ൺപതുകളിൽ മലയാളത്തിലെ സൂപ്പർ നായികയായിരുന്നു കാർത്തിക. നാടൻ പെൺകുട്ടിയുടെ എല്ലാ ഭാവങ്ങളും വെള്ളിത്തിരയിൽ അഭിനയിച്ച് മികവുറ്റതാക്കിയ നായിക. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. സ്വാഭാവ സവിശേഷതകളാൽ ശ്രദ്ധേയയായ നടി. എന്നിട്ടും എന്തിന് കമൽഹാസൻ, കാർത്തികയെ തല്ലി. നായകൻ എന്ന സിനിമയുടെ സെറ്റിലെ കരണത്തടി അത്രയേറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ കാരണമെന്ത് എന്ന് മാത്രം പുറത്ത് എത്തിയില്ല. കമൽഹാസൻ കാർത്തികയെ അടിച്ചത് എന്തിന് ? എന്ന തലക്കെട്ടിൽ മംഗളം സിനിമാ വാരികയിൽ പല്ലിശേരി എഴുതുന്ന അഭ്രലോകം കോളം ഈ സംശയത്തിന് ഉത്തരം നൽകാനാണ് ശ്രമിക്കുന്നത്. തോളിൽ കൈവച്ചപ്പോൾ അത് തട്ടിമാറ്റിയ കാർത്തികയോടുള്ള വൈരാഗ്യം തീർക്കലായിരുന്നു ചെകിട്ടത്തെ അടിയെന്നാണ് പല്ലിശ്ശേരി കോളത്തിലൂടെ വിശദീകരിക്കുന്നത്.

ഈ സംഭവത്തെ പല്ലിശ്ശേരി വിശദീകരിക്കുന്നത് ഇങ്ങനെ - മലയാള സിനിമയിൽ ക്ലീൻ ഇമേജുണ്ടായിരുന്ന ഒന്നോ രണ്ടോ നായികയായിരുന്നു കാർത്തിക. ബാഡ്മിന്റൺ താരമായിരുന്ന കാർത്തിക സിനിമയിൽ അഭിനയം തുടങ്ങിയതും സജീവമായതും അപ്രതീക്ഷിതമായിരുന്നു. നല്ല റോളുകൾ മാത്രം അഭിനയിച്ച കാർത്തിക ഒരിക്കലും നായകൻ തൊട്ട് അഭിനയിക്കുന്നത് അനുവദിച്ചുമില്ല. മലയാളത്തിൽ എൺപതുകളിലെ മിന്നും താരമായി കാർത്തിക. മോഹൻലാൽ-കാർത്തിക ജോഡികൾ സൂപ്പർ ഹിറ്റുകളുമായി കളം നിറഞ്ഞ കാലം. ഈ സമയമാണ് ഉലകനായകൻ കമൽഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനിൽ അഭിനയിക്കാനുള്ള ക്ഷണം കാർത്തികയെ തേടിയെത്തിയത്. കാർത്തികയ്ക്ക് പറ്റിയ സിനിമാ രീതിയല്ല തമിഴിലുള്ളതെന്ന് പലരും പറഞ്ഞു. എന്നാൽ ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ നായകനെ വിട്ടുകളയാൻ കാർത്തിക തയ്യാറായില്ല. അങ്ങനെ തമിഴകത്ത് കാർത്തിക എത്തി.

നല്ല പ്രതിഫലം വാങ്ങി അഭിനയിച്ചിരുന്ന കാർത്തിക തമിഴിലും സ്വഭാവ സവിശേഷത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. എല്ലാവരോടും സോഷ്യലായി പെരുമാറി. നായകന്റെ ചൂട്ടിങ്ങിനിടെ ആ വാർത്തയെത്തി. കമൽഹാസൻ കാർത്തികയുടെ ചെകിട്ടത്തടിച്ചു. ചെവിയിൽ നിന്നും രക്തം വാർന്നു. വാർത്തയുടെ ഉറവിടം സത്യമാണെന്ന് അറിഞ്ഞപ്പോൾ കാർത്തികയോട് തന്നെ ഇതേ പറ്റി ചോദിച്ചെന്ന് പല്ലിശ്ശേരി ചോദിച്ചു. എനിക്കറിയില്ല, എന്തിനാണ് കമൽ സാർ എന്നെ അടിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കൂ-എന്നായിരുന്നേ്രത കാർത്തികയുടെ മറുപടി. കമലിനോടും പിന്നീട് ഇതിനെ പറ്റി തിരക്കി. സിനിമയുടെ ഒർജിനാലിറ്റിക്ക് വേണ്ടി ഞാൻ അടിച്ചത്. അച്ഛനും മകളുമായാണ് അഭിനയിച്ചതെന്ന കാര്യം കൂടി കമൽ പറഞ്ഞെന്നും പല്ലിശ്ശേരി കൂട്ടിച്ചേർത്തു.

