തിരുവനന്തപുരം:വിവാഹത്തിന് മുമ്പ് പെൺകുട്ടികളുടെ കന്യകാത്വം നിർബന്ധമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ലെവിൻ തോമസ് എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം.സ്ത്രീ-പുരുഷഭേദമെന്യേ ശക്തമായ പ്രതികരണങ്ങൾ ഉയർന്നതോടെ വിവാദപുരുഷൻ പോസ്റ്റ് പിൻവലിച്ചു.കേരളം വിട്ടാൽ മലയാളി പെൺകുട്ടികൾ അമിത സ്വാതന്ത്ര്യം കാട്ടുന്നുവെന്നും അത്തരക്കാരെ വിവാഹം കഴിക്കുന്നത് റിസ്‌കാണെന്നും സമാധാനം ആഗ്രഹിക്കുന്ന ആൺകുട്ടികൾ പെണ്ണിന്റെ കന്യകാത്വം കൂടി പരിശോധിക്കണമെന്ന സ്ത്രീവിരുദ്ധപരാമർശങ്ങളടങ്ങിയ പോസ്റ്റാണ് വിവാദമായത്.

ഇദ്ദേഹത്തിന്റെ അപേക്ഷ അപേക്ഷ കേന്ദ്ര ,കേരള ഗവർമെന്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നുമായിരുന്നു ഒരു പെൺകുട്ടിയുടെ പ്രതികരണം. ഓരോ പഞ്ചായത്തിലും ഓരോ കന്യകാത്വ പരിശോധനാ കേന്ദ്രം. കേരളത്തിനു പുറത്തു പഠിക്കുന്ന കുട്ടികൾക്ക് ഓരോ തവണ അവധിക്കു വരുമ്പോഴും കേരളത്തിൽ തന്നെ ഹോസ്റ്റലിൽ നിൽക്കുന്നവർക്ക് ആറു മാസത്തിലൊരിക്കലും വീട്ടിലും പരിസരത്തും അടങ്ങിയൊതുങ്ങി കഴിയുന്നവർ വിവാഹാലോചന വരുന്ന ഉടനെയും ഈ കേന്ദ്രത്തിൽ ചെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. പരിശോധനക്കു വിധേയരാകാത്തവരെ വധശിക്ഷക്ക് വിധേയരാക്കണമെന്നും കമന്റിൽ പരിഹസിക്കുന്നു.

വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ്:

കന്യകാത്വം അതാണ് വിഷയം, ഇപ്പൊൾ എഴുതാൻ കാരണം ഒരു വീഡിയോ ക്ലിപ്പ് കാണാൻ ഇടയായി അതിൽ പറയുന്നത് ബാംഗ്ലൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ ബസിൽ പരസ്യമായി ലൈഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കാര്യമാണ്, ഞാൻ ഇത് കുറെ വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ്, കുറെ അധികം നെഗറ്റീവ് പ്രതികരണവും ഉണ്ടായി, എങ്കിലും അതൊരു സത്യമാണ്. കേരളം വിട്ടാൽ കുട്ടികൾ കുറച്ച് അധികം സ്വാതന്ത്ര്യം കാണിക്കും. പ്രത്യേകിച്ച് മലയാളി പെൺകുട്ടികൾ അധികപ്രസംഗികൾ ആവുന്നത് സാധാരണമാണ്. സ്വന്തം ഇമോഷന്റെ മേൽ നിയന്ത്രണ കുറവുള്ള പെൺകുട്ടികളാണ് വില്ലത്തികൾ.

അവരുടെ പഠനമൊക്കെ കഴിയുമ്പോഴേക്കും പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ചിട്ട് വിട്ടിരിക്കും. ഒരു പ്രായം തികഞ്ഞ വലിയമ്മച്ചിക്ക് ഉണ്ടായിട്ടില്ലാത്ത അനുഭവ പരിചയം ഈ വിഷയത്തിൽ ഇവർക്ക് ഉണ്ടായിരിക്കും. എല്ലാത്തരം അനുഭവ പരിചയവും കൂടുതൽ ഉള്ളതുകൊണ്ട് മര്യാദക്കാരോട് ഇവർക്ക് പുച്ഛവും പരിഹാസവും കൂടാതെ ധിക്കാരപരമായ ഒരു ഫെമിനിചി മട്ടും ഭാവവും ഒക്കെയായിരിക്കും. എന്നുപറഞ്ഞാൽ കുടുംബത്തിന് ചേരാത്ത പ്രകൃതം. അതുകൊണ്ട് ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്‌ക്കെന്ന് മാത്രമല്ല ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ, അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആൺപിള്ളേർ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രമിച്ചില്ലെങ്കിൽ പണിപാളും. മിക്ക ആശുപത്രികളിലും അതിനുള്ള സൗകര്യവും ഉണ്ട്. കന്യകാത്വം തയിച്ച് പിടിപ്പിച്ചാലും പരിശോധനയിൽ അത് അറിയാൻ കഴിയും. മടിച്ചാൽ ചിലപ്പോൾ ഭാര്യ ആവുന്നത് പലതരക്കാർ കൈയിലിട്ട് തിരുമ്മിവിട്ട ആക്രി സാധനമായിരിക്കും. ചിലപ്പോൾ നെറ്റിൽ തുണ്ട് ഇറങ്ങിയിരുന്നതും ആവും. പിന്നെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ലട്ടോ.''