ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചതായുള്ള വാർത്തയോട് പൊതു ജനങ്ങളും ദേശീയ മാദ്ധ്യമങ്ങളും സിനിമ ലോകവും കാട്ടുന്ന സഹതാപവും അനുകമ്പയും ദേശ സ്‌നേഹിയായ ഏത് പൗരനെയും അത്ഭുതപ്പെടുത്തുന്നതാണ്. നിയമത്തിന് മുൻപിൽ വലിപ്പചെറുപ്പമില്ല എന്നാണ് ഭരണഘടന പറയുന്നതെങ്കിലും നമ്മുടെ രാജ്യത്ത് അങ്ങനെ സാധാരണ സംഭവിക്കാറില്ല. അധികാരവും പണവും ഉണ്ടെങ്കിൽ ഏത് നിയമ പ്രശ്‌നത്തിൽ നിന്നും നിമിഷ നേരം കൊണ്ട് ഊരിപ്പോകാമെന്ന അവസ്ഥയാണ്. പാവപ്പെട്ടവനും ദുർബലനും റൊട്ടി മോഷ്ടിച്ചതിന്റെ പേരിൽ മോഷ്ടാവ് ആയി മുദ്ര ചെയ്യപ്പെട്ട് തടവ് അനുഭവിക്കുമ്പോൾ കോടാനുകോടികൾ തട്ടുന്നവർ സുഖമായി ജീവിക്കുന്ന ഈ വ്യവസ്ഥക്കുള്ള ഒന്നാന്തരം തിരിച്ചടി ആയിരുന്നു സഞ്ജയ് ദത്തിന്റെ ശിക്ഷ.

  • ഒരു തോക്ക് വരുത്തി വെച്ച വിന! സഞ്ജയ് ദത്തിന്റെ ജീവിതം മാറ്റിമറിച്ച തോക്ക് നൽകിയത് അധോലോക നായകൻ അബു സലീം
  • സഞ്ജയ് ദത്തിന് മാപ്പു നൽകണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു; മുന്നാഭായിക്ക് വേണ്ടി കണ്ണീരൊഴുക്കി ബോളിവുഡും

സിനിമ ലോകത്തെ സഞ്ജയുടെ ബന്ധം മാത്രമല്ല പിതാവ് സുനിൽ ദത്ത് കേന്ദ്രമന്ത്രി സഭയിൽ ഉന്നതനായ മന്ത്രി കൂടി ആയിരുന്നു സഞ്ജയ് പിടിക്കപ്പെടുമ്പോൾ എന്നത് വളരെ ഏറെ ശ്രദ്ധേയമായ കാര്യമാണ്. സുനിൽ ദത്തും ഭാര്യ നർഗീസും ഒരു പക്ഷെ ഇന്ത്യൻ സിനിമക്ക് നൽകിയത്രയും സംഭാവന മറ്റൊരു ദമ്പതികളും നൽകിയിട്ടുണ്ടാവില്ല. ഇങ്ങനെ ഒക്കെ ആയിട്ടും സഞ്ജയ് ദത്ത് അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും കോടതി ശിക്ഷിച്ചു എന്നതും ഇന്ത്യൻ നീതിന്യായ പ്രക്രിയയിലെ നേട്ടമായി എടുക്കേണ്ട കാര്യമാണ്. ആ ശിക്ഷ ആണ് ഇപ്പോൾ സുപ്രീം കോടതി ശരി വെച്ചിരിക്കുന്നതും താരസിംഹാസനത്തിൽ നിന്നും ഇറങ്ങി സഞ്ജയ് വീണ്ടും ഇരുമ്പഴിക്കുള്ളിലേക്ക് നടന്നു നീങ്ങുന്നതും. നിർഭാഗ്യവശാൽ സഞ്ജയ്യുടെ ശിക്ഷയിൽ വേദനിക്കുകയും പൊട്ടിക്കരയുകയുമാണ് നമ്മുടെ ദേശീയ മാദ്ധ്യമങ്ങളും സിനിമാ ലോകവും.

