ന്യൂഡൽഹി: ത്രിപുരയിലെ ദേശീയ പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎഎസ്സുകാരനോട് രാത്രി വിളിച്ച് ആവശ്യപ്പെടുമോ? ത്രിപുരയെ രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 208(എ) ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് സോഷ്യൽ മീഡിയ പറയുന്നു.

ജൂലൈ 21-ന് രാത്രി പ്രധാനമന്ത്രി വിളിച്ചുവെന്നാണ് ക്വോറ എന്ന സോഷ്യൽ മീഡിയയിൽ പുഷ്പക് ചക്രവർത്തി എന്നയാൾ പോസ്റ്റ് ചെയ്തത്. ഇതിനാവശ്യമായ എല്ലാ സഹായവും നൽകാമെന്നും മോദി വാഗ്ദാനം ചെയ്തുവത്രെ. മോദി സർക്കാർ അധികാരത്തിൽ വന്നശേഷമുണ്ടായ മാറ്റങ്ങളെ പ്രകീർത്തിക്കുന്നതാണ് പോസ്റ്റ്.

പുഷ്പകിന്റെ അച്ഛന്റെ സുഹൃത്തായ ഐഎഎസ്സുകാരനെയാണ് പ്രധാനമന്ത്രി നേരിട്ടു വിളിച്ചത്. എന്നാൽ ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് വ്യക്തമാക്കിയിട്ടുമില്ല. പ്രധാനമന്ത്രിക്ക് നിങ്ങളോട് സംസാരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫോൺ വിളി വന്നത്. ഏതാനും നിമിഷത്തേയ്ക്ക് ഉദ്യോഗസ്ഥൻ സ്തബ്ധമായി പോയെന്നും പോസ്റ്റിൽ പറയുന്നു.

രാത്രി വൈകി വിളിച്ചതിന് ക്ഷമ ചോദിച്ച മോദി, താൻ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയെന്നും 208എ ദേശീയ പാത നന്നാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ വിളിവന്ന രാത്രി ഈ ഉദ്യോഗസ്ഥന് ഉറങ്ങാനായില്ലെന്നും പുഷ്പകിന്റെ പോസ്റ്റിൽ പറയുന്നു.

അടുത്ത ദിവസം ഓഫീസിലെത്തിയപ്പോൾ ദേശീയ പാത നന്നാക്കുന്നത് സംബന്ധിച്ച് ത്രിപുര, ആസാം സർക്കാരുകളുടെ ഉത്തരവുകൾ മേശപ്പുറത്ത് എത്തിയിരുന്നു. ദേശീയ പാതയുടെ 15 കിലോമീറ്ററോളം നന്നാക്കാനുള്ള ഉത്തരവിന് അനുമതിയും ലഭിച്ചു. തന്റെ കീഴുദ്യോഗസ്ഥരെയും കൂട്ടി ദേശീയ പാത പരിശോധിച്ച് ഉടൻ തന്നെ ദേശീയ പാത നന്നാക്കാനുള്ള നടപടികൾക്ക് തുടക്കമിടുകയും ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പോസ്റ്റ്.