ഇടുക്കി: ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിൽ എസ്എഫ്‌ഐ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തെ തുടർന്ന് ചൊവ്വാഴ്ചയും അക്രമവും സംഘർഷവും തുടർന്നു. കൊല്ലം പള്ളിമുക്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസിന്റെ കൊടിമരം നശിപ്പിക്കുകയും കൊടി കത്തിക്കുകയും ചെയ്തു. പള്ളിമുക്ക് ജംക്ഷനിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന കൊടിമരം തിങ്കളാഴ്ച രാത്രി ഡിവൈഎഫ്‌ഐ പ്രവർത്തകർ തകർത്തിരുന്നു. ഇന്നലെ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിമരം പുനഃസ്ഥാപിച്ചു. വൈകാതെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊടിമരം തകർത്ത ശേഷം കൊടി കത്തിച്ചു.

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും 28 കൊടിമരങ്ങൾ നശിപ്പിച്ചു. എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമത്തിൽ തിരുവല്ലയിലെ കോൺഗ്രസ് ഓഫിസ് പൂർണമായി തകർന്നു. ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായി. ഓഫിസിനു മുന്നിലെ ബോർഡുകൾ നശിപ്പിച്ചു. നേരത്തെ കോൺഗ്രസ്, സിപിഎം അനുഭാവികളായ യുവാക്കൾ എതിർപക്ഷത്തിന്റെ കൊടികൾ നശിപ്പിച്ചിരുന്നു. ചെട്ടികുളങ്ങരയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്തു.

അതേസമയം, വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും 21 വരെ അടച്ചിടാൻ തീരുമാനിച്ചു. കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ 10 കെഎസ്‌യു പ്രവർത്തകർക്കും ഒരു എസ്എഫ്‌ഐ പ്രവർത്തകനും പരുക്കേറ്റിരുന്നു.പാലക്കാട് ഡിസിസി ഒാഫിസിന്റെ രണ്ടാം നിലയിലെ ചില്ല് കല്ലേറിൽ തകർന്നു. മലപ്പുറം തിരൂരിനു സമീപം കൂട്ടായി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ അലി അക്‌ബർ സ്മാരക മന്ദിരത്തിന് തിങ്കളാഴ്ച രാത്രി അജ്ഞാതർ തീയിടാൻ ശ്രമിച്ചതായി പരാതിയുണ്ട്. ഓഫിസിന്റെ വാതിൽ കത്തിനശിച്ചു.

വടകര എംയുഎം എച്ച്എസ്എസിൽ പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂളിലെത്തിയ സമരാനുകൂലികളും പരിസരവാസികളും രക്ഷിതാക്കളും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശി. 4 പേരെ കസ്റ്റഡിയിലെടുത്തു. മുപ്പതോളം പേർക്കെതിരെ കേസെടുത്തു.