വ്യത്യസ്തവും സത്യസന്ധവുമായ അഭിപ്രായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള പ്രസ്സ് കൗൺസിൽ ചെയർമാൻ മാർക്കണ്ടേയ കട്ജു പോലും സഞ്ജയ്ക്ക് വേണ്ടി നില കൊള്ളുന്നു. ഈ വികാരത്തിന്റെ ചുവടുപിടിച്ച് സാധാരണക്കാരനും സഞ്ജയ്ക്ക് അനുകൂലമായി വാദിക്കുന്നു. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന സൂക്ഷ്മമായി വിലിയിരുത്തേണ്ടിയിരിക്കുന്നു. മുൻപ് പലതവണ ഞങ്ങൾ ചൂണ്ടി കാട്ടിയിട്ടുള്ള ഒരു ഉദാഹരണം വീണ്ടും ആവർത്തിക്കാം. ബ്രിട്ടനിലെ സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന ക്രിസ് ഹ്യൂ ആദ്യം രാജി വെച്ചതും ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്നതും കാർ ഓടിച്ചപ്പോൾ സ്പീഡ് ക്യാമറയിൽ കുടുങ്ങിയപോൾ പിഴ ഒഴിവാക്കാനായി കാർ ഓടിച്ചത് ഭാര്യ ആണ് എന്ന് നുണ പറഞ്ഞ്(ഭാര്യയുടെ അനുമതിയോടെ) രക്ഷപ്പെടുകയും ചെയ്തതിനാണ്. നിസ്സാരമായ ഒരു കാര്യം ആയിട്ട് കൂടി നുണയൻ എന്ന് വിളിച്ച് തുടർച്ചയായി ആക്ഷേപിക്കുകയാണ് അവിടുത്തെ മാദ്ധ്യമങ്ങൾ. എന്നാൽ നിർഭാഗ്യവശാൽ രാജ്യത്തെ ഞെട്ടിച്ച ബോംബ് സ്‌ഫോടന കേസിലെ പ്രതികളുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടും സഞ്ജയ് ദത്തിനെ ശിക്ഷിച്ചതിന്റെ പേരിൽ നമ്മൾ ഇപ്പോഴും സഹതപിക്കുകയാണ്.

സഞ്ജയ് ദത്ത് ഒരു ഭീകരൻ ആണ് എന്ന ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നാൽ കുറ്റവാളികളുമായുള്ള ബന്ധവും സ്‌ഫോടനത്തിന് വേണ്ടി ഇറക്കുമതി ചെയ്ത കൂട്ടത്തിൽ പെട്ട ആയുധങ്ങൽ അനധികൃതമായി ഒപ്പം സൂക്ഷിച്ചതായും സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞതുമാണ്. നിയമവിരുദ്ധമായി ആയുധം കൈവച്ച് എന്ന കുറ്റം മാത്രമാണ് സഞ്ജയ്യുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഈ കുറ്റത്തിന് നിയമം അനുസരിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി നൽകിയത്. ഇതിനെ കുറ്റം പറയുകയും സൂപ്പർതാരമായതു കൊണ്ട് രക്ഷിക്കാം എന്ന് വാദിക്കുകയും ചെയ്യുന്നത് രാജ്യത്ത് നിയമ വാഴ്ച്ച നടത്തണമെന്ന് ആഗ്രഹിക്കുന്ന ആർക്കും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

