വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒട്ടേറെ സുരക്ഷാ നിർദ്ദേശങ്ങൾ നമുക്ക് ലഭിക്കാറുണ്ട്. വിമാനത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങളും യാത്രക്കാർക്കുണ്ടാകാറുണ്ട്. വിമാനം ടേക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും വിമാനത്തിന്റെ വിൻഡോസ് തുറന്നുവെയ്ക്കണന്നത് അത്തരത്തിലൊരു നിർദ്ദേശമാണ്. എന്താണ് ഇതിന്റെ ആവശ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്തരം സംശയങ്ങൾ ദൂരീകരിക്കുകയാണ് ബ്രിട്ടീഷ് എയർവേസിന്റെ ടെക്‌നിക്കൽ ട്രയിനിങ് വിഭാഗം തലവൻ ഡേവ് തോമസ്.

യഥാർഥത്തിൽ വിമാനത്തിന്റെ ജനാലകൾ തുറന്നു വയ്ക്കുന്നത് ഏറെ സുരക്ഷാ നടപടികളുടെ ഭാഗമായാണ്. വിമാനയാത്രയുടെ ഏറ്റവും അപകടം പിടിച്ച സമയങ്ങളാണ് ടേക്ക് ഓഫും ലാൻഡിംഗും. മിക്കവാറും അപകടങ്ങൾ സംഭവിക്കുന്നത് ഈ സമയങ്ങളിലാണ്. മറ്റു ചില സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം തന്നെ (സീറ്റുകൾ നേരെ വയ്ക്കുക, യാത്രക്കാർ സീറ്റിൽ ഇരിക്കുക, സീറ്റ് ബൽറ്റ് മുറുക്കുക തുടങ്ങിയവ) ജനാലകൾ തുറന്നുവയ്ക്കാനും യാത്രക്കാരോട് ആവശ്യപ്പെടാറുണ്ട്. ടേക്ക് ഓഫിന്റെയോ ലാൻഡിംഗിന്റെയോ സമയത്ത് അപകടം  ഉണ്ടാകുകയാണെങ്കിൽ 90 സെക്കൻഡുകൾക്കകം യാത്രക്കാരെ ജനാലകൾ വഴി സുരക്ഷിതരായി പുറത്ത് കടത്താം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

ലാൻഡിംഗിന്റെയും ടേക്ക് ഓഫിന്റേയും സമയത്ത് യാത്രക്കാർ പ്രത്യേക കരുതൽ കാട്ടാറുണ്ട്. അവരുടെ ശുഷ്‌ക്കാന്തി മൂലം പുറത്ത് എന്തെങ്കിലും അരുതാത്തത് കണ്ടാൽ കാബിൻ ക്രൂവിനെ ഉടൻ തന്നെ അറിയിക്കാറുമുണ്ട്. വിമാനത്തിന്റെ ജനാലകൾ തുറന്നുവയ്ക്കുന്നതു മൂലമാണ് ഇതു സാധിക്കുന്നത്. അപകട സമയത്ത് ഓരോ സെക്കൻഡുകളും വിലപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ജനാലകൾ തുറന്നിരിക്കുമ്പോൾ പുറത്തെ അവസ്ഥ വിമാനത്തിനുള്ളിലിരുന്നുകൊണ്ടു തന്നെ കാണാനും അതുമൂലം രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടാനും സാധിക്കും.

പകൽ സമയത്ത് വിമാനത്തിന്റെ ജനാലകൾ തുറന്നു വയ്ക്കുന്നതിന് മറ്റൊരുകാരണം കൂടിയുണ്ട്. പകൽ ജനാലകൾ തുറന്നുവയ്ക്കുന്നതിനൊപ്പം തന്നെ വിമാനത്തിന്റെ ഉള്ളിലെ ലൈറ്റുകൾ മുഴുവൻ ഓണാക്കി വയ്ക്കാറുമുണ്ട്. ദീർഘദൂര യാത്രയ്ക്കു ശേഷം വിമാനം ലാൻഡ് ചെയ്യുമ്പോൾ പുറത്തേക്കിറങ്ങുന്ന യാത്രക്കാർക്ക് പെട്ടെന്ന് പുറത്തെ വെളിച്ചവുമായി താദാത്മ്യം പ്രാപിക്കാൻ വേണ്ടി കൂടിയാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ പുറത്തെ കടുത്ത വെളിച്ചം യാത്രക്കാരുടെ കണ്ണിൽ തട്ടുമ്പോൾ കാഴ്ച മങ്ങാൻ ഇടയായേക്കാം.

