- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പ്രതിസന്ധിയിൽ പെടുമ്പോഴൊക്കെ അതിജീവനത്തിനായി ഉറ്റുനോക്കിയ പരിചയസമ്പന്നൻ; അനുഭവസമ്പത്തും നേതൃപാടവവും ഉണ്ടായിട്ടും പ്രധാനമന്ത്രിയാകാനുള്ള മോഹം തല്ലിക്കെടുത്തിയത് സോണിയ; തന്നെ പ്രധാനമന്ത്രിയായി സോണിയ തിരഞ്ഞെടുത്തപ്പോൾ നിരാശനാകാനും അസ്വസ്ഥനാകാനും പ്രണബ് ദായ്ക്ക് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് തുറന്നടിച്ചത് ശാന്തഗംഭീരനായ സാക്ഷാൽ മന്മോഹൻ സിങ്; പിന്നീട് രാഷ്ട്രപതി പദവിയിൽ എത്തിയതിലും ഉണ്ട് നാടകങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രി പദവിയിലേക്ക് ഡോ. മന്മോഹൻ സിങ്ങിന്റെ പേര് സോണിയാ ഗാന്ധി നിർദേശിക്കുമ്പോൾ കോൺഗ്രസ്സിലെ പലരും അസ്വസ്ഥരായിരുന്നു. കാരണം, മന്മോഹനെക്കാൾ പാർട്ടിയിൽ അനുഭവസമ്പത്തും നേതൃപാടവവും അർഹതയുമുള്ള നേതാക്കൾ വേറെയുണ്ടായിരുന്നു. അതിലേറ്റവും പ്രമുഖനായിരുന്നു പ്രണബ് മുഖർജി. സ്വാഭാവികമായും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന പ്രണബിന്, ലഭിച്ചത് വേറെ ചുമതലകൾ. എന്നാൽ, ആ ചുമതലകൾ അദ്ദേഹം നന്നായി നിറവേറ്റി. ഒടുവിൽ, രാഷ്ട്രപതി സ്ഥാനത്തുമെത്തി.
പ്രണബിന്റെ ഗുണഗണങ്ങൾ ഏറ്റവും നന്നായറിയുന്നത് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുള്ള മന്മോഹൻ സിങ്ങിനുതന്നെയാണ്. തനിക്ക് കീഴിലും തനിക്ക് മുകളിലും പ്രണബ് പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച മുൻ പ്രധാനമന്ത്രി, പ്രണബിനെ വിശേഷിപ്പിച്ചത് കോൺഗ്രസിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളെന്നാണ്. പ്രണബിന്റെ ആത്മകഥാംശമുള്ള പുസ്തക പരമ്പരയിലെ മൂന്നാം പുസ്തകമായ കോയിലേഷൻ ഇയേഴ്സ്, 1996-2012ന്റെ പ്രകാശനത്തിനിടെയാണ് പ്രണബിനെക്കുറിച്ച് മന്മോഹൻ പ്രശംസകൾ ചൊരിഞ്ഞത്.
സോണിയ പ്രണബിനെ തഴഞ്ഞപ്പോൾ
തന്നെ പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി നിശ്ചയിച്ചപ്പോൾ, അതിൽ നിരാശനാകാനും അസ്വസ്ഥനാകാനും പ്രണബിന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെന്ന് മന്മോഹൻ പറഞ്ഞു. അത്രയ്ക്കും അർഹത പ്രണബിനുണ്ടായിരുന്നു. പാർട്ടി പ്രതിസന്ധിയിൽപ്പെടുമ്പോഴൊക്കെ പ്രാഗത്ഭ്യത്തോടെ അതിനെ അതിജീവിക്കാൻ പ്രണബിന്റെ പരിചയസമ്പന്നതയ്ക്ക് കഴിഞ്ഞിരുന്നു.
പ്രണബും താനുമൊന്നിച്ചുപ്രവർത്തിച്ച കാലങ്ങൾ ഓരോന്നായി മന്മോഹൻ ഓർത്തെടുത്തു. എഴുപതുകളിൽ താൻ ഫിനാൻസ് സെക്രട്ടറിയും പ്രണബ് ധനകാര്യ സഹമന്ത്രിയുമായിരുന്ന കാലം. താൻ ആർ.ബി.ഐ. ഗവർണറും പ്രണബ് ധനമന്ത്രിയുമായിരുന്ന കാലം. 1990-കളിൽ നരസിംഹ റാവു സർക്കാരിൽ ഒരുമിച്ച് പ്രവർത്തിച്ചത്. പ്രണബ് സ്വാഭാവിക രാഷ്ട്രീയക്കാരനാണെങ്കിൽ, താൻ യാദൃച്ഛികമായി രാഷ്ട്രീയത്തിലെത്തിപ്പെടുകയായിരുന്നുവെന്ന് മന്മോഹൻ പറഞ്ഞു.
