- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാമിന് ലഭിക്കാത്ത സ്വർഗ്ഗം ദയവായി എനിക്ക് നൽകരുതേ ദൈവമേ; കലാമും ഗാന്ധിയും കാറൽ മാക്സും പോവാത്ത ആ സ്വർഗം നമുക്ക് ബോംബ് വച്ച് തകർത്താലോ?
ഞാൻ ഒരു ദൈവ വിശ്വാസിയാണ് എന്നാണ് എന്റെ വിശ്വാസം. എന്താണി ദൈവമെന്നോ അങ്ങേരെ എങ്ങനെയാണ് വിശ്വസിക്കേണ്ടതെന്നേ ഉറപ്പില്ലാത്തതുകൊണ്ടാണ് ഞാൻ വിശ്വാസിയാണ് എന്ന് വിശ്വസിക്കുക മാത്രം ചെയ്യുന്നത്. എന്നേ സംബന്ധിച്ചടുത്തോളം ഞാൻ ദുർബലമായിരിക്കുമ്പോൾ എന്നെ തുണയ്ക്കുന്ന കൂട്ടുകാരൻ ആണ് ദൈവം. ഞാൻ ഒറ്റപ്പെടുമ്പോൾ തോളിൽ തട്ടി മൈൻഡ് ചെയ്യണ്ട കൂവേ എന്ന് പറയുന്ന സഹോദരനാണ് ദൈവം. രണ്ടെണ്ണം അടിച്ചിരുന്ന് രണ്ട് തെറി വിളിക്കാൻ തോന്നുമ്പോൾ കൂടെ കൂടി മറുതോറ്റം ചൊല്ലുന്ന കമ്പനിക്കാരൻ ആണ് ദൈവം. തൂണിലും തുരുമ്പിലും സ്പർശനത്തിലും സ്‌നേഹത്തിലും സഹജീവികളിലും സസ്യ ജാലങ്ങളിലും വന്യ മൃഗങ്ങളിലും നദിയിലും ശത്രുക്കളിലും ഒക്കെ ഞാൻ ദൈവത്തെ കാണുന്നു. എന്റെ തിരക്കുകൾക്കിടയിൽ ദൈവവുമായി സംവദിക്കാനോ വഴക്കിടാനോ നേരം കിട്ടാത്തതുകൊണ്ട് പള്ളിയിലും അമ്പലത്തിലും ഒക്കെ ചെല്ലുമ്പോഴാണ് ഞാൻ അങ്ങേരേ അടുത്ത് കാണുന്നത്. പള്ളിയിൽ ചെന്ന് കുർബാന കൂടുമ്പോഴും അമ്പലത്തിൽ ചെന്ന് ദീപാരാധന തൊഴുമ്പോഴും ഞാൻ ഒരേ ദൈവത്തെ കാണുന്നു. ഞാൻ ജനിച്ച നാട്ടിൽ ഒരു മുസ്ലി
ഞാൻ ഒരു ദൈവ വിശ്വാസിയാണ് എന്നാണ് എന്റെ വിശ്വാസം. എന്താണി ദൈവമെന്നോ അങ്ങേരെ എങ്ങനെയാണ് വിശ്വസിക്കേണ്ടതെന്നേ ഉറപ്പില്ലാത്തതുകൊണ്ടാണ് ഞാൻ വിശ്വാസിയാണ് എന്ന് വിശ്വസിക്കുക മാത്രം ചെയ്യുന്നത്. എന്നേ സംബന്ധിച്ചടുത്തോളം ഞാൻ ദുർബലമായിരിക്കുമ്പോൾ എന്നെ തുണയ്ക്കുന്ന കൂട്ടുകാരൻ ആണ് ദൈവം. ഞാൻ ഒറ്റപ്പെടുമ്പോൾ തോളിൽ തട്ടി മൈൻഡ് ചെയ്യണ്ട കൂവേ എന്ന് പറയുന്ന സഹോദരനാണ് ദൈവം. രണ്ടെണ്ണം അടിച്ചിരുന്ന് രണ്ട് തെറി വിളിക്കാൻ തോന്നുമ്പോൾ കൂടെ കൂടി മറുതോറ്റം ചൊല്ലുന്ന കമ്പനിക്കാരൻ ആണ് ദൈവം.
