- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നുകിൽ മതം അല്ലെങ്കിൽ പണം; വേറൊരു കാരണവും കാണാനില്ല: എന്തു കൊണ്ടാണ് ''കള്ളൻ മാണിയെ'' ന്യായീകരിക്കാൻ മറുനാടൻ എഡിറ്റർ പെടാപാടുപെടുന്നത്?
''ഹഹഹ ഷാജൻ വഴിഞ്ഞൊഴുകുകയാണല്ലോ. ഒപ്പം മാണിയോടുള്ള വിധേയത്വവും പക്ഷപാതവും ഒരോ വരികളിലും തുളുമ്പി നിറയുന്നു. സ്വയം വെളിവാക്കപ്പെടുന്നു, സ്വബോധം പോലും നഷ്ടപ്പെടുത്തി ഒഴുകുകയാണ്. ഓരോ മാണി വാർത്തയിലും നിങ്ങൾ അറിഞ്ഞു കൊണ്ടു ശ്രമിച്ച ചെന്നിത്തല താഡനം ഇവിടെയും പുറത്തു വരുന്നു. ഇത് ഒരു അജണ്ടയാണ് നിങ്ങൾക്ക്. അതിന് കാരണം ഒന്നുകിൽ പണം അല്ലെ
''ഹഹഹ ഷാജൻ വഴിഞ്ഞൊഴുകുകയാണല്ലോ. ഒപ്പം മാണിയോടുള്ള വിധേയത്വവും പക്ഷപാതവും ഒരോ വരികളിലും തുളുമ്പി നിറയുന്നു. സ്വയം വെളിവാക്കപ്പെടുന്നു, സ്വബോധം പോലും നഷ്ടപ്പെടുത്തി ഒഴുകുകയാണ്. ഓരോ മാണി വാർത്തയിലും നിങ്ങൾ അറിഞ്ഞു കൊണ്ടു ശ്രമിച്ച ചെന്നിത്തല താഡനം ഇവിടെയും പുറത്തു വരുന്നു. ഇത് ഒരു അജണ്ടയാണ് നിങ്ങൾക്ക്. അതിന് കാരണം ഒന്നുകിൽ പണം അല്ലെങ്കിൽ മതപരമായ പക്ഷപാതം ഞാൻ ആവർത്തിക്കുന്നു''
ശങ്കരൻ എന്ന മറുനാടൻ മലയാളിയുടെ ഹിന്ദു ദേശീയവാദിയായ വായനക്കാരൻ ഞാൻ എഴുതിയ ഓരു ഫെയിസ് ബുക്ക് പോസ്റ്റിന് താഴെ കുറിച്ചതാണ് ഈ വരി. (ഞാൻ ശങ്കരനെ ഹിന്ദു ദേശീയവാദി എന്ന് വിശേഷിപ്പിച്ചത് മനഃപൂർവ്വമാണ്. എന്റെ സൗഹൃദ വലയത്തിൽ ഫണ്ടമെന്റലിസ്റ്റുകൾ അല്ലാത്ത മത സ്‌നേഹികൾ ധാരാളം പേർ ഉണ്ട്. എനിക്ക് അവരോട് ഒരു പിണക്കവുമില്ല. മതം മനുഷ്യ ജീവന്റെ ഭാഗമായിരിക്കുന്നിടത്തോളം എല്ലാവർക്കും മതേതര വാദിയാകാനോ സ്വന്തം മതത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി പറയാതിരിക്കാനോ കഴിഞ്ഞെന്ന് വരില്ല. റസാക് ബാവു കൊണ്ടോട്ടി എന്ന മറ്റൊരു മറുനാടൻ മലയാളി വായനക്കാരനെ ഇതേ കാരണത്താൽ ആണ് ഞാൻ ദേശീയ വാദിയായ മുസ്‌ലീം എന്ന് വിളിക്കുന്നത്) ശങ്കരൻ മാത്രമല്ല മറുനാടൻ മലയാളിയുടെ ഭൂരിപക്ഷം വായനക്കാർക്കും ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ നിലപാടെടുക്കുകയും ശക്തമായി പോരാടുകയും ചെയ്യുന്ന മറുനാടൻ എന്തു കൊണ്ടാണ് കോഴ മാണിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന ആരോപണം പലരും ഉയർത്തുന്നു.
