- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എന്തുകൊണ്ട് എനിക്ക് നിങ്ങളുടെ ഐക്യദാർഢ്യം വേണം? എം വി നികേഷ് കുമാർ എഴുതുന്നു..
റിപ്പോർട്ടർ നികുതിവെട്ടിപ്പ് നടത്തി എന്നും അതുകൊണ്ട് ചാനലിന്റെ മാനേജിങ് ഡയറക്ടർ ആയ എന്നെ അറസ്റ്റ് ചെയ്തു എന്നുമാണല്ലോ സെൻട്രൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ വാദം. നേരിട്ട് വിഷയത്തിലേക്ക് വരാം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1.07 കോടി രൂപ സർവ്വീസ് ടാക്‌സ് ഇനത്തിൽ റിപ്പോർട്ടർ ടെലിവിഷൻ അടച്ചിട്ടുണ്ട്. ജനുവരി മുതൽ ഇനി ഓൺലൈനിൽ മാത്രമേ ന
റിപ്പോർട്ടർ നികുതിവെട്ടിപ്പ് നടത്തി എന്നും അതുകൊണ്ട് ചാനലിന്റെ മാനേജിങ് ഡയറക്ടർ ആയ എന്നെ അറസ്റ്റ് ചെയ്തു എന്നുമാണല്ലോ സെൻട്രൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ വാദം. നേരിട്ട് വിഷയത്തിലേക്ക് വരാം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1.07 കോടി രൂപ സർവ്വീസ് ടാക്‌സ് ഇനത്തിൽ റിപ്പോർട്ടർ ടെലിവിഷൻ അടച്ചിട്ടുണ്ട്. ജനുവരി മുതൽ ഇനി ഓൺലൈനിൽ മാത്രമേ നികുതി സ്വീകരിക്കൂ എന്ന് സെൻട്രൽ എക്‌സൈസ് അറിയിച്ചപ്പോൾ ഈ മാർഗത്തിൽ പണം അടയ്ക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ അറിയിച്ചു കൊണ്ട് മറ്റ് മാർഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണമെന്നും കാണിച്ച് 29.01.2015ന് സെൻട്രൽ എക്‌സൈസ് വിഭാഗത്തിന് കത്തയച്ചിരുന്നു.
ഇതേസമയം തന്നെ ഞങ്ങൾ ഹൈക്കോടതിയേയും സമീപിച്ചു. ഒരു ടെലിവിഷൻ ചാനൽ പരസ്യദാതാക്കളുമായി തുടക്കത്തിലുണ്ടാക്കുന്ന റിലീസ് ഓർഡറിന്റെ അടിസ്ഥാനത്തിൽ, അതായത് ബില്ലിന്റെ അടിസ്ഥാനത്തിലാണ് സർവ്വീസ് ടാക്‌സ് നൽകേണ്ടത്. ഒരു പുതിയ ചാനൽ എന്ന നിലയിൽ പണം തരാൻ കഴിയുന്ന ആളാണോ പരസ്യം ചെയ്യുന്നത് എന്ന് വ്യക്തത വരുത്താൻ കഴിഞ്ഞിരുന്നില്ല. മുപ്പത് മുതൽ നാൽപത് ശതമാനം വരെ പരസ്യദാതാക്കൾ പണം തരുന്നതിൽ മുടക്കം വരുത്തി. കിട്ടാക്കടത്തിന്റെ 12.34 ശതമാനം നികുതി ഈടാക്കി എന്നുമാത്രമല്ല അതിന്മേൽ മുപ്പത് ശതമാനം പലിശയും ചേർത്തുള്ള കുടിശികയാണ് സെൻട്രൽ എക്‌സൈസ് ആവശ്യപ്പെടുന്നത്. ഇത് ഒരു സ്വതന്ത്ര ചാനലിന് താങ്ങാവുന്നതിന് അപ്പുറമാണെന്നും ഒന്നുകിൽ അത് കിഴിച്ച് ചാനലിന് പിരിഞ്ഞു കിട്ടിയ തുകയ്ക്കുള്ള നികുതി മാത്രം ഈടാക്കണമെന്നും അതല്ലെങ്കിൽ അടയ്ക്കാൻ പാകത്തിൽ ഗഡുക്കളാക്കി തരണമെന്നും ആവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയിൽ ഈ ഹർജി പരിഗണിക്കുന്ന ദിവസം കോടതിയുടെ പ്രവർത്തന സമയത്തിന് മുൻപാണ് അറസ്റ്റിനുള്ള തയ്യാറെടുപ്പുമായി ഉദ്യോഗസ്ഥർ എത്തിയത്. നികുതി അടയ്ക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്നു മാത്രമല്ല, ആദ്യം നികുതി അടയ്ക്കുന്നത് ഞങ്ങളായിരിക്കണമെന്ന വാശിയുമുണ്ട്. അതിനാൽ ഹൈക്കോടതിയുടെ അന്തിമതീർപ്പ് എന്തുമാകട്ടെ വൈകിട്ട് അഞ്ചുമണിക്ക് മുൻപ് തന്നെ മുഴുവൻ പണവും അതായത് ഒരു കോടി നാൽപത് ലക്ഷം രൂപയും അടയ്ക്കാമെന്ന് ഉറപ്പ് നൽകി. അത് ഞങ്ങളല്ല തീരുമാനിക്കുന്നത്, കമ്മീഷണറാണ് എന്നായിരുന്നു സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിലപാട്. ശരി, എങ്കിൽ കമ്മീഷണറെ കാണാം, അങ്ങനെ ഒരു കൂടിക്കാഴ്ചക്കായി സമൻസിൽ ഒപ്പിട്ട് നൽകി. സമൻസ് പ്രകാരം സെൻട്രൽ എക്‌സൈസ് ഓഫീസിലേക്ക് യാത്ര ചെയ്യവേ മറ്റാരുടേയോ ആസൂത്രണത്തിൽ സമൻസ് ലംഘിക്കപ്പെട്ടു.
