ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശികളായ ദമ്പതികൾ സമർപ്പിച്ച കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി നടൻ. കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ തനിക്ക് വിധി പറയാനാവില്ലെന്ന് ജഡ്ജിയും അഭിപ്രായപ്പെട്ടതോടെ ഇക്കാര്യം സജീവ ചർച്ചയാകുന്നു. ഡിഎൻഎ പരിശോധന നടത്തി ഇക്കാര്യം തെളിയിച്ച് കേസ് അവസാനിപ്പിക്കാമെന്നിരിക്കേ ധനുഷ് എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അതിൽ പരാജയഭീതികൊണ്ടാണ് ഇത്തരമൊരു നീക്കമെന്നുമാണ് ആരോപണം ഉയരുന്നത്. ശരീരത്തിലെ മറുകുകൾ നടൻ ലേസർ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞതാണെന്ന വാദവും വയോധിക ദമ്പതികൾ ഉയർത്തുന്നു.

ഇതോടെ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വയോധികദമ്പതികൾ സമർപ്പിച്ച പരാതി കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ മദ്രാസ് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ താൻ സന്നദ്ധനല്ലെന്ന് കോടതിയിൽ ധനുഷ് വ്യക്തമാക്കി. ഒന്നും ഒളിക്കാനല്ലെന്നും പക്ഷേ തന്റെ ആത്മാർത്ഥതയെയും സ്വകാര്യതയെയും ടെസ്റ്റ് ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ധനുഷ് പറഞ്ഞു.

ഇതുപോലൊരു ബാലിശമായ കേസുകളിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ കഴിയില്ലെന്നും ധനുഷ് വ്യക്തമാക്കി. ജസ്റ്റിസ് പി എൻ പ്രകാശിന്റെ മുന്നിലാണ് ധനുഷ് തന്റെ ഭാഗം വ്യക്തമാക്കിയത്. എന്നാൽ 65,000 രൂപപ്രതിമാസം ചെലവിന് നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികദമ്പതികൾ സമർപ്പിച്ച ഹർജി തള്ളണമെന്ന് ധനുഷ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകളിൽ പറഞ്ഞിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാമകൃഷ്ണൻ വീരരാഘവൻ വാദിച്ചു. 'എന്റെ അധികാര പരിധിക്കു പുറത്തു വരുന്നതിനാൽ ഡിഎൻഎ ടെസ്റ്റിന്റെ കാര്യത്തിൽ ഞാൻ വിധി പറയില്ല. ഡിഎൻഎ ടെസ്റ്റിനു തയാറാകാത്തതിൽ നിന്നു എന്തെങ്കിലും അഹിതമായത് ഊഹിക്കാനും ഞാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ താരത്തെ ഏതെങ്കിലും കീഴ്‌കോടതിയിൽവെച്ച് സാക്ഷിവിസ്താരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വയോധികദമ്പതികൾ സമർപ്പിച്ചിരിക്കുന്ന ഹർജിക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണു ഞാൻ.' ജഡ്ജി പി എൻ പ്രകാശ് പറഞ്ഞു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശൻ- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകൾ പക്കലുണ്ടെന്നാണ് വാദം. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാർത്ഥപേര്. എന്നാൽ ഇത് തെറ്റാണെന്നാണ് വയോധികദമ്പതികൾ പറയുന്നത്. നിർമ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.

2002 ൽ സ്‌കൂളിൽ പഠിക്കുമ്പോൾ നാടുവിട്ടുപോയ തങ്ങളുടെ മകൻ കലൈയരസൻ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങൾ കതിരേശനും മീനാക്ഷിയും കോടതിയിൽ തെളിവായി പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയിൽ ധനുഷിന്റെ ശരീരത്തിൽ ഈ അടയാളങ്ങൾ ഉണ്ടായിരുന്നില്ല.

ധനുഷിന്റെ ഇടത് തോളിൽ ഒരു മറുകും ഇടത് കാൽമുട്ടിൽ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികൾ കോടതയിൽ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോൾ സർക്കാർ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകൾ പരിശോധിക്കാൻ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ അടയാളങ്ങളൊന്നും കണ്ടില്ല. ടോർച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകൽവെളിച്ചത്തിലും ശരീരം പരിശോധിച്ചു.

എന്നിട്ടും അടയാളങ്ങൾ കണ്ടെത്താനായില്ല. ലേസർ ടെക്‌നിക്ക് വഴി മറുകു മായിച്ചു കളയാമെന്നാണ് ഇവർ അവകാശപ്പെടുന്നത്. തുടർന്ന് വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ഉത്തരവിട്ടു. അവിടെയും ധനുഷിന് അനുകൂലമായിരുന്നു വിധി.

കോടതിയിൽ ധനുഷ് ഹാജരാക്കിയ ജനനസർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവർ ആരോപിച്ചു.ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതൽ രേഖകൾ തെളിവായി ഹാജരാക്കാമെന്ന് കതിരേശൻ മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ധനുഷ് കോടതിയിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് തെറ്റാണെന്നും മധുരയിലാണ് ധനുഷ് ജനിച്ചതെന്നും ഇവർ ആരോപിക്കുന്നു.

ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവർ പറയുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി സിനിമയിൽ സജീവമായതോടെ ഉപേക്ഷിച്ചെന്നും പറയുന്നു.

1985 നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർത്ഥ പേര് കാളികേശവൻ എന്നാണെന്ന് ദമ്പതികൾ അവകാശപ്പെടുന്നു. കൂടാതെ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അദ്ധ്യാപകരും തെളിവുമായി തങ്ങളെ സഹായിക്കാൻ ഉണ്ടെന്നും ഇവർ പറഞ്ഞു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നും ഇവർ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവർ തെളിവിനായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

2016 നവംബർ 25ന് മധുര മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ദമ്പതികൾ കേസ് ഫയൽ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നൽകണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടർന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവിട്ടു. എന്നാൽ ബ്ളാക്മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാൽ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചിൽ ഹർജി സമർപ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.