ഇവിടെ ആദ്യം വ്യക്തമാക്കേണ്ട ഒരു വസ്തുതയുണ്ട്. മാണിക്കെതിരെ ഉയർന്നു വന്ന ഒരു വാർത്ത പോലും ഞങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാതിരുന്നിട്ടില്ല എന്നതാണ് അത്. നുണ പരിശോധന റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങളിൽ തികച്ചും വ്യത്യസ്തമായ ഒരു നിലപാട് പുലർത്തുമ്പോഴും ചാനലുകൾ ബ്രേക്ക് ചെയ്യുന്ന വാർത്തകളും ഞങ്ങളുടെ ലേഖകർ കണ്ടെത്തുന്ന വാർത്തകളും അത് മാണിക്ക് എതിരാണോ അനുകൂലമാണോ എന്ന് നോക്കാതെ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മാണി ബാർകോഴ ഇടപാടിൽ പണം വാങ്ങിയിട്ടില്ല എന്ന് പറയുന്ന ഒരു റിപ്പോർട്ട് പോലും ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ പണത്തിന് അല്ലെങ്കിൽ മതത്തിന് അടിമയായി മറുനാടൻ മാണിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറയട്ടെ.
എന്നാൽ മാണിയെ ന്യായീകരിക്കുന്ന തരത്തിലുള്ള വാർത്തകളും വിശകലനങ്ങളും ലേഖനങ്ങളും ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അതിന് വ്യക്തമായ ചില കാരണങ്ങൾ ഉണ്ട്. ഒന്ന് ഈ ലേഖകന് മാണി സർക്കിളുകളിൽ വ്യക്തമായ ചില ബന്ധങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ നടക്കുന്നത് എന്തൊക്കെ എന്ന് മറയില്ലാതെ കാണുന്നു. അതിൽ ചിലതെങ്കിലും വായനക്കാരോട് പങ്ക് വയ്ക്കാൻ ശ്രമിക്കുന്നു. ഇതാണ് ആദ്യ കാരണം. [BLURB#1-VL] രണ്ടാമത്തെ കാരണം മറുനാടൻ എക്കാലവും എടുക്കുന്ന ഒരു നിലപാട് തന്നെയാണ്. ചാനലുകളുടെ മത്സരങ്ങൾ മുറുകുന്നതിനാൽ വേണ്ടത്ര പരിശോധനകൾ നടത്താതെയാണ് മിക്ക ബ്രേക്കിങ് ന്യൂസുകളും വെളിയിൽ വരുന്നുത്. ഇവയിൽ പലതും വ്യാജമായിരിക്കും. എന്നാൽ തങ്ങൾ പറഞ്ഞ വാർത്തകളിൽ ഉറച്ച് നിൽക്കാൻ വേണ്ടി അവർ നിരന്തരം കള്ളങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. മറ്റൊരു നിവൃത്തിയുമില്ലാത്തതിനാൽ ഒരു വാർത്ത ചാനലുകൾ ബ്രേക്ക് ചെയ്യുമ്പോൾ അത് ഞങ്ങളും പിന്തുടരാറുണ്ട്. എന്നാൽ പിന്നീട് അതിന്റെ നിജസ്ഥിതി വ്യക്തമാകുമ്പോൾ അത് ഞങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇക്കാരണവും ഈ നിലപാടിന് കാരണമായി.
വായനക്കാർക്കിടയിൽ വ്യപകമായ സംശയം ഉണ്ടായ ഒരു സംഭവം എന്ന നിലയിൽ വിശദമായി തന്നെ ഇതിന് മറുപടി പറയുകയാണ് ഇപ്പോൾ. ഇങ്ങനെ ഒരു വിശദീകരണം നൽകാൻ കാരണം മറുനാടന്റെ വാർത്തകളിൽ പണവും മതവും ആരോപിക്കപ്പെട്ടതുകൊണ്ട് കൂടിയാണ്. മറ്റെന്തെല്ലാം ആക്ഷേപങ്ങൾ ഉണ്ടായാലും അംഗീകരിക്കാൻ സാധിക്കാത്ത രണ്ട് ആരോപണങ്ങൾ ആണിത്. കേരളത്തിലെ കത്തോലിക്ക സഭയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങളിൽ ഒന്നാവും മറുനാടൻ എന്ന ഇത് വായിക്കുന്നവർക്ക് അറിയാം. ഈ ലേഖകൻ ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നും വന്നതുകൊണ്ട് കുടുംബത്തിൽ അനേകം വൈദികരും കന്യാസ്ത്രീകളും ഉള്ളതുകൊണ്ടും ഇതിന്റെ പേരിൽ ധാരാളം വിമർശനങ്ങളും ആക്ഷേപങ്ങളും ദൈനംദിനം അനുഭവിക്കുന്നുമുണ്ട്. എന്നാൽ ഒരു മതവും വിമർശനാതീതമല്ല എന്ന് വിശ്വസിക്കുന്നതുകൊണ്ട് നിലപാടിൽ വെള്ളം ചേർക്കാതെ മുൻപോട്ട് പോകുന്നു.