നികുതിപ്പണം പിരിച്ചെടുക്കുകയല്ല ഉദ്ദേശം എന്ന് വെളിപ്പെട്ടു. സെൻട്രൽ എക്‌സൈസ് ഓഫീസിലേക്കല്ല എന്നെ കൊണ്ടു പോയത്, ഇത്തരം ഉത്തരവാദിത്തങ്ങളില്ലാത്ത മറ്റൊരു കേന്ദ്രത്തിലേക്കാണ്, മാർച്ച് 31ന്റെ ടാർഗറ്റോ നികുതിപിരിവ് ഊർജ്ജിതപ്പെടുത്തലോ ലക്ഷ്യമല്ല, എന്നെ ഒരാഴ്ച ജയിലിൽ ഇടണം, അങ്ങനെ ഒരു സ്റ്റാൻഡ് എലോൺ ന്യൂസ് ചാനലിനെ കൂടി തകർക്കണം. അതിനായി ഹൈക്കോടതി വിധി ലംഘിച്ച് നടത്തിയ അറസ്റ്റ് നീതിപീഠത്തെ പോലും വെല്ലുവിളിക്കുന്നതല്ലേ?
ഇന്ത്യയിലെ ഏതാണ്ടെല്ലാ മാദ്ധ്യമങ്ങളും ഇപ്പോൾ ബഹുരാഷ്ട്ര കുത്തകകളുടേയോ കോർപ്പറേറ്റുകളുടേയോ കൈയിലാണ്. സിഎൻഎൻ ഐബിഎൽ റിലയൻസ് ഏറ്റെടുത്ത് രാജ്ദീപ് സർദേശായിയെ അടിച്ച് പുറത്താക്കി കഴിഞ്ഞു. എൻഡിടിവി ഉടൻ അദാനിയുടെ കരങ്ങളിലെത്തും. ബംഗാളിലെ മാ ടിവി സ്റ്റാറും ഇ ടിവി ശൃംഖല റിലയൻസും ഏറ്റെടുത്ത് കഴിഞ്ഞു. ഒറ്റക്ക് നിൽക്കുക അസാധ്യമെന്ന് ഭരണകൂടം നിരന്തരം ഞങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചില സുഹൃത്തുക്കളും ഇടക്കിടെ ഓർമ്മിപ്പിക്കാറുണ്ട് 'എന്തിനാണ് ടെൻഷൻ? ഷെയർ വിറ്റുകൂടേ? ആ പണം കൊണ്ട് ഇനിയുള്ള ജീവിതം സുഖമായി കഴിയാമല്ലോ? വൻകിടക്കാർക്കു മാത്രമേ ഈ രംഗം കൈകാര്യം ചെയ്യാനാകൂ'. ഈ സമ്മർദ്ദ ഘട്ടത്തിൽ വിറ്റൊഴിഞ്ഞു പോയാൽ റിപ്പോർട്ടറും മറ്റൊരു കുത്തകയുടെ കൈയിലാകും.
അതായത് കേരളത്തിൽ കോർപ്പറേറ്റ് നിയന്ത്രണത്തിൽ അല്ലാത്ത സ്വതന്ത്ര ടെലിവിഷൻ ചാനൽ ഒന്നുപോലും ഇല്ലാതെയാകും. അത് സംഭവിക്കാതിരിക്കണമെങ്കിൽ നിങ്ങളുടെ പിന്തുണ എനിക്ക് വേണം. സാമ്പത്തിക സഹായമല്ല, ഉറച്ച ഐക്യദാർഢ്യമാണ് ആവശ്യം. പിടിച്ച് നിൽക്കാൻ അത് കൂടിയേ തീരൂ.