ന്യുയോർക്ക്: കേംബ്രിജ് അനിലിറ്റിക്കയുടെ ഡേറ്റാ ചോർത്തൽ വിഷയത്തിൽ ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്‌സാപ്പിന്റെ നിർമ്മാതാവും മേധാവിയുമായ ജാൻ കോം ഫേസ്‌ബുക്കിൽ നിന്ന് രാജിവെച്ചു. ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗുമായി പിണങ്ങിയാണ് ജാൻ കോം രാജിവെച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ഫേസ്‌ബുക് പേജ് വഴിയാണ് ജാൻ കോം രാജിവിവരം അറിയിച്ചത്. മാർക് സക്കർബർഗും മറ്റു ഫേസ്‌ബുക് ജീവനക്കാരും യാത്രയയപ്പ് കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് ജാൻ കോം വിശദീകരിക്കുന്നത്. ടെക്‌നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ജീവിതം ആസ്വദിക്കാൻ മാറ്റം ആവശ്യമാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

വാട്‌സാപ്പ്, ഫേസ്‌ബുക് അംഗങ്ങളുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഈ ആശയ ഭിന്നതയാണ് രാജിക്ക് കാരണമെന്നുമാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വാട്‌സാപ്പ് ഉപയോക്താക്കളുടെ സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനിടെ സക്കർബർഗും ജാൻ കോം വഴക്കടിച്ചിരുന്നു. വാട്‌സാപ്പ് എൻക്രിപ്ഷനിലെ വീഴ്ച ചോദ്യം ചെയ്ത് രംഗത്തുവന്ന കോം നേതൃത്വവുമായി ഇടഞ്ഞാണ് രാജിവെച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, കോമിന്റെ രാജി പോസ്റ്റിന് താഴെ യാത്രയാക്കും കമന്റാണ് സക്കർബർഗ് കുറിച്ചിട്ടത്. 'കോമിന്റെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യും. എന്നെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു, ലോകവുമായി ബന്ധപ്പെടാൻ നിങ്ങൾ ചെയ്തു തന്നെ എല്ലാ കാര്യങ്ങളിലും അഭിമാനം കൊള്ളുന്നു' എന്നാൽ സക്കർബർഗ് എഴുതിയത്. അപ്പോഴും വിവാദങ്ങൾ തുടരുകയാണ്.

2009ൽ പുതുതായി വാങ്ങിയ ഐഫോണിൽ കോളുകൾ മിസ് ചെയ്യാൻ തുടങ്ങിയപ്പോൾ പരിഹാരം തേടിയുള്ള ചിന്തയിൽ നിന്നാണ് വാട്‌സാപ് എന്ന ആശയം ജാൻ കോം മനസ്സിൽ കൂടെ കൂട്ടിയത്. ബ്രയാൻ ആക്ഷനുമായി ചേർന്ന് സ്വപ്‌നം യാഥാർത്ഥ്യമാക്കി. 2014 ആയപ്പോഴേക്കു വാട്‌സാപിന് 40 കോടി ഉപയോക്താക്കളായി. അനായാസം ഉപയോഗിക്കാമെന്ന ഗുണവും ലളിതമായ ഡിസൈനും ആപ്പിനെ ജനപ്രിയമാക്കി. അങ്ങനെയാണ് ഫേസ്‌ബുക് വാട്‌സാപ്പിനു വിലപറഞ്ഞത്.

സഹസ്ര കോടീശ്വരനായിട്ടും എന്തിനു ജോലിക്കു പോകുന്നു എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ഇന്നും ലോകത്ത് വാട്‌സാപ് ഉപയോഗിക്കാത്ത ധാരാളം പേരുണ്ട്. അവരെ ഇതിന്റെ ഗുണം ബോധ്യപ്പെടുത്തണം, പിന്നെ കുറേ പ്രശ്‌നങ്ങൾ പരിഹരിക്കാനുമുണ്ട്.