അതുപോലെ തന്നെയാണ് പണം എന്ന ആരോപണവും. ബോബി ചെമ്മണ്ണൂരിന്റെ പരസ്യം നിൽകിക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു അയാൾക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ചത് എന്ന് എന്തുകൊണ്ടാണ് സൗകര്യപൂർവ്വം മറക്കുന്നത്. ഇനി പ്രസിദ്ധീകരിക്കാതിരുന്നാൽ വലിയ പരസ്യം നൽകാം എന്ന പറഞ്ഞ് കരിക്കിനേത്തുകാരും കുവൈറ്റ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരൻ ഉതുപ്പ് വർഗീസും ഒക്കെ വന്നിട്ടും സൗകര്യപൂർവ്വം വേണ്ടന്ന് വച്ചത് ആ ഉത്തരവാദിത്വ ബോധം കൊണ്ടാണ്. ഇങ്ങനെ എണ്ണിയെണ്ണി പറയാൻ ഏറെയുണ്ട് കാര്യങ്ങൾ. ഒട്ടേറെ പ്രലോഭനങ്ങൾ ഉണ്ടായിട്ടും അതിലൊന്നും വീഴാതെ സത്യത്തിന്റെ പാതയിലൂടെ മുൻപോട്ട് പോകുമ്പോൾ ഇത്തരം ആരോപണങ്ങൾ മനോധൈര്യം കെടുത്തുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം നൽകുന്നത്.
കെഎം മാണി കോഴ വാങ്ങിയിട്ടുണ്ടോ?
[BLURB#2-VR] കെഎം മാണി ബാറുടമകളിൽ നിന്നും കോഴ വാങ്ങിയിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാനും മറുനാടനും. ബിജു രമേശ് പറഞ്ഞ ഒരു കോടി എന്ന കണക്ക് ശരിയാവാൻ ആണ് സാധ്യത എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ട് തന്നെ മാണിക്കെതിരെ അന്വേഷണം വരികയും അന്വേഷണത്തിൽ മാണി കുറ്റക്കാരൻ ആണ് എന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുകയും വേണം. ഇക്കാര്യത്തിൽ ഒരു തർക്കവും ഇല്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾക്ക് കൂടി ഉത്തരം തേടേണ്ടതുണ്ട്. അത് മനഃപൂർവ്വം അവഗണിക്കപ്പെടുന്നതിലെ രാഷ്ട്രീയം ആണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണം ആണോ മാണിയുടേത്? ബാർ കോഴ വിവാദത്തിൽ തന്നെ മാണിയേക്കാൾ കൂടുതൽ പണം കൈപ്പറ്റി എന്ന ബിജു രമേശ് ആരോപിച്ച കെ ബാബു അടക്കമുള്ളവർക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല? ബിജു രമേശ് ആരോപണം ഉന്നയിച്ച ഒരാൾ കേസ് അന്വേഷിക്കുന്ന വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കവെ എന്തുകൊണ്ട് ആരും അത് കാര്യമാക്കുന്നില്ല? അഴിമതി കേസിൽ ശിക്ഷിക്കാൻ വേണ്ട ഒരു തെളിവും ഇതുവരെ ലഭിക്കാതിരുന്നിട്ടും നിരന്തരമായി ഈ കേസ് ലൈവായി നിർത്തുകയും അന്വേഷണവുമായി ബന്ധപ്പെട്ട് വാർത്തകൾ ചോർത്തുകയും ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണ്? ഇങ്ങനെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഈ ചോദ്യങ്ങൾ ഒന്നും മാദ്ധ്യമങ്ങളോ സോഷ്യൽ മീഡിയായോ പ്രതിപക്ഷമോ പോലും ചർച്ചക്കെടുക്കുന്നില്ല എന്നതുകൊണ്ട് മാത്രമാണ് മാണിയെ ന്യായീകരിക്കുന്നു എന്ന് ചില വായനക്കാർക്ക് തോന്നുന്ന തരത്തിൽ ഒരു നിലപാട് ഞങ്ങൾക്ക് എടുക്കേണ്ടി വന്നത്. സോഷ്യൽ മീഡിയായുടെ ട്രെന്റിന് അനുകൂലമല്ലാത്ത ഒരു നിലപാട് ഒരു ഓൺലൈൻ മീഡിയ എടുത്താൽ കടുത്ത പ്രതിസന്ധി നേരിടും എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് വ്യക്തമായ ഈ നിലപാട് കൈക്കൊണ്ടത്. ഉറച്ച ബോധ്യം ഉള്ള കാര്യങ്ങൾ വിളിച്ച് പറയുമ്പോൾ ചില എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമായതിനാൽ അതിനെ ഗൗനിക്കാതിരിക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്. അത് മാണിയെ ന്യായീകരിക്കുന്നതിന്റെ ഭാഗമാണ് എന്ന് കരുതിയാൽ എന്ത് ചെയ്യാൻ പറ്റും? മാണി പണം വാങ്ങി എന്ന് സമ്മതിക്കുമ്പോൾ തന്നെ കുഴിയിൽ വീണ ഒരാളെ രക്ഷപ്പെടുത്താതിരിക്കാൻ തികച്ചും ലജ്ജാവഹമായ രാഷ്ട്രീയ മുതലെടുപ്പിന് ഒട്ടേറെ പേർ പരിശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ വയ്യാതായി പോയതിന്റെ ശിക്ഷയായി ഈ ആരോപണങ്ങൾ ഏറ്റ് വാങ്ങിക്കൊള്ളാം.
ആരാണ് കോഴ വാങ്ങാത്തവരായി? സോളാർ അഴിമതിക്കെന്ത് പറ്റി?
അഴിമതിക്കെതിരെയുള്ള ജനവികാരമായി ബോർ കോഴ ഇടപാട് മാറുമ്പോൾ ആദ്യം ചോദിക്കേണ്ടത് ആരാണ് കോഴ വാങ്ങാത്തവർ എന്നതാണ്? ഇടത് വലത് മുന്നണി ഭരിക്കുന്ന സമയങ്ങളിൽ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നു കേട്ടിട്ടുണ്ട്. അതൊക്കെ ആ സമയത്ത് വലിയ ബഹളങ്ങളിൽ അവസാനിക്കാറുണ്ടെങ്കിലും മറ്റൊരു വാർത്ത വരുന്നതോടെ ആദ്യത്തെ ആരോപണം അസ്തമിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഉയർന്ന് വന്ന അഴിമതി ആരോപണങ്ങൾ ആർക്കെങ്കിലും മറക്കാൻ കഴിയുമോ? ഈ മന്ത്രി സഭയിൽ തന്നെ മന്ത്രി ആയിരുന്ന ഗണേശ് കുമാർ ബാർ കോഴക്ക് ശേഷം ഇബ്രാഹിം കുഞ്ഞിനെതിരെ ഉയർത്തിയ ആരോപണം ബാർ കോഴയേക്കാൾ എത്രയോ വലുതായിരുന്നു. മന്ത്രി മുനീർ, അനൂപ് ജേക്കബ്, കെപി മോഹനൻ തുടങ്ങിയ എത്രയോ മന്ത്രിമാർ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ആരോപണ വിധേയരായി. മന്ത്രി ആര്യാടന്റെ പേഴ്‌സണൽ സ്റ്റാഫ് ഒരു സ്ത്രീയെ മന്ത്രിയുടെ ഓഫീസിൽ വച്ച് കൊന്നതിന് പൊലീസ് പിടിയിലായി.
