- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കൗട്ട് വീരനായ പുനിത് രാജ്കുമാർ കുഴഞ്ഞ് വീണ് മരിച്ചത് 47ാം വയസ്സിൽ; യാതൊരു ദുശ്ശീലവും ഇല്ലാതിരുന്ന കെ കെ മരിച്ചത് പൊടുന്നനെ; നിങ്ങൾ എ സി മുറിയിലും അമിതമായി വിയർക്കുന്നെങ്കിൽ സൂക്ഷിക്കണം; മധ്യവയസ്ക്കരെ കൊല്ലുന്ന മിന്നൽ ഹാർട്ട് അറ്റാക്കിനെ സൂക്ഷിക്കുക!
കൊച്ചി: നന്നായി വ്യായാമം ചെയ്യുകയും, കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കിയും, ദുശ്ശീലങ്ങൾ ഒന്നമില്ലാത്ത ജീവിതം നയിച്ചിട്ടും പൊടുന്നനെ ഹൃദയാഘാതം വന്ന് മരിക്കുക. 47ാമത്തെ വയസ്സിൽ മരിച്ച കന്നഡ നടൻ പുനിത് രാജക്മാറിന്റെ ദുരന്തത്തിന് പിന്നാലെ, തൃശൂർ സ്വദേശിയായ ഹിന്ദി ഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നതിന്റെ മരണവും ഞെട്ടലാവുകയായാണ്. പുനിതിനെപ്പോലെ, നല്ലൊരു ജീവിത രീതി പിന്തുടർന്നിരുന്ന വ്യക്തിയായിരുന്നു കെ കെയും. ദിവസവും വ്യായാമം ചെയ്യുന്ന, ദുശ്ശീലങ്ങൾ ഇല്ലാത്ത, ഭക്ഷണം നിയന്ത്രിക്കുന്ന വ്യക്തി. എന്നിട്ടും 53ാമത്തെ വയസ്സിൽ അദ്ദേഹം കടന്നുപോയി എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.
കൊൽക്കത്തയിലെ നസ്രുൾ മഞ്ച ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിക്ക് ശേഷമായിരുന്നു കെ കെയുടെ അന്ത്യം. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലിലെത്തിയ കെകെയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സിഎം ആർ ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിരവധി ഹിറ്റുഗാനങ്ങളാൽ ബോളിവുഡിനെ കീഴടക്കിയ കെകെയുടെ മരണകാരണം ഹൃദ്രോഗമാണെന്ന് ആദ്യ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുകയാണ്. ഹൃദയത്തിന്റെ പ്രധാന ധമിനിയിൽ കൊഴുപ്പടിഞ്ഞുള്ള കനത്ത ബ്ലോക്കുണ്ടെന്നാണ് റിപ്പോർട്ട്.
അമിതമായി ശരീരം വിയർത്താൽ സൂക്ഷിക്കണം
പക്ഷെ ഇതിനിടയിൽ സംഗീത പരിപാടി നടക്കുന്ന ഹാളിൽ തന്നെ കെകെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതായി കൊൽക്കത്തയിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചീഫ് കാർഡിയാക് സർജൻ ഡോ. കുനാൽ സർക്കാർ പറയുന്നു. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം സംഗീത പരിപാടി നടന്ന ഹാളിൽ തന്നെ കെ കെ കാണിച്ചിരുന്നത്രെ. നമ്മൾ എല്ലാവരും സാധാരണഗതിയിൽ അവഗണിക്കുന്ന ലക്ഷണം.
സംഗീത നിശയുടെ ഒരു ഘട്ടത്തിൽ കെ കെ അമിതമായി വിയർക്കുന്നുണ്ടായിരുന്നു. അന്നേരം എല്ലാവരും പറഞ്ഞത് ഹാളിൽ വേണ്ടത്ര എസിയില്ലാത്തതിനാലും ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയോളം കേൾവിക്കാർ ഉള്ളതിനാലും അമിത ഉഷ്ണത്തിൽ വിയർക്കുന്നു എന്നാണ്. വാസ്തവത്തിൽ അത് കടുത്ത ഹൃദയാഘാതം വരാൻ പോകുന്നുവെന്നതിന്റെ സുവ്യക്തമായ ലക്ഷണമായിരുന്നു അമിതമായ ശരീരം വിയർക്കൽ.
ഏകദേശം രണ്ട് രണ്ടര മണിക്കൂറിന് മുൻപേ കെ കെ മിന്നൽ ഹൃദയാഘാതത്തിന്റെ ലക്ഷണം കാണിച്ചിരുന്നു. പക്ഷെ കൂടെയുള്ളവർ അത് ഹാളിൽ എസിയില്ലാത്തതിനാലാണെന്ന് തെറ്റിദ്ധരിച്ചു. നടന്നുപോകാവുന്ന ദൂരത്തിലുള്ള തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാതെ തിരക്കുള്ള നഗരത്തിൽ 12 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കെകെയെ കൊണ്ടുപോയതും അബദ്ധമായെന്ന് ഡോ. കുനാർ സർക്കാർ പറയുന്നു.
മധ്യവയസ്സിൽ എത്തിയ യുവാക്കൾ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ഫോർടിസ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധയായ അപർണ്ണ ജയ്സ്വാൾ പറയുന്നു. നെഞ്ചിൽ ഉണ്ടാകുന്ന വേദനകൾ നിസ്സാരമായി തള്ളരുത്. അതുപോലെ പടിക്കെട്ട് കയറുമ്പോഴോ ശാരീരികമായി അമിതമായി അധ്വാനിക്കുമ്പോഴോ ചുമലുകളിലേക്ക് കയറുന്ന വേദനയും കൈകളിലെ വേദനയും ശ്രദ്ധിക്കണം. ശ്വാസം കഴിക്കാൻ പാടുപെടുമ്പോഴും അമിതമായി വിയർക്കുമ്പോഴും ശ്രദ്ധിക്കണമെന്നും അപർണ ജയ്സ്വാൾ പറയുന്നു.