2004-ൽ സോണിയാജി തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമ്പോൾ, അതിനേറ്റവും അർഹതയുണ്ടായിരുന്നയാൾ പ്രണബായിരുന്നുവെന്ന് മന്മോഹൻ പറഞ്ഞു. എല്ലാ അർഥത്തിലും യോഗ്യത പ്രണബിനായിരുന്നു. എന്നാൽ, താൻ നിസ്സഹായനാണെന്നും സോണിയയുടെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം മനസ്സിലാക്കി. തുടർന്നുള്ള വർഷങ്ങളിൽ യാതൊരു അസ്വാഭാവികതയുമില്ലാതെ യോജിച്ച് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള ഔന്നത്യമാണ് അതിന് കാരണമെന്ന് മന്മോഹൻ പറഞ്ഞു.
സർക്കാരിൽ ഒന്നിച്ചുപ്രവർത്തിച്ചപ്പോൾ എല്ലാ കാര്യങ്ങളിലും പ്രണബിന്റെ ഉപദേശം തേടിയിരുന്നതായി മന്മോഹൻ പറഞ്ഞു. മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന നിലയ്ക്കല്ല, കോൺഗ്രസ്സിലെ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിലാണ് താൻ പ്രണബിനെ കണ്ടിരുന്നതും ബഹുമാനിച്ചതും. ശരദ് പവാറിനെയും പ്രണബിനെയും പോലുള്ള സഹപ്രവർത്തകരാണ് തന്റെ ഭരണം അനായാസമാക്കിയതെന്നും മന്മോഹൻ പറഞ്ഞു.
സോണിയ തല്ലിക്കെടുത്തിയ മോഹം
അതേസമയം പ്രധാനമന്ത്രിയായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രണബും വെളിപ്പെടുത്തി. മന്മോഹൻ സിങ്ങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു. 1996 മുതൽ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ച് അദ്ദേഹമെഴുതിയ 'ദി കോയലിഷൻ ഇയേഴ്സ്' എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.
2012-ൽ പുതിയ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടന്ന ചർച്ച ഓർമിക്കുന്ന ഭാഗത്താണ് തന്നെ പ്രധാനമന്ത്രി ആക്കിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണബ് പറയുന്നത്. 1996 മുതൽ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള പ്രവർത്തന കാലഘട്ടമാണ് പ്രണബ് മുഖർജി തന്റെ പുസ്തകത്തിൽ പറയുന്നത്. 1999-ലെ കോൺഗ്രസിലെ കലാപത്തിന് പിന്നിൽ ശരദ് പവാറിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വ മോഹമായിരുന്നുവെന്നും പ്രണബ് കുറ്റപ്പെടുത്തുന്നു.
രാഷ്ട്രപതിയാക്കി തെറ്റ് തിരുത്തലും
2012 ജൂൺ രണ്ടിന് വൈകിട്ട് നടന്ന ചർച്ചയിൽ പല പേരുകളും സാധ്യതകളും, ലഭിക്കാവുന്ന പിന്തുണയും സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്തു. രാഷ്ട്രപതിയാകാൻ താനാണ് യോഗ്യനെന്ന് സോണിയ അഭിപ്രായപ്പെട്ടതായി പ്രണബ് പറയുന്നു. എന്നാൽ, യു. പി. എ സർക്കാരിന്റെ പ്രവർത്തനത്തിൽ മന്ത്രിയെന്ന നിലയിലെ തന്റെ പങ്ക് എടുത്തു പറഞ്ഞ സോണിയ മറ്റൊരു പേരു പറയാൻ ആവശ്യപ്പെട്ടു. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് മറുപടിയും നൽകിയാണ് യോഗം പിരിഞ്ഞത്.
മന്മോഹൻ സിങ്ങിനെ രാഷ്ട്രപതിയായി സ്ഥാനാർത്ഥിയായി സോണിയ ആലോചിക്കുന്നുവെന്നും, അത്തരമൊരു സാഹചര്യത്തിൽ തന്നെ പ്രധാനമന്ത്രിയാക്കുമെന്നുമുള്ള അവ്യക്തമായ ധാരണയാണ് മടങ്ങുമ്പോൾ തന്റെ മനസ്സിലുണ്ടായതെന്ന് പ്രണബ് തുറന്നു പറയുന്നു. എന്നാൽ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇടപെടലോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്ന് അദ്ദേഹം സ്മരിച്ചിട്ടുണ്ട്