ഒരു വർഷത്തിൽ അധികം നിറഞ്ഞ് നിന്ന സോളാർ അഴിമതിക്കെന്ത് പറ്റി? സോളാർ കേസിലെ മുഖ്യ പ്രതി ജയിലിന് പുറത്തിറങ്ങിയ ശേഷം കോടികൾ കൊടുത്ത് കേസ് രാജിയാക്കുമ്പോൾ ഈ പണം ഒക്കെ എവിടെ നിന്ന് സരിത എന്ന ബിസിനസ്സ് തകർന്ന സ്ത്രീക്ക് ലഭിക്കുന്നു എന്ന് പോലും ആരും അന്വേഷിക്കുന്നില്ല. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ സോളാറുമായി ബന്ധപ്പെട്ട് എത്രയോ ആരോപണങ്ങൾ ആണ് ഉയർന്നത്. കളമശ്ശേരി ഭൂമിയിടപാടിൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെ ഇടപാടുകൾ എത്ര ഹീനവും പുറത്തു പറയാൻ കൊള്ളാത്തതുമായിരുന്നു. ചുരുക്കി പറഞ്ഞാൽ പ്രവർത്തിക്കാൻ അറിയാത്ത മന്ത്രി എന്ന് പേരെടുത്ത ജയലക്ഷ്മി ഒഴികെ എല്ലാവർക്കും എതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നു.
ബാർ കോഴ മാത്രം എന്തുകൊണ്ട് വേറിട്ട് നിൽക്കുന്നു?
ഈ അഴിമതിക്കൊന്നുമില്ലാത്ത പ്രാധാന്യം മാണിയുടെ ബാർ കോഴയ്ക്കുണ്ടായത് എങ്ങനെ? മാണിക്കെതിരെ ഉണ്ടായത് ഒരു കോടിയുടെ ആരോപണം ആണെങ്കിൽ അതേ കേസിൽ അതേ ബിജു രമേശ് കെ ബാബുവിനെതിരെ ഉയർത്തിയത് 10 കോടിയുടെ ആരോപണമാണ്. ബാർ കോഴ മുഴുവൻ നൽകിയത് ബാബുവിന്റെ നിർദ്ദേശ പ്രകാരം ആണ് എന്ന് ബിജു രമേശ് പറയുമ്പോൾ അത് വിശ്വസനീയമാകുന്നത് ബാബുവായിരുന്നു വകുപ്പ് മന്ത്രി എന്നതുകൊണ്ടാണ്. ബാർ കോഴയിൽ പങ്കുപറ്റിയവരുടെ, ബിജു രമേശ് പുറത്ത വിട്ട ലിസ്റ്റിൽ എത്രയോ മന്ത്രിമാരും പ്രമുഖരുമുണ്ട്. ബാർ കോഴ വിവാദം നിറഞ്ഞ് നിൽക്കവെ മറുനാടൻ മലയാളി ഒരു ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. ഈ ബാറുടമകൾ പിരിച്ച 20 കോടിയും എവിടെ പോയി എന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ അതിന്റെ പേരിൽ ഒരു നോട്ടീസ് പോലും പണം കൈപ്പറ്റി എന്ന് ഞങ്ങൾ പറഞ്ഞ നേതാക്കൾ അയച്ചില്ല എന്നതിന്റെ അർത്ഥം ആ തലത്തിലേക്കൊന്നും ഈ ചർച്ച പോകാൻ ആരും ആഗ്രഹിക്കുന്നില്ല എന്നാണ്. എന്തുകൊണ്ടാണ് അതൊന്നും ക്വിക്ക് വേരിഫിക്കേഷൻ പോലും ആവശ്യമില്ലാത്ത വെറും ആരോപണങ്ങൾ ആകുന്നതും മാണിക്കെതിരെയുള്ള ആരോപണങ്ങൾ മാത്രം എല്ലാ ദിവസവും പത്രവാർത്തകൾക്ക് കാരണമാകുന്ന ഡെവലപ്പിങ് സ്റ്റോറിയാകുന്നതും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ കള്ളൻ ആണെങ്കിലും നമുക്ക് മാണിയോട് സഹതാപം തോന്നിയേ തീരൂ.
