ബരിമല വിവാദം വീണ്ടും പുകയുക ആണ്, നിരീശ്വരവാദികൾ ആയ ഭരണാധികാരികൾ ഹൈന്ദവ വിശ്വാസങ്ങളിലെ നിയമങ്ങൾ തീരുമാനിക്കുന്ന കാലഘട്ടം. ശാസ്ത്രം പുരോഗമിച്ചു ചൊവ്വയിൽ വരെ ഉപഗ്രഹങ്ങൾ എത്തിയ ഈ കാലത്ത്, ക്ഷേത്രങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതെ അകറ്റി നിര്ത്തുന്നത് ശരിയോ എന്നൊരു ചോദ്യം ഉയരുന്നു ഈ അടുത്ത കാലത്തായിട്ട്.

ഉത്തര ഭാരതത്തിൽ ചില ക്ഷേത്രങ്ങളിൽ കോടതി ഉത്തരവിന്റെ പിന്ബലത്തിൽ സ്ത്രീകൾ പ്രവേശനം നേടുകയും ചെയ്തു. തമിഴ്‌നാട്ടിലെ ചില ക്ഷേത്രങ്ങളിൽ അതേ പോലെ തന്നെ ഉത്തരഭാരതത്തിലെ ചില ക്ഷേത്രങ്ങളിൽ ഭക്തര്ക്ക് നേരിട്ട് പ്രതിഷ്ഠകളിൽ അഭിഷേകം നടത്തുവാനും പൂജ നടത്തുവാനും ഒക്കെ സാധിക്കും. അങ്ങിനെ എങ്കിൽ കേരളത്തിലെ ക്ഷേത്രത്തിൽ എന്തുകൊണ്ട് ഇതൊന്നും സാധിക്കുന്നില്ല. ഹിന്ദു മത പ്രമാണങ്ങളിൽ, നിയമാവലികൾ ഇല്ല എന്നുള്ളത് ആണ് ഇത്തരം സംശയങ്ങളുടെ കാരണം.

കേരളത്തിലെ ക്ഷേത്ര സങ്കല്പങ്ങൾ ഉടലെടുക്കുന്നത് ഉപാസനാരീതികളും ആയി ബന്ധപ്പെട്ടാണ്. ഉപാസനാ സങ്കല്പങ്ങൾ ആണ് പ്രതിഷ്ഠ നടത്തുന്ന സമയത്ത് നിഷ്ഠകൾ ആയി രൂപീകൃതം ആകുന്നതു. ഈ സങ്കല്പങ്ങൾ ക്ഷേത്ര തന്ത്രി ആയി നിശ്ചയിക്കപ്പെടുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്നു, തന്ത്രി ആ മൂര്ത്തിയുടെ പിതാവിന്റെ സ്ഥാനത്ത് ആണ് ഉള്ളത്. പിന്നീട് ആ ക്ഷേത്രത്തിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത് തന്ത്രി ആകുന്നതിന്റെ യുക്തി അതിനാൽ ആണ്. രാജ ഭരണ കാലത്തെ പരിഷ്‌കരണം ആണോ എന്നറിയില്ല, താന്ത്രിക പൂജകളുടെ അവകാശം കുടുംബങ്ങള്ക്ക് ആയി. താന്ത്രിക വിധികൾ പഠിക്കാത്തവരും, അത് പിന്തുടരാത്തവരും എല്ലാം ആ കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ തന്ത്രിമാർ ആയി സ്ഥാനം ഏറ്റെടുത്തു. ക്ഷേത്ര ചൈതന്യങ്ങൾ ക്ഷയിക്കാൻ തുടങ്ങിയത് അവിടെ മുതൽ ആണ്.