തൂണിലും തുരുമ്പിലും സ്പർശനത്തിലും സ്‌നേഹത്തിലും സഹജീവികളിലും സസ്യ ജാലങ്ങളിലും വന്യ മൃഗങ്ങളിലും നദിയിലും ശത്രുക്കളിലും ഒക്കെ ഞാൻ ദൈവത്തെ കാണുന്നു. എന്റെ തിരക്കുകൾക്കിടയിൽ ദൈവവുമായി സംവദിക്കാനോ വഴക്കിടാനോ നേരം കിട്ടാത്തതുകൊണ്ട് പള്ളിയിലും അമ്പലത്തിലും ഒക്കെ ചെല്ലുമ്പോഴാണ് ഞാൻ അങ്ങേരേ അടുത്ത് കാണുന്നത്. പള്ളിയിൽ ചെന്ന് കുർബാന കൂടുമ്പോഴും അമ്പലത്തിൽ ചെന്ന് ദീപാരാധന തൊഴുമ്പോഴും ഞാൻ ഒരേ ദൈവത്തെ കാണുന്നു. ഞാൻ ജനിച്ച നാട്ടിൽ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാത്തതിനാലും മുസ്ലിം ആരാധനയെക്കുറിച്ച് അടിസ്ഥാന വിവരം ഇല്ലാത്തതിനാലും മുസ്ലിം അല്ലാത്തവർക്ക് മോസ്‌ക്കിൽ പ്രവേശനം ഉണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാലും ഞാൻ മോസ്‌ക്കിൽ പോവാറില്ല. എന്നാൽ അമ്പലത്തിലും പള്ളിയിലും കാണുന്ന അതേ ദൈവം തന്നെയാണ് അവിടെയും ഉള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ജനിച്ചത് ഒരു ക്രൈസ്തവ കുടുംബത്തിൽ ആയതിനാൽ ഞാൻ ദൈവത്തെ ആദ്യം മുതൽ കണ്ടത് ക്രിസ്തുവിന്റെയും ക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെയും രൂപത്തിൽ ആയിരുന്നു. ചെറുപ്പത്തിൽ ക്രിസ്തുവിലൂടെയല്ലാതെ മറ്റൊരു ദൈവത്തിലൂടെയും രക്ഷയില്ല എന്നായിരുന്നു എന്റെ വിശ്വാസം. ഏക ദൈവം എന്നാൽ അത് ക്രിസ്തുവിന്റെ പിതാവായ ദൈവം ആണ് എന്ന് ഞാൻ കരുതി. എന്നാൽ പിന്നീട് എനിക്ക് മനസ്സിലായി. ദൈവത്തിന് രൂപമില്ല. മതങ്ങൾ അവരുടെ നിലപാടിന് വേണ്ടി ഓരോ രൂപങ്ങൾ ഉണ്ടാക്കിയെടുത്തതാണ് എന്ന്. അതിനർത്ഥം ഞാൻ ഒരു മതവിരോധിയാണെന്നല്ല. മതങ്ങൾക്കെതിരെ യുദ്ധം ചെയ്തു ഇവിടെ വിപ്ലവം സൃഷ്ടിക്കാം എന്ന് ഇടക്കാലത്ത് തോന്നിയത് കമ്മ്യൂണിസം തലയിൽ പിടിച്ച സമയത്ത് മാത്രം ആയിരുന്നു.
