കോഴിക്കോട്: ''നല്ല നിലയിൽ തുടരുന്ന വിവാഹ ബന്ധം, എങ്കിലും കുടുംബത്തിലെ ചിലരുമായി പറഞ്ഞു തീർക്കാവുന്ന ചില്ലറ അലോസരങ്ങൾ. അതിനിടയിൽ പൊടുന്നനെ പിതാവിനെയും കുടുംബത്തെയും ഒന്നിച്ച് കാടടച്ച് വിമർശിക്കുക.'-മന്ത്രി കെ.ടി.ജലീൽ ജമാഅത്ത്-മാധ്യമം-മീഡിയവൺ കേന്ദ്രങ്ങളെ കടുത്തവാക്കിൽ വിമർശിച്ചപ്പോൾ സിപിഎമ്മിലെ ഒരു മുതിർന്ന നേതാവിന്റെ രഹസ്യ പ്രതികരണം ഇപ്രകാരമായിരുന്നു. അതിന് പിന്നിലെ തന്ത്രങ്ങളുടെ നെല്ലും പതിരും തിരിച്ചറിയാനുന്ന ഗവേഷണത്തിലാണ് പാർട്ടിയിലെ ചില കേന്ദ്രങ്ങൾ.

കേരള രാഷ്ട്രീയത്തിലെ തന്ത്രശാലി പി.കെ.കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് നിന്നും കുറ്റിയടിച്ച് നിലം പരിശമാക്കിയതോടെയാണ് കെ ടി ജലീലിന്റെ മിടുക്ക് പുറം ലോകം അറിഞ്ഞത്. അന്ന് വാളാഞ്ചേരിയിൽ നാട്ടുകാർ നൽകിയ സ്വീകരണത്തിൽ 'എന്റെ ശിഷ്ടായുസ്സ് ഞാൻ നിങ്ങളുടെ കാൽക്കീഴിൽ കാണിക്ക സമർപ്പിക്കുമെന്ന് ' പറഞ്ഞാണ് നാട്ടുകാരെ ജലീൽ വീണ്ടും പ്രസംഗത്തിലൂടെ കൈയിലെടുത്തത്.

യു.ഡി.എഫ്.മന്ത്രി സഭയിൽ മൂന്ന് പേർ ചേർന്ന് ഭരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് തനിച്ച് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിച്ചത് താൻ നേരത്തെ നടത്തിയ കേരള യാത്രയിലെ മുഖ്യ പ്രസംഗകൻ കെ.ടി.ജലീലിനെ ആയിരുന്നു.'ആയിരം കോഴിക്ക് അര കാട' എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ സഖാക്കൾ ഇതിലൂടെ ലീഗിനെ പരിഹസിക്കുന്നതും നാം കണ്ടു. എന്നാൽ പുതിയ വകുപ്പ് വിഭജനത്തിൽ എൽ.കെ.ജി.മന്ത്രിയായി രവീന്ദ്രനെയും യു.കെ.ജി.മന്ത്രിയായി കെ.ടി.ജലീലിനെയും മാറ്റി നിയമിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. കാര്യങ്ങൾ മാറിമറിയുന്നതും ഇതോടെയാണ്.

പുതിയ സാഹചര്യത്തിൽ പൊന്നാനി ലോക്‌സഭാ മണ്ഡലം പിടിക്കാൻ സിപിഎമ്മിന് നല്ലൊരു സ്ഥാനാർത്ഥി വേണം. അതിന് പാർട്ടി മനസ്സിൽ കാണുന്നത് കെ.ടി.ജലീലിനെയാണെന്ന് അണിയറ വർത്തമാനം. ജമാഅത്ത്, മുജാഹിദ്, സുന്നീ എന്നീ സംഘടകളുമായി നല്ല ബന്ധം തുടരുന്ന ജലീലിന്റെ ഇമേജ് ഇടത് പക്ഷത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് മുതിർന്ന പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. സമസ്ത ഇ.കെ.വിഭാഗത്തിലെ യുവനേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ള കാര്യവും നേതാക്കൾക്കറിയാം.

മന്ത്രി സ്ഥാനത്ത് ഇളക്കി പ്രതിഷ്ട നടന്നതോടെ അടുത്ത ഘട്ടം പൊന്നാനിക്ക് വണ്ടി കയറേണ്ടി വരുമെന്ന ചിന്ത ജലീൽ ക്യാമ്പിലുമുണ്ടായെന്നാണ് അടക്കിപ്പിടിച്ച വർത്തമാനം. അപ്പോൾ സ്ഥാനാർത്ഥിയായി മൽസരിക്കേണ്ടി വന്നാൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്ന് ആരെക്കാളം നന്നായി ജലീലനറിയാം. അല്ലെങ്കിൽ തന്നെ മന്ത്രി സ്ഥാനത്തിനായി സ്പീക്കർ പി.രാമക്യഷ്ണൻ, വി.കെ.സി.അമ്മദ്‌കോയ എന്നിവരുടെ പേരുകൾ നേരത്തെ തന്നെ അന്തരീക്ഷത്തിൽ സജീവമായി ഉയർന്നിരുന്നു. അവരെയൊക്കെ തഴഞ്ഞാണ് കെ.ടി.മന്ത്രിയായത്.