കോവിഡിന് ശേഷം അറ്റാക്ക് കൂടുന്നു
കെ കെ യെ സംബന്ധിച്ച് നല്ലൊരു ജീവിത രീതി പിന്തുടർന്നിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. ദിവസവും വ്യായാമം ചെയ്യുന്ന പ്രത്യേകിച്ച് കാർഡിയോ വർക്കൗട്ടുകൾ ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു. മാത്രവുമല്ല, ഒരു ദിവസം ആരംഭിക്കുമ്പോൾതന്നെ മൂന്ന് മുതൽ നാല് ഗ്ലാസ് വരെ വെള്ളം കുടിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമാണ് പ്രാതലിന് ഉൾപ്പെടുത്തിയിരുന്നുള്ളൂ. ചോറ് പരമാവധി ഒഴിവാക്കിയുമെല്ലാം ശരീരം നന്നായി നോക്കിയിരുന്ന ഒരു വ്യക്തിക്കാണ് അറ്റാക്ക് വന്നിരിക്കുന്നത്. ആരോഗ്യത്തിലും ഭക്ഷണത്തിലും എത്ര ശദ്ധിച്ചിച്ചാലും ബാഹ്യമായ കാരണങ്ങൾ അറ്റാക്കിലേയ്ക്ക് വഴി വയ്ക്കുന്നുണ്ട് എന്ന വസ്തുതയാണ് ഇതിലൂടെ വെളിവാകുന്നത്.
കോവിഡ് മാഹാമാരി ലോകത്തെ വിഴുങ്ങയതിൽ പിന്നെ അളുകൾക്കിടയിൽ അറ്റാക്ക് വരുന്നത് കൂടിയിരിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു. കോവിഡ് ബാധിച്ച ചുരുക്കം ചില ആളുകളിൽ ഒരു വർഷത്തിനുശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഹൃദയം തകരാറിലാവുന്നത്, സ്‌ട്രോക്ക് വരുന്നത് എല്ലാം കോവിഡിനുശേഷം ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാത്തവരിലും കൂടുതലായി കണ്ടുവരുന്നു. 65 വയസ്സിന് താഴെ പ്രായമുള്ളവരിൽ പ്രമേഹവും അമിതവണ്ണവും ഉള്ളവരിൽ ഇത്തരം അസുഖത്തിനുള്ള സാധ്യതയും ഉണ്ട്.
2022 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം 72 ശതമാനം ആളുകളിൽ കോവിഡിനുശേഷം ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതേപോലെ കോവിഡ് വന്നു പോയ 52 ശതമാനം ആളുകളിൽ സ്‌ട്രോക്കും വരുന്നതായി കണ്ടെത്തി.
അമിതമായ ചൂടും അപകടം
വേനൽകാലത്തെ അമിതമായുണ്ടാകുന്ന ചൂടും അറ്റാക്കിന് ഒരു കാരണമാകുന്നു എന്നാണ് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അമിതമായി ചൂട് ഉണ്ടാകുമ്പോൾ ഇത് ശരീരത്തിലെ ബ്ലഡ് പ്രഷർ കുറയ്ക്കുകയും ഇത് ഹൃദയമിടിപ്പ് കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് അറ്റാക്കിലേയ്ക്ക് നയിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അമിതമായി ചൂടുള്ള സമങ്ങളിൽ ശരീരതാപം നിയന്ത്രിക്കുന്നതിനായി ഹൃദയത്തിന് കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടതായി വരുന്നു. ഇതും അറ്റാക്കിലേയ്ക്ക് നയിക്കുന്ന കാരണങ്ങളിൽ ഒന്നാണ്.
ഷോൾഡറിലും, കൈകളിലും, പുറത്തും, കഴുത്തിലും പല്ലിനും നെഞ്ചിനുമെല്ലാം വേദന അനുഭവപ്പെടുന്നത് അറ്റാക്കിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതേപോലെ, നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെടുക, ചെറിയ വേദന അനുഭവപ്പെടുന്നത് അറ്റാക്കിന് മുന്നോടിയായി ശരീരം കാണിക്കുന്ന ലക്ഷണമാണ്. എന്നാൽ പലരും ഇത് അസിഡിറ്റി പ്രശ്‌നമായി തെറ്റിധരിക്കപ്പെടുന്നു എന്നതാണ് വസ്തുത. അതേപോലെ ശരീരത്തിൽ നല്ല തണുപ്പനുഭവപ്പെടുന്നത്, നന്നായി വിയർക്കുന്നത്, ക്ഷീണം തോന്നുന്നത്, ദഹനം നടക്കാതിരിക്കുന്നത്, ശ്വാസം വലിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്, ഇതെല്ലാം അറ്റാക്ക് വരുന്നതിനു മുൻപ് ഒരാളുടെ ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണമാണ്.
മദ്യാപാനവും പുകവലിയും കുറയ്ക്കുക, അതേപോലെ നന്നായി ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. ഇടയ്ക്കിടയ്ക്ക് ഷുഗറും പ്രഷറും കൊളസ്‌ട്രോളും പരിശോധിക്കുക. ഹൃദയത്തിന്റെ പ്രവർത്തനം ശരിയാണോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. അതേപോലെ വ്യായാമം ശീലമാക്കുക. നല്ല മാനസിക ആരോഗ്യം ഉണ്ടാക്കുക എന്നിവയെല്ലാം അറ്റാക്കിനെ തടയുവാൻ സഹായിക്കുന്ന കാര്യങ്ങളാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