ക്രൈസ്തവ ജീവിത ആചാരങ്ങൾ പിന്തുടരുകയും മക്കളെ സൺഡേ സ്‌കൂളിൽ അയക്കുകയും ഞായറാഴ്ചകളിൽ പള്ളിയിൽ പോവുകയും ഒക്കെ ചെയ്താണ് ഞാൻ ജീവിക്കുന്നത്. എന്നാൽ എന്റെ വിശ്വാസത്തോടൊപ്പം വിലയേറിയതാണ് മറ്റെല്ലാവരുടെയും വിശ്വാസങ്ങൾ എന്ന് ഞാൻ കരുതുന്നു. എന്നെ സംബന്ധിച്ചടുത്തോളം നിരീശ്വരവാദം ഒരു തരം മത വിശ്വാസമാണ്. ഈശ്വരൻ ഇല്ല എന്ന് വിശ്വസിച്ച് ഒരാൾ സന്തോഷം കണ്ടെത്തുമ്പോൾ അതിനെയും നമ്മൾ അംഗീകരിക്കണം. അത്യന്തികമായി ഞാനും നിങ്ങളും മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നത് നമ്മുടെ ജീവിതം കൂടുതൽ സമാധാന പൂർണ്ണമാക്കാനും സന്തോഷമാക്കാനും സമ്പന്നമാകാനുമാണ്. അപ്പോൾ എന്തായാൽ എന്ത്.
[BLURB#2-H] ചെറുപ്പത്തിൽ സൺഡേ സ്‌കൂൾ അദ്ധ്യാപകൻ എന്നോട് ആദ്യം ഏക ദൈവത്തെക്കുറിച്ച് പറഞ്ഞത്. ഏറെ വൈകാതെ ഞാൻ ഗാന്ധിജിയെ കുറിച്ച് പഠിച്ചു. ഒരു ദൈവ വിശ്വാസി സ്വന്തം കാര്യത്തേക്കാൾ പ്രധാന്യം മറ്റുള്ളവരുടെ കാര്യത്തിന് നൽകുമെന്ന് മനസ്സിലാക്കിയിരിക്കുന്നതുകൊണ്ട് എനിക്ക് തോന്നി ഏറ്റവും വലിയ ക്രിസ്ത്യാനി ഗാന്ധിജിയാണെന്ന്. അത് കഴിഞ്ഞ് ഞാൻ കാറൽ മാക്‌സിനെ കുറിച്ച് പഠിച്ചു. അപ്പോൾ എനിക്ക് തോന്നി മാക്‌സായിരിക്കും ഏറ്റവും വലിയ ക്രിസത്യാനി എന്ന്. എന്നാൽ സൺഡേ സ്‌കൂൾ അദ്ധ്യാപകൻ പഠിപ്പിച്ച ഏക ദൈവ വിശ്വാസം എന്നെ വേട്ടയാടി. ഗാന്ധിജി രാമനെ ദൈവമായി കരുതിയപ്പോൾ മാക്‌സ് ദൈവം ഇല്ലെന്ന് വിശ്വസിച്ചു. അതുകൊണ്ട് അവർ സ്വർഗ്ഗത്തിൽ ആയിരിക്കുമോ ഇപ്പോൾ?
എന്റെ സംശയം തീർക്കാൻ ഞാൻ ചെന്നത് സൺഡേ സ്‌കൂൾ അദ്ധ്യാപകന്റെ അടുത്ത തന്നെയാണ്. മാക്‌സിനെക്കുറിച്ച് ചോദിക്കാൻ എനിക്ക് നാണം തോന്നിയതുകൊണ്ട് ഞാൻ ഗാന്ധിജിയെക്കുറിച്ച് ചോദിച്ചു. വളരെ നിരാശപ്പെടുത്തുന്നതായിരുന്നു എനിക്ക് ലഭിച്ച ഉത്തരം. ക്രിസ്ത്യാനി ആകാത്തതുകൊണ്ട് ഗാന്ധിജി സ്വർഗ്ഗത്തിൽ പോവില്ല എന്നായിരുന്നു അദ്ധ്യാപകൻ പറഞ്ഞത്. വളരെ നിരാശ തോന്നി എനിക്ക് സ്വർഗ്ഗത്തെ ഓർത്ത്. ഗാന്ധിജിക്ക് ലഭിക്കാത്ത സ്വർഗ്ഗം എന്തായാലും എനിക്ക് ലഭിക്കില്ല എന്ന് ഞാനും തീരുമാനിച്ചു. ഇതേക്കുറിച്ച് ഏതെങ്കിലും വൈദികരോട് ചോദിക്കണം എന്ന് എനിക്കുണ്ടായിരുന്നു.