അഴിമതിയുടെ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം
ഇടത് വലത് സർക്കാരുകൾ മാറി മാറി ഭരിക്കുന്ന നാടാണ് കേരളം. ഏത് പാർട്ടി ഭരിച്ചാലും പ്രതിപക്ഷം അതിരൂക്ഷമായ അഴിമതി ആരോപണങ്ങൾ ഉയർത്തും. പിടിച്ച് നിൽക്കാനായി ചിലപ്പോൾ അന്വേഷണങ്ങൾ നടന്നെന്ന് വരും. ഭരണം മാറുമ്പോൾ അന്ന് തുടങ്ങിയ അന്വേഷങ്ങൾ തുടരണോ അതുമല്ലെങ്കിൽ അന്നുയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാനോ പുതിയതായി വന്ന സർക്കാർ ശ്രമിക്കാറില്ല. സൂര്യനെല്ലി സംഭവം, ഐസ്‌ക്രീം പെൺവാണിഭം തുടങ്ങിയ അനേകം ഉദാഹരണങ്ങൾ നമുക്കുണ്ട്. ഇത് ഒരുതരം കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ പരിണിത ഫലമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി സമരം നടത്തുകയും അണിയറയിൽ എല്ലാവരും ഒരുമിച്ചിരുന്നു ഒത്തു തീർപ്പ് നടത്തി പൊതു മുതൽ കക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണിത്.
സത്യത്തിൽ നമ്മുടെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ അഴിമതി നടത്താതെ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. കാരണം വിദേശ രാജ്യങ്ങളിലേത് പോലെ രാഷ്ട്രീയക്കാർക്ക് വേറെ തൊഴിൽ ഇല്ല. അവർക്ക് ജീവിക്കണമെങ്കിൽ അതിനുള്ള പണം അവർ തന്നെ കണ്ടെത്തണം. ബാർ ഉടമകൾ, ബസ് ഉടമകൾ, പാറയുടമകൾ തുടങ്ങിയ വൻകിട കച്ചവടക്കാരിൽ നിന്നും ആണ് ഇവർ പ്രധാനമായും പണം കൈപ്പറ്റുന്നത്. സ്പിരിറ്റ് ലോബി, മണൽ മാഫിയ തുടങ്ങിയ അനധികൃത കച്ചവടക്കാരിൽ നിന്നും പണം കൈപ്പറ്റുന്നവരും ഉണ്ട്. ഇങ്ങനെ പണം കൈപ്പറ്റുമ്പോൾ തീർച്ചയായും അനധികൃതമായ ആനുകൂല്യങ്ങൾ പലർക്കും ചെയ്തു കൊടുക്കേണ്ടി വരുന്നു. നിയമപരമായ ഒരു കാര്യം നടക്കണമെങ്കിൽ പോലും കമ്മീഷൻ കൊടുക്കേണ്ട സ്ഥിതി ഇങ്ങനെ സംജാതമായിരിക്കുന്നു.
നാട്ടിലെ പഞ്ചായത്ത് മെമ്പർമാരും വിവിധ പാർട്ടികളുടെ വാർഡ് പ്രസിഡന്റുമാരും മുതൽ ഇങ്ങനെ അഴിമതി പണം കൈപ്പറ്റുന്നവരാണ്. ഒന്നും രണ്ടും ലക്ഷം കൊടുക്കുന്ന പഞ്ചായത്തിലെ കോൺട്രാക്റ്റ് വർക്കിന് മൂവായിരവും അയ്യായിരവും കൈക്കൂലി വാങ്ങിയാണ് ഈ അഴിമതി ആരംഭിക്കുന്നത്. സ്വാഭാവികമായും ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്നവർക്ക് വലിയ തോതിൽ പണം കൈപ്പറ്റേണ്ടി വരും. കോൺഗ്രസ്സ് പോലെയോ ബിജെപി പോലെയോ ഉള്ള വലിയ പാർട്ടികൾ നടത്തുന്ന കോർപ്പറേറ്റ് കമ്പനികൾ അളവില്ലാതെ പണം കൊടുക്കും. അദാനിയേയും അംബാനിയേയും പോലെയുള്ള ശതകോടീശ്വരന്മാർ ഒരിക്കലും ബിജു രമേശിനെ പോലെ പിച്ചക്കണക്ക് പറയുകയില്ല. കൊടുക്കുന്ന പണം എങ്ങനെ വസൂലാക്കണം