ക്ഷേത്ര പ്രതിഷ്ഠകളിൽ പല ഭാവങ്ങൾ ഉണ്ട്, വനദേവതാ സങ്കല്പം നിശ്ചയിക്കപ്പെട്ട ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയുടെ മുകളിൽ ശ്രീ കോവിൽ കെട്ടില്ല, പ്രതിഷ്ഠയുടെ മുകളിൽ മഴയും വെയിലും എല്ലാം വേണം എന്നുള്ളത് ആണ് അവിടെ നിശ്ചയം, മലയാലപ്പുഴ ദേവീ ക്ഷേത്രം അതിന്റെ ഒരു ഉദാഹരണം ആണ്. ഇതേ പോലെ പല സങ്കല്പണങ്ങൾ ഉണ്ട്, ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വേലായുധസ്വാമി വേൽ തിരിച്ചു പിടിച്ചു കൊണ്ട് ആണ് നില്ക്കുന്നത്, പക്ഷെ മറ്റുള്ള എല്ലാ മുരുക ക്ഷേത്രങ്ങളിലും വേൽ നേരെ പിടിച്ചു കൊണ്ട് ആണ് മൂര്ത്തി നില്ക്കുന്നത്. പാലക്കാട് ഹേമാംബികാ ക്ഷേത്രം ദേവീ സങ്കല്പത്തിന് രണ്ടു കൈകൾ ആണ് ഉള്ളത്. അവിടെ എല്ലാം ഓരോ സങ്കല്പങ്ങൾ ആണ് ഉള്ളത്. അതേ പോലെ തന്നെ ശബരിമല ക്ഷേത്രം നൈഷ്ടിക ബ്രഹ്മചാരി ആയ അയ്യപ്പൻ ആണ് പ്രതിഷ്ഠ ആയി ഉള്ളത്, അവിടെ പ്രതിഷ്ഠ നടത്തിയവരുടെ വിധി ആണ് അവിടെ സ്ത്രീകൾ വരരുത് എന്നുള്ളത്.

ഇനി അവിടെ പ്രതിഷ്ഠ സങ്കല്പം മാറ്റി എടുത്തു കൂടെ? നിരവധി ക്ഷേത്രങ്ങളിൽ അങ്ങിനെ ചൈതന്യം മാറ്റി സങ്കല്പം മാറ്റിയിട്ടുണ്ട്, നിരവധി ഭദ്രകാളീ ക്ഷേത്രങ്ങളിൽ നിഷ്ഠകൾ പിന്തുടരുവാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന കാരണത്താൽ ചൈതന്യം മാറ്റി എടുത്തിട്ടുണ്ട്, ഭഗവതീ സങ്കല്പനങ്ങൾ അല്ലെങ്കിൽ സരസ്വതീ സങ്കല്പയങ്ങൾ ഒക്കെ ആയി. പക്ഷെ ശബരിമലയിൽ ചൈതന്യം മാറ്റുന്നത് ഭൂഷണമോ എന്ന് ചിന്തിക്കണം. കാരണം ബ്രഹ്മചര്യ സങ്കല്പം ആണ് അവിടെ പറഞ്ഞിട്ടുള്ള നിഷ്ഠ, നിരവധി ഭക്തർ അത് പാലിക്കുന്നില്ല എന്ന് ആക്ഷേപം ഉന്നയിക്കാം, പക്ഷെ തികഞ്ഞ ഭക്തിയോടെ അത് പാലിക്കുന്ന നിരവധി ആളുകൾ ഉണ്ട്. വടക്കൻ ജില്ലകളിലും, തമിഴ് ഭക്തരും മറ്റും തികഞ്ഞ ഭക്തിയോടെ തന്നെ നോയമ്പ് കാലഘട്ടത്തിൽ കറുത്ത വസ്ത്രങ്ങൾ ധരിക്കുകയും, ചെരുപ്പ് പോലെ ഉള്ള വസ്തുക്കൾ ധരിക്കാതെയും, ബ്രഹ്മചര്യ നിഷ്ഠകൾ അനുവര്ത്തിച്ചും ഒക്കെ ശബരിമലയിൽ എത്തുന്നുണ്ട്.