അതിന് പറ്റിയ ഒരു വൈദികനെ ഇടയ്ക്ക് കണ്ടെത്തി, വിവരം ചോദിച്ചു. വൈദികന്റെ ഉത്തരം അൽപം കൂടി ആശ്വസകരമായിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുകയും എന്നാൽ ക്രിസ്ത്യാനി ആവുകയും ചെയ്യാത്തവർ ചെറിയ പാപങ്ങൾ ചെയ്യുന്നവർക്ക് വേണ്ടിയുള്ള ശുദ്ധീകരണ സ്ഥലത്ത് കൂടി കടന്ന് പോയി സ്വർഗ്ഗത്തിൽ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശുദ്ധീകരണ സ്ഥലത്ത് താമസിക്കുന്ന കാലാവധി പാപങ്ങളുടെ വ്യാപ്തി അനുസരിച്ചാണ്. ക്രിസ്ത്യാനി ആയില്ല എന്ന ഒറ്റ പാപം മാത്രം ചെയ്താൽ ശുദ്ധീകരണ സ്ഥലത്ത് കൂടി ഒന്നു ഓടിച്ചു കയറ്റി ദൈവം ഗാന്ധിജിയെ സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോയി കാണും എന്നാശ്വസിച്ചാണ് അന്ന് ഞാൻ ഉറങ്ങാൻ കിടന്നത്.
[BLURB#1-VL]പ്രായം ചെന്നത് അനുസരിച്ച് സ്വർഗ്ഗം, നരകം, ദൈവം, മതം തുടങ്ങിയ സങ്കൽപ്പങ്ങളെക്കുറിച്ചെല്ലാം ഒരുപാട് മാറ്റങ്ങൾ വന്നു. ഇന്നിപ്പോൾ അമ്പലത്തിൽ പോയി ദീപാരാധന തൊഴുന്നതും വിശുദ്ധ കുർബാന കൈക്കൊള്ളുന്നതും എനിക്ക് ഒരേ തരം അനുഭവം നൽകുന്നു. ഒരേ സമയം ക്രിസ്ത്യാനി ആയിരിക്കാനും ഹൈന്ദവ മൂല്ല്യങ്ങളിൽ വിശ്വസിക്കാനും എനിക്ക് കഴിയുന്നു. മുസ്ലീമിനെ ആദരിക്കാനും അവന്റെ വിശ്വാസത്തിനെ അംഗീകരിക്കാനും എനിക്ക് സാധിക്കുന്നു. ഞാൻ ഒരു മതേതര വാദിയാകുന്നത് മതത്തെ തള്ളിപ്പറഞ്ഞ് കൊണ്ടല്ല. ഏത് മതത്തിന്റെയും മത നേതാക്കളുടെയും കൊള്ളരുതായ്മകളെ തുറന്ന് കാട്ടണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ ഒരു കുറ്റബോധവും എനിക്ക് തോന്നാറില്ല. എന്നാലും സഭയെക്കുറിച്ചും അച്ചന്മാരെക്കുറിച്ചും ഇങ്ങനെയൊക്കെ എഴുതാമോ എന്ന് ചിലർ ചോദിക്കുമ്പോൾ എനിക്ക് യാതൊരു കുറ്റബോധവും തോന്നാറുമില്ല. സഹോദരിയായ കന്യാസ്ത്രി എന്റെ നിലപാട് ചൂണ്ടിക്കാട്ടി പൊട്ടിക്കരയുകയും രോഷം കൊള്ളുകയും ചെയ്യുമ്പോൾ എന്റെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്ന തരത്തിൽ സഹോദരനായ വൈദികൻ പെരുമാറുമ്പോൾ എനിക്ക് ആത്മവിശ്വാസം കൂടുന്നു.