പക്ഷേ അതുകൊണ്ട് പല്ലിശ്ശേരി അന്വേഷണം അവസാനിപ്പിച്ചില്ല. ഇതിൽ നിന്നാണ് സത്യം മനസ്സിലായതെന്ന് പറയുന്നു. നായകനിൽ കമലിന്റെ മകളായ കാർത്തികയും മകനായി നിഴലുകൾ രവിയുമായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോ ഷൂട്ട് കമൽഹാസൻ പദ്ധതിയിട്ടു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഒരു പ്രത്യേക രീതിയിൽ ഫോട്ടോ എടുക്കാൻ സ്റ്റിൽ ഫോട്ടോഗ്രാഫറെ കമൽ ചുമതലപ്പെടുത്തി. കാർത്തികയുടേയും രവിയുടേയും തോളത്ത് കൈവച്ചു കമൽ നിൽക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാർത്തികയേയും രവിയേയും അറിയിക്കുകയും ചെയ്തു. അങ്ങനെ മൂവരും എത്തി. എന്നാൽ സംഭവം മാത്രം നടന്നില്ല.

ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്യാൻ സമയത്ത് കമൽ കാർത്തികയുടേയും രവിയുടേയും തോളിൽ കൈവച്ചു. ഉടൻ കാർത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റൽ കമൽ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോൾ തോളിൽ കൈവച്ചപ്പോഴും കാർത്തിക ഇഷ്ടമില്ലാത്ത തരത്തിൽ പെരുമാറി. കൈ തട്ടിമാറ്റുകയും ചെയ്തു. ഇത്തവണ പക്ഷേ കമലിന് അത് പിടിച്ചില്ല. എന്താ നീ കാണിച്ചത് ? ഇതെന്താ തമാശയാണോ? എന്നായിരുന്നു കമലിന്റെ ചോദ്യം. എനിക്ക് ഇങ്ങനെയൊന്നും പോസ് ചെയ്യാനാകില്ലെന്നായിരുന്ന കാർത്തികയുടെ മറുപടി. അതിന് ഇതെന്താ മോശപ്പെട്ട രംഗമാണോ? കമൽ ശബ്ദമുയർത്തി ചോദിച്ചു.

എന്തായാലും ആവശ്യമില്ലാതെ തൊട്ടഭിനയിക്കുന്നത് എനിക്കിഷ്ടമില്ല. കാർത്തിക വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. പിന്നീട് ഫോട്ടോഷൂട്ട് നടന്നില്ല. അതു കഴിഞ്ഞായിരുന്നു കാർത്തികയെ തല്ലുന്ന സീൻ അഭിനയിക്കാനെത്തിയത്. എല്ലാം മറന്നത് പോലെ കാർത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമൽ വാശിതീർക്കാനായി കാർത്തികയെ ആഞ്ഞടിച്ചെന്നാണ് പല്ലിശ്ശേരി പറയുന്നത്. അടികൊണ്ട കാർത്തിക വേദനയോടെ നിലവിളിച്ചു. ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാർത്തിക തീരുമാനിച്ചെന്നും പല്ലിശ്ശേരി പറയുന്നു. നായകൻ സൂപ്പർഹിറ്റായെങ്കിലും കാർത്തിക പിന്നീട് തമിഴിൽ അഭിനയിച്ചില്ല. പതിയെ മലയാളത്തിൽ നിന്നും പിന്മാറുകയും ചെയ്തുവെന്നാണ് പല്ലിശ്ശേരി വെളിപ്പെടുത്തുന്നതിലെ സൂചനകൾ.

കാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്നു കാർത്തിക. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമൽഹാസന്റെ ഒപ്പം അഭിനയിച്ചു.