സഞ്ജയ് ദത്ത ഈ കേസിൽ ഉൾപ്പെടാൻ കാരണമായ സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഈ ശിക്ഷയെ ആർക്കും കുറ്റം പറയാൻ സാധിക്കില്ല. മയക്കുമരുന്നിന് അടിമയായി ജീവിതത്തിൽ ഏറെ കാലം കളഞ്ഞ ഒരു ചരിത്രം സഞ്ജയ്ക്കുമുണ്ട്. മയക്കുമരുന്നു കൈവശം വെയ്ക്കുന്നത് പോലും ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റം ആണ് എന്നോർക്കണം. അഞ്ചാറ് മാസം ഈ കേസിൽ മുൻപ് സജ്ഞയ് ജയിലിൽ കിടന്നിട്ടുണ്ട്. ലഹരിയോടുള്ള ആസക്തിയെ തോൽപിച്ച് സിനിമ ലോകത്ത് താരമായി പ്രകാശിച്ചു തുടങ്ങുമ്പോഴാണ് എ. കെ 56 തോക്ക് ദത്തിന്റെ ജീവിതം വീണ്ടും കീഴ്‌മേൽ മറിച്ചത്.

1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കായി കടൽ മാർഗ്ഗം എത്തിച്ച ആയുധങ്ങളിൽ നിന്നുള്ളതായിരുന്നു ആ തോക്ക്. അന്ന് ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയായിരുന്ന അബൂസലീം മൂന്ന് എ. കെ 56 തോക്കുകളും വെടിയുണ്ടകളുമായി സഞ്ജയ് ദത്തിന്റെ വീട്ടിലെത്തുകയും അത് സഞ്ജയ് വാങ്ങി വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് രേഖകൾ സൂചിപ്പിക്കുന്നു. മുംബൈ കലാപത്തിനിടെ താനും കുടുംബവും നേരിട്ട ഭീഷണിയെ തുടർന്നാണ് തോക്ക് വാങ്ങിയെന്നാണ് ദത്ത് പറയുന്നത്. എന്നാൽ ഇത് ഒരു അധോലോക നായകനിൽ നിന്ന തന്നെ വാങ്ങണമായിരുന്നോ എന്നും ലൈസൻസ് ഇല്ലാതെ ഇതൊക്കെ സൂക്ഷിച്ചത് എന്തുകൊണ്ട് എന്നുമൊക്കെയുള്ള ചോദ്യമാണ് സഞ്ജയ് ന്യായീകരിക്കുന്നവർ അവഗണിക്കുന്നത്.

സ്‌ഫോടനത്തിൽ ഉൾപ്പെട്ട ആയുധം ഇന്ത്യയിലേക്ക് കൊണ്ട് വന്നവരെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായും പൊലീസ് സഞ്ജയെയും അറസ്റ്റ് ചെയ്തത്. വിചിത്രമായ കാര്യം ശിവസേന എന്ന പ്രസ്ഥാനം എന്തിന് വേണ്ടി ഉണ്ടായോ അതിനെതിരായി പ്രവർത്തിച്ച കൊണ്ട് സേന തലവന് ബാൽത്താക്കറയുടെ സഹായത്തോടെയാണ് പിന്നീട് ദത്തിന് ജാമ്യം ലഭിക്കുന്നത് എന്നതാണ്. ദത്തിന്റെ പിതാവ് നടനും കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന സുനിൽ ദത്തിന്റെ അപേക്ഷയെ തുടർന്നാണ് താക്കറെയുടെ ഇടപെടൽ ഉണ്ടായത്. കേന്ദ്രത്തിലെ മന്ത്രി ആയിരുന്നിട്ട് കൂടി മകനെ രക്ഷിക്കാൻ അന്ന് ശിവസേനയുടെ സഹായം തേടേണ്ട അവസ്ഥയിൽ സുനിൽ എത്തി.