ജനാലകൾ തുറന്നു വയ്ക്കുന്നതിന് മറ്റൊരു കാരണം കൂടി വ്യക്തമാക്കുന്നുണ്ട്. ഗ്രൗണ്ട് എമർജൻസി ഉദ്യോഗസ്ഥർക്ക് പുറത്തു നിന്നുകൊണ്ടു തന്നെ വിമാനത്തിന്റെ ഉൾവശം കാണാൻ സാധിക്കുകയും വേണം എന്നതാണ് ജനാല തുറന്നുവയ്ക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം.

വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഉണ്ടായേക്കാവുന്ന മറ്റൊരു ആശങ്ക അതിന്റെ വാതിലുകളെച്ചൊല്ലിയാണ്. ആരെങ്കിലുമൊരാൾ പെട്ടെന്ന് വാതിൽത്തള്ളിത്തുറന്നാൽ എന്തുസംഭവിക്കും? അങ്ങനെ സംഭവിച്ചാൽ വിമാനത്തിനുള്ളിലെ മർദവും പുറത്തെ മർദവും ചേരാതെ വരികയും വിമാനം തകരുകയും ചെയ്യും. എന്നാൽ, പുതിയ വിമാനങ്ങളിലൊന്നും പറന്നുപോകുന്നതിനിടെ തുറക്കാൻ പറ്റാത്തതരം സാങ്കേതിക വിദ്യയിലാണ് വാതിലുകൾ നിർമ്മിക്കുന്നത്. പുറത്തെ മർദം വാതിൽ പുറത്തേയ്ക്ക് തുറക്കാതിരിക്കാനും അകത്തെ മർദം അകത്തേയ്ക്ക് തുറക്കാതിരിക്കാനും ശ്രമിക്കും.

വിമാനത്തിൽ പാരച്യൂട്ടുകൾ സ്ഥാപിക്കാത്തിന്റെ കാരണവും ഇതുതന്നെയാണ്. യാത്രയ്ക്കിടെ വിമാനത്തിന്റെ വാതിലുകൾ തുറക്കാൻ സാധിക്കാത്തതുകൊണ്ടുതന്നെ അടിയന്തിരഘട്ടമുണ്ടായാൽ വിമാനത്തിൽനിന്ന് പാരച്യൂട്ടുകൾ ഉപയോഗിക്കാനുമാവില്ല. വിമാനം തകർന്നുവീഴുമ്പോൾ, ആദ്യം തിരയുന്നത് ബ്ലാക്ക് ബോക്‌സാണ്. യഥാർഥത്തിൽ ഇതിന്റെ നിറം ഓറഞ്ചാണ്. റെക്കോഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്‌സ്. പുതിയ വിമാനങ്ങളിൽ ക്വിക്ക് ആക്‌സസ് റെക്കോഡേഴ്‌സും ഉപയോഗിക്കാറുണ്ട്.

യാത്രാവിമാനങ്ങൾ പൊതുവെ 36,000 അടി ഉയരത്തിൽ പറക്കാൻ കാരണം, ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായി വിമാനങ്ങൾക്ക് പറക്കാൻ കഴിയുന്ന ആൾട്ടിറ്റിയൂഡ് ഇതായതുകൊണ്ടാണ്.കൂടുതൽ ഇന്ധനം ലാഭിക്കാനും ഇതുവഴി സാധിക്കുന്നു. തടസ്സങ്ങൾ കുറവായിരിക്കുമെന്നതും ഈ ഉയരത്തിലേക്ക് പറക്കാൻ പൈലറ്റുമാരെ പ്രേരിപ്പിക്കുന്നു.

വിമാനയാത്രയ്ക്കിടെ പലരെയും ഭയപ്പെടുത്തുന്നത് ടർബുലൻസ് അനൗൺസ് ചെയ്യുമ്പോഴാണ്. വിമാനമൊന്ന് ചെറുതായി കുലുങ്ങിയാൽപ്പോലും ഭയക്കുന്നവരുണ്ട്്. എന്നാൽ, ഇതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് ഡേവ് തോമസ് പറയുന്നത്. ഇത്തരം ഘട്ടത്തിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതുപോലുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ട കാര്യമേയുള്ളൂ.

വിമാനയാത്ര ഏറെ സുരക്ഷിത യാത്രാമാർഗമായി മാറിക്കഴിഞ്ഞുവെന്ന് ഡേവ് തോമസ് പറയുന്നു. റോഡിലൂടെ യാത്ര ചെയ്യുന്നതിനെക്കാൾ സുരക്ഷിതമാണത്. ഓരോവർഷവുമുണ്ടാകുന്ന വിമാന അപകടങ്ങളുടെ യാത്ര ചെയ്യുന്ന വിമാനങ്ങളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോൾ വളരെക്കുറവാണെന്നും അദ്ദേഹം പറയുന്നു.