- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിറ്റു കാശാക്കിയവരെ അഴിയെണ്ണിച്ചു; ഓൺലൈൻ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായ കോടിക്കണക്കിന് രൂപ തിരിച്ചുപിടിച്ചു; ഡാർക്ക് നെറ്റിൽ വരെ ഓപ്പറേഷൻ; എന്നിട്ടും മനോജ് എബ്രഹാമിനെ സൈബർഡോം ചുമതലയിൽ നിന്നൊഴിവാക്കി
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയാനും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളുമെടുത്ത് വിൽപ്പന നടത്തുന്നവരെ കണ്ടെത്താനും പ്രത്യേക ഓപ്പറേഷനുകൾ നടത്തിക്കൊണ്ടിരിക്കെ, സൈബർ ഡോം മേധാവി, പൊലീസിന്റെ സൈബർ വിഭാഗം എന്നിവയിൽ നിന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ഒഴിവാക്കിയത് ഇത്തരം അന്വേഷണങ്ങളെ ഗുരുതരമായി ബാധിക്കും. സൈബർഡോം മേധാവിയായി തിരുവനന്തപുരം റേഞ്ച് ഐ.ജി പി.പ്രകാശിനാണ് ചുമതല നൽകിയിട്ടുള്ളത്. സൈബർ ക്രൈം അന്വേഷണത്തിൽ പ്രത്യേക പ്രാഗത്ഭ്യം നേടിയ മനോജ് എബ്രഹാമുമായി താരതമ്യം ചെയ്യുമ്പോൾ പ്രകാശിന് ഈ മേഖലയിൽ പരിചയസമ്പത്ത് കുറവാണ്.
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ അതിസമർത്ഥരായ എൻജിനിയറിങ് വിദ്യാർത്ഥികളെ അടക്കം ഉൾപ്പെടുത്തി രൂപീകരിച്ച സൈബർ ഡോം രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. സൈബർ ഡോമിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി രാജ്യാന്തര പുരസ്കാരങ്ങളും ലഭിച്ചു. സൈബർ സുരക്ഷയ്ക്ക് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ മനോജ് എബ്രഹാം പലവട്ടം ആദരിക്കപ്പെട്ടു. ഇതൊന്നും പരിഗണിക്കാതെയാണ് സർക്കാർ അദ്ദേഹത്തെ വിജിലൻസ് മേധാവിയാക്കിയത്. ഇതിനൊപ്പം സൈബർ ഡോം ചുമതല അധികമായി നൽകാമായിരുന്നെങ്കിലും സൈബർ ഡോമിൽ നിന്നും ഒഴിവാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളുമെടുത്ത് വിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ അദൃശ്യ ഇന്റർനെറ്റ് സംവിധാനമായ ഡാർക്ക് നെറ്റിൽ വരെ മനോജിന്റെ നേതൃത്വത്തിൽ സൈബർ ഡോം ഓപ്പറേഷൻ നടത്തിയിരുന്നു. പശ്ചാത്തലത്തിൽ മലയാളം കലണ്ടറുകളും പത്രങ്ങളുമുള്ളതും മലയാളം സംഭാഷണമുള്ളതുമായ വീഡിയോകൾ വൻവിലയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ പാക്കിസ്ഥാൻ, ചൈന, വിയറ്റ്നാം, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നു. കുട്ടികളെ ചൂഷണം ചെയ്തുള്ള ഈ ഇന്റർനെറ്റ് അധോലോകത്തിന്റെ ഇടപാടുകൾക്ക് തടയിടാനാണ് മനോജ് ശ്രമിച്ചത്.
വാങ്ങുന്നതും വിൽക്കുന്നതും ആരാണെന്നോ ഏത് രാജ്യത്തുള്ളവരാണെന്നോ അടക്കമുള്ള വിവരങ്ങളൊന്നും ഡാർക്ക്നെറ്റിൽ ഉണ്ടാവില്ല. തിരുവനന്തപുരത്തുള്ളയാൾ ഓസ്ട്രേലിയയിലെ വ്യാജ ഐ.പിവിലാസമാവും ഉപയോഗിക്കുക. ഐ.പി-വിലാസം തപ്പിപ്പോയാൽ പൊലീസ് ഇളിഭ്യരാവും. പണമിടപാടുകൾ കറൻസിയിലല്ല, നിഡൂഢ സാങ്കൽപ്പിക നാണയങ്ങളായ ബിറ്റ്കോയിനിലാണ്. എന്നാൽ ബിറ്റ്കോയിൻ വാങ്ങാൻ ബാങ്ക് അക്കൗണ്ടോ ഇ-വാലറ്റോ ഉണ്ടാവണം. വിവിധ ഏജൻസികളുടെ സഹായത്തോടെ ഈ ബാങ്കിടപാടുകൾ കണ്ടെത്തിയാണ് ഡാർക്ക്നെറ്റിലെ കച്ചവടക്കാരെ കുടുക്കുക. ഡാർക്ക്നെറ്രിൽ കുട്ടികളുടെ അശ്ലീലത തിരയുന്നവരെ കണ്ടെത്താനുള്ള സോഫ്റ്റ്വെയർ സൈബർഡോമിനുണ്ട്. തീവ്രവാദപ്രവർത്തനങ്ങൾ കണ്ടെത്താൻ സൈബർ പട്രോളിംഗിനായി കേന്ദ്രസർക്കാർ കൈമാറിയ സോഫ്റ്റ്വെയറുമുണ്ട്. ഇങ്ങനെ കിട്ടിയ വിവരങ്ങൾ പിന്തുടർന്ന് 117ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 47പേരെ അറസ്റ്റ് ചെയ്യാൻ മനോജിന് കഴിഞ്ഞിരുന്നു.