ഇതിന് പ്രത്യുപകാരമായി ശിവസേനക്ക് വേണ്ടി 1995ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിന്ന് സുനിൽ ദത്ത് വിട്ടുനിന്നു. പിന്നീട് വെള്ളിത്തിരയിൽ സരസനായ മുന്നാഭായിയായും വില്ലനായും തിളങ്ങുമ്പോഴാണ് 2006ൽ ടാഡ കോടതിയുടെ വിധി. ആറുവർഷം തടവു വിധിച്ചെങ്കിലും ടാഡയിൽ നിന്ന് ഒഴിവാക്കിയതും ഭീകരനല്ലെന്ന കോടതിയുടെ കണ്ടെത്തലും ദത്തിന് ആശ്വാസമായി. കോടതിയും ശിക്ഷയും ഒക്കെ ലഭിച്ചിട്ടും സിനിമ ലോകത്തിന് സഞ്ജയ് എക്കാലവും വേണ്ടപ്പെട്ടവൻ തന്നെ ആയിരുന്നു. കോടതിയെ ബോധ്യപ്പെടുത്താൻ സാമൂഹ്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തിയെങ്കിലും സുപ്രീം കോടതി അതൊന്നും പരിഗണിച്ചില്ല.

ഇപ്പറഞ്ഞതിൽ നിന്നും വളരെ വ്യക്തമായി തന്നെ പറയാവുന്ന ഒരു കാര്യം ഉണ്ട്. അറിഞ്ഞോ അറിയാതെയോ സഞ്ജയ് ദത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അധോലോക നായകരുമായി ബന്ധപ്പെടാൻ ശ്രമിച്ചത് തന്നെ ഗുരുതരമായ കുറ്റമായി കാണേണ്ടതാണ്. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഭീകരതയുടെ അടയാളങ്ങളായ അധോലോകവുമായുള്ള ചങ്ങാത്തത്തിന്റെ കഥ മാത്രം മതി സഞ്ജയുടെ ശിക്ഷയെ ന്യായീകരിക്കാൻ. ശിവസേന നേതാവ് ജാമ്യത്തിൽ ഇറക്കി എന്ന ഒറ്റ കാരണം കൊണ്ട് ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന ഫേസ്‌ബുക്കിലെ പോരാളികൾ പോലും സഞ്ജയ് ദത്തിനെ പുണ്യവാളനാക്കുന്നു. വകതിരിവുള്ളവർ ആ തെറ്റ് തിരുത്തുകയും ഇത്തരം ഒരു ധീരമായ നടപടി എടുത്ത് സുപ്രീംകോടതിയെ അഭിനന്ദിക്കുകയും വേണം.

ഒരുകാര്യം കൂടി പറഞ്ഞാലേ ഈ കുറിപ്പു പൂർത്തിയാകൂ. 18 മാസം തടവുശിക്ഷ അനുഭവിക്കുകയും വിചാരണക്കാലയളവിൽ ആവശ്യത്തിന് മാനസികപീഡ അനുഭവിക്കുകയും ചെയ്തു അതുകൊണ്ട് തന്നെ ഇനി ശിക്ഷ വേണ്ട എന്നുമാണ് സഞ്ജയ്ക്കു വേണ്ടി വാദിക്കുന്ന ജസ്റ്റിസ് കട്ജുവിനെ പോലുള്ളവർ പറയുന്നത്. എന്നാൽ ഒരു തെറ്റും ചെയ്യാതെ എത്രയോ സാധാരണക്കാർ സംശയത്തിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് വിചാരണ തടവുകാരായി ഇപ്പോഴും കഴിയുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി എന്ന മുസ്ലീം നേതാവിന്റെ കാര്യം മാത്രം എടുക്കുക. അദ്ദേഹം തെറ്റുകാരനാണെന്ന് സ്ഥാപിക്കാൻ നിയമപീഠത്തിന്റെ കൈയ്യിൽ ഇതുവരെ വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഒരു ജീവപര്യന്തം ശിക്ഷക്കാരന് ലഭിക്കാവുന്നത്രയും തടവ് മദനി വിചാരണ തടവുകാരനായി ഇതുവരെ അനുഭവിച്ചു കഴിഞ്ഞു. സഞ്ജയ് ദത്തിന് നൽകുന്ന ആനുകൂല്യവും സഹതാപവും എന്തുകൊണ്ട് മദനിക്കു നൽകി കൂടാ എന്നെങ്കിലും കട്ജുമാർ മറുപടി പറയേണ്ടി വരും.