എന്ന് അവർക്ക് നല്ല നിശ്ചയവും ഉണ്ട്. സിപിഎമ്മിനെപ്പോലുള്ള പാർട്ടികളാവട്ടെ ശാന്തിയോടെ മാർട്ടിനെയും ചാക്ക് രാധാകൃഷ്ണനെയും ഫാരിസ് അബൂബക്കറെയും പോലെയുള്ളവരുടെ കരുണയിൽ ജീവിച്ച് പോകുന്നു. പോരാത്തതിന് ബക്കറ്റ് പിരിവും നടത്താം. പാർട്ടി ലെവലിലും മറ്റും കണ്ടില്ലെന്ന് നടിച്ചു കൊണ്ടല്ല ഇത് പറയുന്നത്. [BLURB#3-H] മുസ്‌ലീം ലീഗിനെ പോലെ പ്രവാസി ബിസിനസ്സുകാരുടെ ഇടയിൽ അടിത്തറയുള്ള ഒരു പാർട്ടിക്കും സമ്പത്ത് ഒരു പ്രശ്‌നമല്ല. പണം വേണ്ടപ്പോൾ ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തേക്ക് ചെന്നാൽ അവർക്ക് ആവശ്യത്തിനുള്ളത് കിട്ടും. എന്നാൽ കേരള കോൺഗ്രസ്സ് പോലുള്ള പാർട്ടികളുടെ സ്ഥിതിയതല്ല. വ്യക്തി കേന്ദ്രീകൃതമായ ഇത്തരം പാർട്ടികളിലെ അംഗങ്ങൾ കിട്ടുന്നിടത്ത് നിന്നൊക്കെ അടിച്ചു മാറ്റാൻ അല്ലാതെ പാർട്ടിക്കോ പ്രസ്ഥാനത്തിനോ ഒരു നയാപൈസ കൊടുക്കാൻ മനസ്സുള്ളവരല്ല. അപ്പോൾ അവർക്ക് ശരണം ബാറുടമകളും പാറമട ലോബിയും ഒക്കെ തന്നെയാണ്. ഇതൊക്കെ എല്ലാവർക്കും അറിയാം. അറിഞ്ഞു കൊണ്ട് തന്നെയാണ് പണം കൊടുക്കുന്നതും വാങ്ങുന്നതും. അതുകൊണ്ട് തന്നെ ബാർ ഉടമകളുടെ കയ്യിൽ നിന്നും കെഎം മാണി പണം വാങ്ങി എന്നത് ആരെയും ഞെട്ടിക്കേണ്ട ഒരു സംഭവം അല്ല. കോട്ടയത്തോ പാലായിലോ കാഞ്ഞിരപ്പള്ളിയിലോ ഒരൊറ്റ ആൾ പോലും മാണി പണം വാങ്ങി എന്നതിൽ അത്ഭുതം കൂറി കണ്ടിട്ടുമില്ല. അര നൂറ്റാണ്ട് കട്ടിട്ടും എന്തുകൊണ്ട് നിൽക്കാൻ പഠിച്ചില്ല എന്ന ഒറ്റ ചോദ്യം മാത്രമാണ് അവരൊക്കെ ചോദിക്കുന്നത്.
അല്ലെങ്കിൽ പറയൂ. അഴിമതി കേസിൽ ബാലകൃഷ്ണപിള്ളയല്ലാതെ ആരാണ് ഇന്നേവരെ ജയിലിൽ ആയിട്ടുള്ളത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിള്ള ആയതുകൊണ്ടാണോ പിള്ള മാത്രം പേരിനെങ്കിലും അഴിയെണ്ണിയത്. വി എസ് എന്ന നേതാവ് വ്യക്തിപരമായി നടത്തിയ പോരാട്ടം കൊണ്ട് മാത്രമാണ് അതിന് സാധിച്ചത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വി എസ് മുഖ്യമന്ത്രി ആയിരുന്ന സർക്കാർ അല്ല പിള്ളക്കെതിരെ പോരാടിയത് എന്നതാണ്. ഇതാണ് സത്യം എന്നിരിക്കെ മാണിക്കെതിരെയുള്ള സൂക്ഷ്മമായ അന്വേഷണവും മറ്റുള്ളവർക്കെതിരെയുള്ള ആരോപണങ്ങൾ ക്വിക്ക് വേരിഫിക്കേഷൻ പോലും നടത്താതെ തള്ളിക്കളഞ്ഞതും ഒക്കെ ഒരു അജണ്ടയുടെ ഭാഗമാണ് എന്ന് സംശയിക്കുന്നതിൽ എന്താണ് തെറ്റ്? ഈ അജണ്ട രൂപപ്പെട്ടത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ്.
ജോർജ്ജിന്റെ കുരുട്ടുബുദ്ധി... മാണിയുടെ അതിമോഹം... ചെന്നിത്തലയുടെ അത്യാഗ്രഹം...ബാർകോഴ എപ്പീസോഡിലെ അണിയറക്കഥകൾ നാളെ വായിക്കാം