ഏതെങ്കിലും ഒരു മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ആരെങ്കിലും ഒരാളെ വെറുത്താൽ അയാളെ മത വിശ്വാസിയായി കാണാൻ എനിക്ക് കഴിയില്ല. പച്ചക്കള്ളം പറഞ്ഞാണ് എന്റെ മതത്തെ ഒരാൾ അക്ഷേപിക്കുന്നത് എന്ന് കരുതുക. എന്നാൽ പോലും എനിക്ക് അമർഷം തോന്നാനോ പൊട്ടിത്തെറിക്കാനോ തോന്നിയാൽ ഞാൻ യഥാർത്ഥ മതവിശ്വാസിയല്ല. എന്റെ മതത്തെ ഒരാൾ ആക്ഷേപിക്കുമ്പോൾ അത് അയാളുടെ അറിവില്ലായ്മ ആണ് എന്ന് കരുതി ഞാൻ ആയാൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോഴാണ് യതാർത്ഥ വിശ്വാസി ആയി മാറുന്നത്. അതുകൊണ്ട് തന്നെ മത വിമർശനത്തിന്റെ പേരിൽ പൊട്ടിത്തെറിക്കുകയും അസഭ്യം വിളിക്കുകയും രോഷം കൊള്ളുകയും ഒക്കെ ചെയ്യുന്നെങ്കിൽ നിങ്ങൾ യഥാർത്ഥ വിശ്വാസിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്.
ഇതുകൊണ്ട് കൂടിയാണ് ഫെയ്ബുക്കിലെ വർഗ്ഗീയ വിഷം വിളമ്പുന്നവരോട് എനിക്ക് പുച്ഛം തോന്നുന്നത്. ബഷീർ വള്ളിക്കുന്ന് പറഞ്ഞത് പോലെ സ്വർഗ്ഗവും നരകവും ഒക്കെ ദൈവം നിശ്ചയിക്കട്ടെ. മഹാത്മഗാന്ധിയെ പോലെ ഒരാൾക്ക് ലഭിക്കാത്ത സ്വർഗ്ഗം എനിക്ക് വേണ്ട എന്ന് ഞാൻ പണ്ടേ ദൈവത്തോട് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ഒരാളെ കൂടി ചേർക്കാം. കലാമിന് സ്വർഗ്ഗം കിട്ടാൻ വകുപ്പില്ലെങ്കിൽ ആ സ്വർഗ്ഗം എനിക്ക് വേണ്ട എന്ന് മാത്രമല്ല ഒരു പ്രയോജനവും ഇല്ലാത്ത അത് ബോംബ് വച്ച് തകർത്ത് കളയണം എന്നുമാണ് എനിക്ക് പറയാനുള്ളത്. മനുഷ്യന് വേണ്ടി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഗാന്ധിക്കും കലാമിനും കാറൽ മാക്‌സിനും ഒന്നും ലഭിക്കാത്ത ആ സ്വർഗ്ഗം കൊണ്ട് പിന്നെന്താണ് പ്രയോജനം. അതുകൊണ്ട് തമ്പുരാനോട് ഒരു പരാതിയേ എനിക്കുള്ളൂ, മനുഷ്യന് പ്രയോജനം ഇല്ലാത്ത ഈ സ്വർഗ്ഗം ഒന്ന് തകർത്ത് കളയാമോ? അങ്ങനെ എങ്കിലും ഈ നാടിന് കുറച്ച് കൂടി സമാധാനം ലഭിക്കട്ടെ.