ഡാർക്ക്നെറ്റ് എന്നാൽ ഇന്റർനെറ്റിലെ അധോലോകമാണിത്. പ്രത്യേക സോഫ്റ്റ്വെയറിലൂടെയോ അക്കൗണ്ടുകളിലൂടെയോ പ്രവേശിക്കാനാവൂ. മയക്കുമരുന്ന്, കള്ളനോട്ട്, വ്യാജരേഖകൾ, അശ്ലീല വ്യാപാരം, ഹാക്കിങ്, ആയുധ-അവയവ വ്യാപാരം എന്നിവയെല്ലാമുണ്ട്. ബിറ്റ്കോയ്ൻ പോലെ ഡിജിറ്റൽ കറൻസിയിലാണ് പണമിടപാട്. ഡാർക്ക്നെറ്റിനു വേണ്ടി മാത്രം സെർച്ച് എൻജിനുമുണ്ട്. ആശയവിനിമയം എൻക്രിപ്റ്റ് ചെയ്ത് ലോകത്ത് പലേടത്തുമുള്ള കണക്റ്റഡ് നെറ്റ്വർക്കുകളിലൂടെയാണ് കൈമാറ്റംചെയ്യുക. ഉപയോഗിക്കുന്നവരുടെ ഐ.പിവിലാസം എൻക്രിപ്റ്ര് ചെയ്ത് പൂർണമായി രഹസ്യാത്മകത ഉറപ്പുവരുത്തുന്നുണ്ട്. ഹാക്ക്ചെയ്ത് കൈക്കലാക്കുന്ന ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വിൽപ്പനയ്ക്കുണ്ട്, വിലയ്ക്ക് വാങ്ങാം.
റിസർവ് ബാങ്കുമായി സഹകരിച്ച് സൈബർഡോം നടത്തിയ ഇടപെടലിലൂടെ ഓൺലൈൻ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്തി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഓൺലൈൻ പണം തട്ടിപ്പ് തടയാൻ പൊലീസിന്റെ സൈബർ ഡോം പുറത്തിറക്കിയ ആപ്ലിക്കേഷൻ ബി- സേഫ് സൂപ്പർ ഹിറ്റായിരുന്നു. ഓൺലൈൻ, മൊബൈൽ ഫോൺ വഴിയുള്ള പണം തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഈ ആപ്ലിക്കേഷൻ. മൊബൈൽ ആപ്ലിക്കേഷനായും, വെബ് ആപ്ലിക്കേഷനായും ഇത് ഉപയോഗിക്കാം. സ്പാം ഫോൺ കോളുകൾ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഈ മൊബൈൽ ആപ്ലിക്കേഷനിലുള്ളത്. ആപ്പ് വേർഷന്റെ സഹായത്തിലൂടെ ഉപഭോക്താവിന് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള കോളുകൾ അറ്റൻഡ് ചെയ്യാതെ ഒഴിവാക്കാനുള്ള സംവിധാനവും ലഭ്യമാണ്. ഇതിലൂടെ തട്ടിപ്പ് ഫോൺകോളുകൾക്കായി അനാവശ്യമായി സമയം നഷ്ടമാകുന്നതും ഒഴിവാക്കാൻ സാധിക്കും.
പുതിയ നമ്പറുകളിൽ നിന്ന് സ്പാം കോളുകൾ വരാനുള്ള സാധ്യതയുള്ളതിനാൽ ആപ്പ് സെർവറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകൾ സ്വയം ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടാവും. സ്പാം ആയി തോന്നുന്ന ഒരു നമ്പർ, ഇൻസ്റ്റന്റ് മെസ്സഞ്ചർ, സോഷ്യൽ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെർച്ച് ചെയ്യുന്നതിന് സെർച്ച് ഓൺ കോപ്പി ഓപ്ഷനും ലഭ്യമാണ്. പൊലീസ് സൈബർഡോമിന്റെയും റിസർവ് ബാങ്കിന്റെയും മേൽനോട്ടത്തിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. ബാങ്കുകൾ, മൊബൈൽ വാലറ്റുകൾ, ഇകൊമേഴ്സ് സൈറ്റുകൾ, ജില്ലാ സൈബർ സെല്ലുകൾ, ഹൈടെക് സെൽ, സൈബർ പൊലീസ് എന്നിവയെല്ലാം ഈ സംവിധാനത്തിലുണ്ട്. ഇതിനെല്ലാം മുന്നിൽ നിന്ന് പ്രവർത്തിച്ചത് മനോജ് എബ്രഹാമായിരുന്നു.
രാജ്യത്തെ സൈബർ സുരക്ഷ മുൻനിറുത്തി പ്രവർത്തിക്കുന്ന പ്രമുഖരുടെ പട്ടികയിലെ ആദ്യ നൂറു റാങ്കിൽ മനോജ് എബ്രഹാം ഉൾപ്പെട്ടിരുന്നു. സൈബർ ഡോം വഴി നടത്തുന്ന സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയിൽ വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സൈബർ സുരക്ഷാ സമ്മേളനം കൊക്കൂണും രാജ്യാന്തര പ്രശസ്തി നേടിയതാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്