[BLURB#1-VL]നിഷ്ഠകൾ പാലിക്കാത്തവരെ ചൂണ്ടിക്കാണിച്ചു ക്ഷേത്ര സങ്കല്പത്തെ അപഹസിക്കുന്നത് ഭൂഷണമോ എന്ന് ചിന്തിക്കണം. കടുത്ത നിഷ്ഠകൾ പിന്തുടരുന്നവരുടെ ബഹുമാനാര്ഥം ആണ് കെ എസ് ആർ ടി സി പോലെ ഉള്ള സ്ഥാപനങ്ങൾ പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിൽ സ്ത്രീകൾ കയറരുത് എന്ന് പറയുന്നത്. പക്ഷെ അതും വിവാദം ആക്കുവാൻ ശ്രമിക്കുന്നതിനു പിന്നിൽ നിരവധി രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണ് ഉള്ളത്.

മത വിശ്വാസങ്ങൾ ആരെയും ഹനിക്കുന്നില്ല എങ്കിൽ ഭക്തരെ ആദരിക്കുക ആണ് വേണ്ടത്, റംസാൻ നോമ്പ് കാലത്ത് നോമ്പ് നോക്കുന്നവരുടെ മുന്പിൽ ഇരുന്നു ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത്, അവരോടുള്ള ബഹുമാനം കൊണ്ട് ആണ്, അല്ലാതെ നിയമം അനുശാസിക്കുന്നതുകൊണ്ടല്ല. ഇതേ പോലെ തന്നെ, ആണ് എല്ലാ വിശ്വാസങ്ങളിലും. ബ്രഹ്മചര്യ സങ്കല്പം ശബരിമലയിൽ മാറ്റുക ആണെങ്കിൽ മറ്റു അയ്യപ്പ ക്ഷേത്രങ്ങളും ശബരിമലയും തമ്മിൽ ഒരു വ്യത്യാസവും ഇല്ല, ആദ്യത്തെ കുറച്ചു വര്ഷം, കൗതുകത്തിന്റെ പേരിൽ കുറച്ചു സ്ത്രീകൾ ക്ഷേത്ര ദര്ശ്‌നത്തിനു പോകാം, പിന്നീട് ആ ക്ഷേത്രം ക്ഷയിക്കുവാൻ ആണ് സാധ്യത.

രാഷ്ട്രീയം കളിച്ചു നശിപ്പിക്കണോ ശബരിമലയെ എന്നുള്ളത് നന്നായി ചിന്തിക്കേണ്ട കാര്യം ആണ്. ദേവസ്വം ബോര്ഡ് അധികൃതർ ഇതൊന്നും വിശദീകരിക്കാത്തത് അവരും രാഷ്ട്രീയ കാരണങ്ങളാൽ ഭരണത്തിൽ എത്തിയതുകൊണ്ട് ആണ്. വിശ്വാസങ്ങൾ വിശ്വാസികൾ പിന്തുടരട്ടെ, എന്തിനാണ് അവിശ്വാസികൾ അതിൽ തല ഇടുന്നത് എന്ന് ചിന്തിക്കണം. സര്ക്കാലർ മുൻവിധിയോടെ ഇതിൽ തല ഇടരുത്. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരുപ്പതി മോഡൽ ചിന്തകൾ പങ്കു വച്ച് കണ്ടു, ചിന്തകൾ നേരുള്ളതു ആണ് എങ്കിൽ തിരുപ്പതിയിൽ നടപ്പിൽ വരുത്തിയ നല്ല കാര്യങ്ങൾ അദ്ദേഹം മനസ്സിലാകി ഇവിടെ നടപ്പിൽ ആക്കട്ടെ. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് കൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കി, മുഖ്യമന്ത്രിയുടെ നിലപാടുകള്ക്ക് ഉള്ള പിന്തുണ. സത്യത്തിൽ അത് നന്നായി എന്നാണു എന്റെ പക്ഷം. ജനങ്ങള്ക്ക് രാഷ്ട്രീയക്കാരെ വില ഇരുത്തുവാൻ സാധിക്കുമല്ലോ. തിരുപ്പതി പോലെ പണം വാരാവുന്ന ഒരു സ്ഥലം ആയി ശബരിമലയെ വാര്ത്ത് എടുക്കുക എന്നുള്ള ഏതെങ്കിലും ബുദ്ധിജീവികളുടെ ഉപദേശം ആവണം ഇന്ന് സി പി എമ്മിനെകൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത് എന്ന് രാഷ്ട്രീയമായി വില ഇരുത്താം. പക്ഷെ മതിയായ പഠനം നടത്താതെ ഉള്ള നീക്കം ആവും അത്.

കുബേര സങ്കല്പത്തിൽ ഇരിക്കുന്ന വെങ്കിടാചലപതിയുടെ അടുത്ത് ഭക്തർ എത്തുന്നതുശീതീകരിച്ച നടപ്പാതകളിലൂടെയും അതിനിടയിൽ തുടര്ച്ചയായുള്ള വിശ്രമസ്ഥലത്ത് ഇരുന്നും ഒക്കെ ആണ്. നിശ്ചിത ദൂരത്തിൽ സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ഉപയോഗിക്കാവുന്ന ശൗച്യാലയങ്ങൾ ഉണ്ട് തിരുമല ദേവസ്ഥാനത്തു. കാനനവാസൻ ആയ ശബരിമല അയ്യപ്പനെ കാണുവാൻ പോകേണ്ടത് കല്ലും മുള്ളും കാലിക്ക് മെത്ത എന്ന ശരണം വിളിച്ചു കൊണ്ട് ആണ്. ആറും ഏഴും മണിക്കൂർ, പ്രാഥമിക കൃത്യങ്ങൾ പോലും നടത്തുവാൻ സാധിക്കാതെ പൊതു ജനത്തെ നിര്ത്തിക്കൊണ്ട് വി ഐ പി ലൈൻ സൃഷ്ടിക്കാം എന്ന് കരുതുന്നത് രണ്ടു ക്ഷേത്രങ്ങളിലും പോകാത്ത ഏതോ, വ്യക്തിയുടെ മനസ്സിൽ ഉദിച്ചസാമ്പത്തിക മോഹം ആണ്. ഇനി അതൊരു ടൂറിസ്റ്റ് മേഖല ആക്കിയാല് യഥാര്ത്ഥ ഭക്തർ അവിടെ നിന്നും അകന്നു പോകും, പിന്നീട് കുറച്ചു നാൾ ആവിടെ കൗതുകം മൂലം വരുന്നവർ വരും, ആ ക്ഷേത്രം, അത് വഴി കേരളത്തിലെ പലകച്ചവടക്കാരുടെയും വരുമാനം നിലച്ചു പോകും എന്നുള്ളതിൽ കവിഞ്ഞു ഒന്നുംസംഭവിക്കില്ല.

വിശ്വാസം ഇല്ലാത്തവർ വിശ്വാസികളുടെ കാര്യങ്ങളില് കൈ കടത്തണമോ എന്ന് ചിന്തിക്കുക, കോൺഗ്രസ് നേതാക്കളെ ഘടക കക്ഷികള് തീരുമാനിക്കുന്നത് പോലെ. ഇനി അതല്ല ജനകീയ പ്രശ്‌നം ആയി കേരള സര്ക്കാരിന് തോന്നുന്നുണ്ടോ ഈ വിഷയം, എങ്കിൽ തീര്ച്ചയായും സി പി എം ദേശീയ നേതൃത്വം കാശ്മീർ വിഷയത്തിൽ കൈ കൊണ്ട നിലപാട് ഇവിടെയും കൈകൊള്ളാവുന്നത് ആണ്, വിശ്വാസികൾ ആയ സ്ത്രീകളുടെ അഭിപ്രായവോട്ടെടുപ്പ് നടത്തട്ടെ, പക്ഷെ വിശ്വാസികളുടെ മാത്രം ആവണം അഭിപ്രായം രേഖപ്പെടുതെണ്ടത്, അല്ലാതെ സ്ത്രീ ആയതു കൊണ്ടോ ഹൈന്ദവ മാതാപിതാക്കള്ക്ക് ജനിച്ചതുകൊണ്ടോ അവര്ക്ക് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുക്കുവാൻ സാധിക്കരുത്.