കൊച്ചി: കറൻസി നിരോധനവും കള്ളപ്പണവുമെല്ലാം ചർച്ചയാകുന്നതിന് പിന്നാലെ നികുതിവെട്ടിക്കാൻ എന്തെല്ലാം ഏർപ്പാടുണ്ടെന്ന് ആരാഞ്ഞ് കള്ളപ്പണക്കാരുടെ നെട്ടോട്ടമാണെങ്ങും. ജൂവലറികളിൽ നിന്ന് സ്വർണംവാങ്ങിയും നാട്ടുകാരെയും പരിചയക്കാരെയുമെല്ലാം നോട്ടുകൾ കൊടുത്ത് ബാങ്കിൽ ക്യൂ നിർത്തിയും കള്ളപ്പണക്കാർ കയ്യിലുള്ള കറൻസികൾ വെളുപ്പിക്കുന്ന വാർത്തക്ൾ അനുദിനം പുറത്തുവരികയാണ്.

ഈ സാഹചര്യത്തിൽ ബിജെപിയുടെ രാജ്യസഭാ എംപികൂടിയായ ചലച്ചിത്ര നടൻ സുരേഷ് ഗോപിയുടെ ഓഡി കാറും ചർച്ചാ വിഷയമാകുന്നു. സുരേഷ്‌ഗോപി തന്റെ കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത് നികുതി വെട്ടിക്കാനാണോ എന്ന ചോദ്യമുയർത്തിയാണ് വിവരം സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെട്ടത്. ഇതോടെ വിഷയം ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ചർച്ചയായി മാറി.

പിവൈ 01 ബിഎ 999 നമ്പറിലുള്ള ഓഡി ക്യു 7 കാറാണ് വിവാദനായകൻ. 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഏതു വാഹനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ 55,000 രൂപ  ഫ്ലാറ്റ്  നികുതി മാത്രം നൽകിയാൽ മതി. അതിനു താഴെയുള്ള മോഡലുകൾക്ക് 15,000 രൂപയേ നികുതിയുള്ളൂ.

റോഡ് നികുതി താരതമ്യേന കുറവുള്ള കേരളത്തിൽ ആഡംബര കാറുകൾക്ക് വിലയുടെ എട്ട് ശതമാനമാണ് നികുതി. 75 ലക്ഷം രൂപ വിലയുള്ള ഓഡി ക്യു 7 കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്താൽ ഏതാണ് അഞ്ചര ലക്ഷം രൂപ ലാഭിക്കാമെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിലെ ഇടതു സഹയാത്രികനായ ദീപക് ശങ്കരനാരായണൻ നൽകിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് ആവശ്യമാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. വാഹന ഡീലർമാർ ഇത് സംഘടിപ്പിച്ചു നൽകാറാണ് പതിവ്. വൻകിടക്കാരുടെ ഫാഷനാണ് ഈ വിധത്തിൽ വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതെന്നും ദീപക് പറയുന്നു.

മീഡിയവൺ സംപ്രേഷണം ചെയ്ത പൊളിമിക്‌സ് എന്ന പരിപാടിയിൽ സുരേഷ് ഗോപി കയറിപ്പോകുന്ന കാറിന്റെ ദൃശ്യം കഴിഞ്ഞദിവസം കാണിച്ചിരുന്നു. ഇതോടെയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെടുന്നത്. രജിസ്‌ട്രേഷൻ നമ്പറുപയോഗിച്ച് ഉടമയെ തിരഞ്ഞപ്പോൾ സുരേഷ് ഗോപി തന്നെയാണെന്ന് വ്യ്കതമായതോടെ ബിജെപി എംപി എന്തിന് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തുവെന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. നികുതി വെട്ടിപ്പിനെതിരേ നിലപാട് എടുത്തിട്ടുള്ള ബിജെപിയുടെ കേരളത്തിൽനിന്നുള്ള ഏക എംപി ഇത്തരത്തിൽ നികുതി വെട്ടിപ്പു നടത്തിയത് എന്തിനെന്ന് ചോദിച്ച് നിരവധി പേർ രംഗത്തെത്തുകയാണിപ്പോൾ.

ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ഇപ്രകാരം:

കേരളത്തിൽ ഓടുന്ന വാഹനങ്ങൾ എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്?
അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താൽ അടുത്ത ആർ ടി ഓ ഓഫീസിൽ രജിസ്റ്റർ ചെയ്യാം.
പിന്നെ ചില വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതെന്തിനാണ്?
ചില വാഹനങ്ങൾ എന്നല്ല ചില ആളുകൾ എന്നാണ് പറയേണ്ടത്. എന്നുവച്ചാൽ സംഗതി ചില തരത്തിലുള്ള വൻകിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കൽ ഇന്ത്യയിൽ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേർ ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്‌സ് ഇവേഷൻ എന്ന് ഇംഗ്ലീഷിലും പറയും.


അതായത് പോണ്ടിച്ചേരിയിൽ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്‌ലാറ്റ് ടാക്‌സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകൾക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള Audi Q7 കാറിന് കേരളത്തിൽ പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയാൽ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്‌സ് മുക്കാം. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് വേണം.

അത് പൊതുവെ ഡീലർമാർ തന്നെ കൊടുത്തോളും.
( എഡിറ്റ്: Audi Q7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കിൽ ഇതിലും വളരെ വലുതായിരിക്കും ടാക്‌സ് വെട്ടിപ്പ്)
നിയമപരമായും ധാർമ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോൾ ആളുകൾ സ്വകാര്യവാഹങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാർദ്ദപൂർണ്ണമായ സമീപനമാണ് എടുക്കാറുള്ളത്.

കർണ്ണാടകയിലെയോ തമിഴ്‌നാട്ടിലെയോ പോലെ റോഡിൽ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങൾക്കു നേരെ കേരളാ പൊലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇൻക്ലൂസിവിറ്റിയുടെ നഷ്ടങ്ങൾക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരിൽ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.

എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂർവ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങൾ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യർക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവർ ചെയ്യാറുണ്ടുതാനും.

ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവൺ ചാനൽ കണ്ടപ്പോൾ ശ്രദ്ധിച്ചതാണ്. അതിലൊരു Audi Q7 കാർ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബിജെപി യുടെ രാജ്യസഭാ എം പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം പി ആയതല്ല, ബിജെപി നോമിനേറ്റ് ചെയ്ത് പ്രസിഡൻഡ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. PY 01 BA 999. എം പി എന്ന് ബോർഡുമുണ്ട്.

അതിപ്പോ സുരേഷ് ഗോപി തൽക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ?
ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹൻ എന്ന രജിസ്‌ട്രേഷൻ നമ്പറുകൾ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സർക്കാർ സംവിധാനത്തിലേക്ക് ഒരു എസ് എം എസ് അയക്കുക. (Type VAHAN xxx where xxx is vehicle no. and send sms to 7738299899) ഇങ്ങനെ ഒരു മറുപടി കിട്ടും.
PY01BA0999 [PUDUCHERRY,PY]
Owner:1SURESH GOPI
Vehicle:AUDI Q7(DIESEL)
L.M.V. (CAR)
RC/FC Expiry:26Jan25
Finance:HDFC BANK LTD
MV Tax upto:(LifeTime)
Courtsey:MoRTH/NIC
ഒന്നുമില്ല. സംഭവം സിംപിളും പവർഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബിജെപിയുടേ ആകപ്പാടെയുള്ള ഒരു എം പി യാണ്. എനിക്കതിൽ അത്ഭുതമൊന്നുമില്ല, നിങ്ങൾക്കുണ്ടെങ്കിൽ തലക്കകത്ത് ഒന്നുകിൽ അജ്ജാതി നിഷ്‌കളങ്കൻ വേണം, അല്ലെങ്കിൽ മറ്റേ കുറുവടി ടീമായിരിക്കണം.

ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയിൽ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തിൽ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡൽഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്‌സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാൻ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!