ന്യൂയോർക്ക്: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പാണ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ക്രിസ്ത്യൻസിനും മുസ്ലീങ്ങൾക്കും ജ്യൂതന്മാർക്കും ഒരു പോലെ പുണ്യമായ സ്ഥലമാണ് ജറുസലേം. അതുകൊണ്ട് തന്നെ ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കത്തിനെതിരെ കടുത്ത എതിർപ്പുണ്ടായതിൽ ആശ്ചര്യവുമില്ല.

ഒരിക്കൽ ഈ പുണ്യ നഗരത്തിന് വേണ്ടി റോമക്കാരും ഓട്ടമാൻകാരും ബ്രിട്ടീഷ് ചക്രവർത്തിമാരും ജറുസലേമിന് വേണ്ടി യുദ്ധം ചെയ്തവരാണ്. ആധുനിക ഇസ്രയേൽ ഉണ്ടാകുന്നതുവരെ അറബ് രാജ്യങ്ങളും ഇസ്രയേൽ നേതാക്കളും ഈ ചരിത്ര നഗരത്തിന് വേണ്ടി കുറേ പോരാടിയിട്ടുണ്ട്. ഇതൊക്കെ ദുരിതം വിതച്ചതാവട്ടെ അവിടെ താമസിക്കുന്ന ജനതയേയും.

ക്രിസ്ത്യൻസിന്റെയും മുസ്ലിംസിന്റെയും യഹൂദന്മാരുടെയും പുണ്യ സ്ഥലങ്ങൾ നിരവധിയുള്ള സ്ഥലമാണ് ജറുസലേം. പുരാതനമായ ഈ സിറ്റിയുടെ നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു കുന്ന് മുസ്ലിംകൾക്കും യഹൂദന്മാർക്കും ഒരു പോലെ പ്രാധാനപ്പെട്ടതാണ്. ജ്യൂതർക്ക്‌  ഈ  കുന്ന് ടെമ്പിൾ മൗണ്ട് ആകുമ്പോൾ മുസ്ലിംകൾക്ക് ഇത് ഹറാം അൽ-ഷരീഫ് അഥവാ നോബിൾ സാങ്ച്വറിയാണ്.

നിരവധി ജ്യൂത ടെമ്പിളുകളാണ് ഇവിടെയുള്ളത്. ഇതിൽ പലതും ഇന്ന് നശിച്ചെങ്കിലും ഇവിടെ നിലനിൽക്കുന്ന ഒരു ഭിത്തിയെ പുണ്യമായാണ് ജ്യൂതന്മാർ കാണുന്നത്. വെസ്റ്റേൺ വാൾ എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രാർത്ഥിക്കാനുള്ള പരിശുദ്ധമായ സ്ഥലമായാണ് ഈ വാളിനെ ജ്യൂതന്മാർ കാണുന്നത്.

അതേസമയം ഈ വാളിന് അൽപ്പം മാത്രം അകലെയായി മുസ്ലിംങ്ങളുടെ രണ്ട് പ്രധാന പുണ്യ സ്ഥലങ്ങളാണുള്ളത്. ഡോം ഓഫ് ദി റോക്ക്, അൽ അസ്‌കാ മോസ്‌ക് എന്നിവയാണ് അത്. അൽ അസ്‌കാ മോസ്‌ക് എട്ടാം നൂറ്റാണ്ടി നിർമ്മിച്ചതാണ്. മെക്കയ്ക്കും മദീനയ്ക്കും ശേഷം മുസ്ലിംകളുടെ മൂന്നാമത്തെ പരിശുദ്ധമായ സ്ഥലമായാണ് മുസ്ലിംകൾ ഇതിനെ കാണുന്നത്. ക്രിസ്ത്യാനികൾ യേശുക്രിസ്തുവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലം കാണുന്നത്. യേശു മതപ്രഭാഷണം നടത്തിയതും മരിച്ചതും ഉയർത്തെഴുന്നേറ്റതും ഈ സ്ഥലത്തെ ബന്ധപ്പെടുത്തിയാണ് ക്രിസ്ത്യാനികൾ ആരാധിക്കുന്നത്.

1948ൽ ബ്രിട്ടീഷ് രാജഭരണം അവസാനിച്ചതോടെ ജോർദ്ദാനിയൻ പട്ടാളം ഈ സ്ഥലം കീഴടക്കി. പിന്നീട് ഇസ്രയേലും. 1980ൽ ഇസ്രയേൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണ് ജറുസലേമെന്ന് പ്രഖ്യാപിക്കുകും ചെയ്തു. എന്നാൽ ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കത്തോടെ ലോക രാഷ്ട്രങ്ങൾ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത് ആശങ്ക വിതച്ചിട്ടുണ്ട.

പുതിയ നീക്കത്തിലൂടെ ട്രംപ് 'നരകത്തിലേക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്നാണ് ഹമാസ് അഭിപ്രായപ്പെട്ടത്. ഇതും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പരമാധികരാവും മതവികാരവും ചോദ്യ ചിഹ്നമായതോടെ ഇവിടെ താമസിക്കുന്ന ജനങ്ങളും ഭീതിയുടെ നിഴലിലാണ്. ഇതിൽ ഏതെങ്കിലും ഒരു മതത്തിന്റെ വികാരം വ്രണപ്പെടുന്ന രീതിയിൽ എന്തെങ്കിലും സംഭവിച്ചാൽ അത് ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്കും വഴിവെച്ചേക്കും.