡിലൂടെ വിറ്റഴിക്കുന്നത് 30 ലക്ഷത്തിലധികം ലിറ്റർ വെളിച്ചെണ്ണയാണ്. കേരഫെഡിനെ ഒഴിവാക്കി തുകകൂട്ടി സ്വകാര്യകമ്പനിയിൽ നിന്നും വെളിച്ചെണ്ണ വാങ്ങുന്നതിലൂടെ വെളിവാകുന്നത് കൺസ്യൂമർഫെഡ് ഭരണസമിതിയും ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളും തമ്മിലുള്ള അവിഹിത ബന്ധമാണ്. കൂടാതെ കേരഫെഡിൽ നിന്ന് വെളിച്ചെണ്ണ വാങ്ങുന്നില്ലെന്ന് മാത്രമല്ല, കേരഫെഡിന് കൊടുക്കാനുള്ള പണം അടയ്ക്കാതെ പിടിച്ചുവച്ചിരുന്നു. അതേസമയം എസെൻ ട്രേഡിങ് കമ്പനിയുടെ പേയ്‌മെന്റുകൾ പാസാക്കുന്നതിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും കാണിക്കുന്ന ശുഷ്‌കാന്തി പറയാതെ വയ്യ.

സാധാരണക്കാരന് കൈത്താങ്ങായിരുന്ന കൺസ്യൂമർഫെഡ് കുറഞ്ഞ കാലം കൊണ്ടാണ് സാധാരണക്കാരനെ ഞെക്കി കൊല്ലുന്ന പിശാചായി മാറിയത്. വിപണിയിൽ കിട്ടുന്നതിനേക്കാൾ അഞ്ചും ഏഴും രൂപ അധികം ഈടാക്കി കോടികൾ കൊയ്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും തടിച്ചു കൊഴുത്തപ്പോൾ എല്ലും തോലുമായത് അത്താഴപ്പട്ടിണിക്കാരായ മലയാളികളാണ്. കരിഞ്ചന്തയിൽ പോലും എടുക്കാത്ത വിലയിലാണ് ഇക്കാലയളവിൽ ചെറുപയർ വാങ്ങിയത്. പുറത്ത് കിലോയ്ക്ക് 62 ഉണ്ടായിരുന്ന ചെറുപയർ വാങ്ങിയത് 72നും 82രൂപയ്ക്കും ആണ്. 500 ലോഡ് ചെറുപയർ വാങ്ങിയപ്പോൾ കിലയോ്ക്ക് 10 മുതൽ 20 രൂപ വരെയാണ് ഇവർ വിഴുങ്ങിയത്. ചെറുപയറിൽ മാത്രം 20 കോടി അടിച്ചു മാറ്റിയപ്പോൾ പഞ്ചസാരയിൽ 12 കോടി രൂപയാണ് കൈയിലാക്കിയത്. പഞ്ചസാര ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ പൊന്നി ഷുഗേഴ്‌സ് കിലോയ്ക്ക് 32.50 പൈസ നിരക്ക് വ്യക്തമാക്കിയപ്പോൾ ചങ്ങനാശേരിയിലെ രാമനാഥ റെഡ്യാർ മുന്നോട്ട് വച്ച കിലോയ്ക്ക് കിലോയ്ക്ക് 39രൂപ എന്ന നിരക്ക് അംഗീകരിക്കുകയായിരുന്നുഇതിൽ മാത്രം 12 കോടി രൂപയാണ് തട്ടിച്ചത്.

കൺസ്യൂമർഫെഡിലെ താപ്പാനകൾ നടത്തിയ അഴിമതിയെ കുറിച്ച് ടോമിൻ തച്ചങ്കരി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് തച്ചങ്കരിയെ പുറത്താക്കാനുള്ള നീക്കം സജവമായത്. കൺസ്യൂമർ ഫെഡിന്റെ മറവിൽ സ്വകാര്യമുതലാളിമാർക്ക് ഒത്താശ ചെയ്തും കമ്മീഷൻ പറ്റിയും കോടികൾ പലരുടേയും പോക്കറ്റിലേക്ക് ഒഴുകിയും ഒഴുക്കിയും ഭരണസമിതിയെ നയിച്ച കൺസ്യൂമർഫെഡ് പ്രസിഡന്റ് അഡ്വ. ജോയ് തോമസിന്റെ കള്ളിവെളിച്ചത്തായ സ്ഥിതിക്ക് തച്ചങ്കരിയേയും റിപ്പോർട്ടിനെയും പേടിക്കാതെ തരമില്ലല്ലോ?