പൊന്നാനിയിൽ താനാകുമ്പോൾ ലീഗുകാർ കൂടുതൽ ഊർജ്ജസ്വലതയാേടെ പ്രവർത്തിക്കുമെന്ന് ആരെക്കാളും നന്നായി ജലീലിന് അറിയാം. ലീഗിലെ എല്ലാം ഗ്രൂപ്പുകളും ഒന്നിച്ച് തനിക്കെതിരെ വരും. തനിക്ക് മന്ത്രി സ്ഥാനം ലഭിച്ചതോടെ മലപ്പുറത്തെ വികസനവുമായി ബന്ധപ്പെട്ട് ഉയർന്ന ശത്രുക്കൾ ഒന്നിച്ച് തനിക്കെതിരെ വരുമെന്നും ജലീലിനറിയാം. പ്രളയ സമയത്ത് ഭാരതപ്പുഴ സന്ദർശിച്ചപ്പോൾ നാട്ടുകാർ പരിഹസിച്ചതിന്റെ കൈപ്പേറിയ അനുഭവവും ജലീലിന്റെ മുമ്പിലുണ്ട്. ഇതൊക്കെ മുൻകൂട്ടി കണ്ടാണ് ഒരു തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്ക് എടുത്തു ചാടുന്നത് ഒഴിവാക്കാനും അത് മുളയിലേ തകർക്കാനുള്ള ശ്രമമായിരുന്നു ഇക്കഴിഞ്ഞ 17 ന് ഫെയസ് ബുക്കിലൂടെ ജലീൽ നടത്തിയതെന്ന ചിന്ത പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്.

താൻ ഏറെ സ്‌നേഹിച്ച മുതിർന്ന ജമാഅത്ത് നേതാക്കളെയും മാധ്യമം മീഡിയ വൺ ചാനലിനെതിരെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് ഒരു നിലക്കും ജലിൽ രംഗത്ത് വരില്ലെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന വിവരം. മുൻ സിമിക്കാരനായ ജലീലിനെ വളർത്തി വലുതാക്കിയതിൽ ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് ആർക്കും നിഷേിക്കാനാവില്ല. ജമാഅത്തുമായി നല്ല ബന്ധമുള്ളതാണ് ഇപ്പോഴും ജലീലിന്റെ കുടുംബം. പല സമയങ്ങളിലും ജമാഅത്തിന്റെ പള്ളികളിൽ നിത്യ സന്ദർശകനാണ് ഇവർ. ഇപ്പോൾ ഗൾഫിലുള്ള സഹോദരൻ നേരത്തെ ജമാഅത്തിന്റെ പള്ളിയിലെ ഇമാമായിരുന്നു.

വാട്‌സ് അപ്പ് ഹാർത്താലിന്റെ മറവിൽ മലപ്പുറത്ത് കെ.ആർ.ബേക്കറി അക്രമത്തിനിരയായപ്പോൾ മുസ്ലിം സമുദായത്തിന് വേണ്ടി ജലീൽ മാപ്പ് പറഞ്ഞത് ജമാഅത്തിനെ ചൊടിപ്പിച്ചിരുന്നു. കിഡിനി പോഷ്യന്റ് വെൽഫയർ സൊസൈറ്റിക്കെതിരെ നീങ്ങിയതും ജമാഅത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. സിപിഎം.ജില്ലാ സെക്രട്ടറിയും ജലീലും തമ്മിലുള്ള പോര് നേരത്തെ തന്നെ അങ്ങാടി പാട്ടാണ്. ഇതൊക്കെയാണെങ്കിലും ജമാഅത്തിനെ ഒറ്റയിച്ച് കാടടച്ച് വിമർശിക്കാൻ തയ്യാറായതിന് പിന്നിലെ രസതന്ത്രമാണ് ആർക്കും ജലീൽ പിടി കൊടുക്കാത്തത്.

ജമാഅത്ത് നേതാക്കളെ കടന്നാക്രമിച്ച ജലീൽ ഒരു വെടിക്ക് മൂന്നും നാലും പക്ഷികളെ വെടിവെച്ച് വീഴ്‌ത്താനാണ് ഉദേശിക്കുന്നത്. അതിലൊന്ന് പൊന്നാനിയിലെ മൽസരം ഒഴിവാക്കിയെടുക്കുക. രണ്ട് മന്ത്രി സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കുക. മൂന്ന് ജമാഅത്തിനെതിരെ മുന്നണി പോരാളിയായി താൻ മുമ്പിലുണ്ടെന്ന് പ്രചരിപ്പിക്കുക. അതിലൂടെ ജമാഅത്ത് അനുഭാവിയെന്ന പഴയ പേർ മാറ്റിയെടുക്കുക. നാല് ജമാഅത്തിനെ വിമർശിക്കുമ്പോൾ മറ്റ് മുസ്ലിം സംഘടനകളുടെ പിന്തുണ ആർജ്ജിച്ചെടുക്കുക. ജലീലിന്റെ കൂർമ്മ ബുദ്ധിയും പിണറായിയുടെ ആഞ്ജാശക്തിയും കോടിയേരിയുടെ നയതന്ത്രവും തമ്മിലുള്ള മൽസരമാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. ഇതിൽ ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം.