- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലും ഗോവയിലും എന്താ ബീഫ് നിരോധിക്കാത്തത്? ബിജെപിയുടെ പശു സ്നേഹം രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ളതാണെന്ന് കർണാടക മുന്മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ബിജെപിയുടെ പശു സ്നേഹം രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ളതാണെന്ന് കർണാടക മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഗോ മാതാവിനെ പൂജിക്കണമെന്ന് പറഞ്ഞുനടക്കുന്ന ബിജെപിക്കാരിൽ എത്രപേരാണ് അവരവരുടെ വീടുകളിൽ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ഗോവധ നിരോധന നിയമം പാസാക്കാതെ ബിജെപി ഭരിക്കുന്ന രാജ്യത്താകമാനം അത് നടപ്പിലാക്കാൻ തയ്യാറാകത്തത് എന്തെന്നും അദ്ദേഹം ചോദിച്ചു. കേരളത്തേയും ഗോവയേയും എന്തിനാണ് ബീഫ് നിരോധനത്തിൽ നിന്നും ഒഴിവാക്കി നിർത്തുന്നതെന്നായിരുന്നു അദ്ദേഹം ഉയർത്തിയ ചോദ്യം.
ഗോവധ നിരോധനം ഇന്ത്യയിൽ മൊത്തം നടപ്പാക്കാനാണ് താൻ ആവശ്യപ്പെടുന്നതെന്നും ബീഫിന്റെ കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കണമെന്നും സിദ്ധരാമയ്യ പരിഹാസ രൂപേണ പറഞ്ഞു.‘ ഇന്ത്യ മുഴുവൻ ഗോവധം നിരോധിക്കണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് കേരളത്തേയും ഗോവയേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും നിയമത്തിൽ നിന്ന് ഒഴിവാക്കുന്നു", സിദ്ധരാമയ്യ ചോദിച്ചു. ഗോവധം നിരോധിക്കുകയാണെങ്കിൽ ലെതർ കയറ്റുമതിയും മൃഗങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉല്പന്നങ്ങളും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാർ ഫാസിസ്റ്റുകളാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. നേരത്തെയും ഗോവധ നിരോധന നിയമത്തെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് കർണാടകയിലെ ഗോവധ നിരോധനനിയമം പ്രാബല്യത്തിൽ വന്നത്. ബില്ലിന് ഗവർണർ അംഗീകാരം നൽകി. പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാനാണ് കർണാടക ബില്ല് പാസാക്കിയത്. ബില്ല് നിയമമായതോടെ പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമായി. നിയമ ലംഘകർക്ക് 3 വർഷം മുതൽ എഴുവർഷം വരെ തടവും, 50,000 മുതൽ 5 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം വരെ തടവും ലഭിക്കും.
എസ്ഐ മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കും.ഇക്കഴിഞ്ഞ ഡിസംബർ 9 നാണ് കർണാടക ഗോവധ നിരോധന നിയമം നിയമസഭയിൽ പാസാക്കിയത്. ഡിസംബർ 29 ന് നിയമസഭാ കൗൺസിലും ഓർഡിനൻസിന് അംഗീകാരം നൽകി.
മറുനാടന് ഡെസ്ക്