തിരുവനന്തപുരം: സംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവർഷദിനത്തിൽ വനിതാമതിൽ രൂപീകരിക്കാനുള്ള പുറപ്പാടിലാണ് എൽഡിഎഫ് സർക്കാർ പുരുഷന് തുല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്നും ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് മനുഷ്യച്ചങ്ങല പോലെയൊരു വനിതാമതിൽ കാസർകോഡ് മുതൽ തലസ്ഥാനം വരെ സ്ത്രീകളെ അണിനിരത്തി പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ, വനിതാമതിലിന്റെ മുന്നണിപോരാളികളിൽ ഒരാളാണ് ഹിന്ദു പാർലമെന്റ് സെക്രട്ടറി സി.പി.സുഗതൻ. വെള്ളാപ്പള്ളി നടേശൻ ചെയർമാനും പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായ നവോത്ഥാന സംരക്ഷണ സമിതിയുടെ ജോ.കൺവീനറാണ് സി.പി സുഗതൻ.

കടുത്ത സ്ത്രീവിരുദ്ധതയും വർഗീയ നിലപാടുകളുമുള്ള സി.പി.സുഗതൻ എങ്ങനെയാണ് സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാനുള്ള വനിതാമതിലിന്റെ സംഘാടകനാകുന്നത് എന്നാണ് ചോദ്യം. അഖില-ഹാദിയ വിവാദം കത്തി നിന്ന സമയത്ത് സി.പി.സുഗതൻ സ്വീകരിച്ച നിലപാട് കുപ്രസിദ്ദമാണ്. അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെയെന്നും മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നുമാണ് സുഗതൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

2017 ഒക്ടോബർ 10 ന് സി പി സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ:

അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണ് .

ജന്മം നൽകി സ്നേഹിച്ചു വളർത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയിൽ ആക്കി, നാടിനും നാട്ടാർക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മിൽ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകൾ തന്റെ സംസ്‌കാരത്തോടും, മാതൃപിതുർത്തതോടും ശത്രുപക്ഷത്തു ചേർന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. .

യുദ്ധത്തിൽ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലിൽ പോകാൻ ധർമ ശാസ്ത്രങ്ങൾ അനുമതി നല്കുന്നുണ്ട്.

കുടുംബത്തിന്റെ അടിസ്ഥാനം സ്നേഹവും രക്തബന്ധവും സമുഹവും അതിന്റെ സംസ്‌കാരവും എല്ലാംകുടി ചേർന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്. അല്ലതെ ഭരണഘടനഉണ്ടാക്കി വെച്ചിട്ട് പിന്നെ സമുഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്.

മരുന്നിന്റെയും മറ്റുൽപന്നങ്ങളുടെയും എക്സ്പയറി ഡേറ്റ് നിച്ചയിക്കുന്നതുപോലെ 18 വയസ്സു പുർതിയാൽ പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹതോടുമുള്ള ബന്ധം എക്സ്പയറി ആകുമെന്നു വാദിക്കുന്നവർ ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്.

18 വയസ്സു കഴിഞ്ഞാൽ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കിൽ വയസ്സു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18. കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമുഹം ജീവിക്കുന്നത് ഭരണഘടനവെച്ചല്ല മറിച്ചു സമുഹത്തിന്റെ കേട്ടുറപ്പിന്റെയും, പൊതുജീവിതത്തിന്റെയും വ്യവഹാര നീതിയാണ് ഭരണഘടന.

അതുകൊണ്ടാണ് കോടതികൾ നീതിന്യായക്കൊടതികൾ ആകുന്നതു. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാൽ മതി. മനുഷ്യന്റെ BIOLOGICAL പ്രതിഭാസമായ, സ്നേഹം,ഓർമ്മകൾ, രക്തബന്ധങ്ങൾ , ഇവയെല്ലാം ചേർന്നതാണ് കുടുംബം ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട്കൊണ്ട് നിർവചിക്കാൻ ആവില്ല.

ഇഷടമുള്ള മതം സ്വീകരിച്ചതിന്റെ പേരിലാണ് അഖില എന്ന ഹാദിയയെ വലിച്ചുകീറി സി.പി.സുഗതൻ കൊലവിളി പോസ്റ്റിട്ടത്. ഇത്തരമൊരാൾ ങ്ങെനെ നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വരുമെന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്. സമുദായ-ജാതി സംഘടനാ നേതാക്കളുടെ യോഗം വിളിച്ച പിണറായി വിജയൻ ശ്രീനാരായണ ഗുരുവിനെയും, ചട്ടമ്പിസ്വാമികളെയും, തൈക്കാട് അയ്യാസ്വാമിയെയും, അയ്യങ്കാളിയെയും പോലെ മനുഷ്യനെ മനുഷ്യനായി കണ്ട യഥാർഥ നവോത്ഥാന നായകന്മാരെ ഒരുനിമിഷമെങ്കിലും ഓർക്കേണ്ടതായിരുന്നു. അതല്ലെങ്കിൽ വി.ടി.ബൽറാം എംഎൽഎ കുറിച്ചത് പോലെ ഇതൊരു നവോത്ഥാന പൊറാട്ടുനാടകം മാത്രമായി മാറും.

ബൽറാമിന്റെ വാക്കുകൾ

പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.

''ഹാദിയയെ തെരുവിൽ ഭോഗിക്കണം', 'ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ' എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.

സി.പി.മുഹമ്മദലി എഴുതുന്നത് ഇങ്ങനെ:

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 190 സംഘടനകളിലെ പ്രതിനിധികളുടെ യോഗത്തിൽ വെച്ച് നവോത്ഥാനമൂല്യ സംരക്ഷണ സമിതി ഉണ്ടാക്കിയത്രെ. ഈ സമിതി കാസർകോട് മുതൽ തിരുവനന്തപുരം വരെ നവോത്ഥാന മൂല്യങ്ങൾ വിളംബരം ചെയ്ത് വനിതാ മനുഷ്യമതിൽ തീർക്കും. വെള്ളാപ്പള്ളി നടേശൻ ചെയർമാനും പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായ നവോത്ഥാന സംരക്ഷണ സമിതിയുടെ കൺവീനറാണ് ഹിന്ദു പാർലമെന്റ് സെക്രട്ടറി സി പി സുഗതൻ.

ഇഷ്ടമുള്ള മതം സ്വീകരിച്ച ഹാദിയയെ തട്ടം വലിച്ചുകീറി, ഉടലും തലയും രണ്ടാക്കി സ്വാഭാവിക നീതി നടപ്പാക്കി ജയിലിൽ പോകാൻ ധർമശാസ്ത്രങ്ങളുടെ അനുവാദം തേടിയ മഹാനാണ്. ഭരണഘടനയുടെ നീതിയിലല്ല, സ്വാഭാവിക നീതിയിലാണ് വിശ്വാസം.നവോത്ഥാന സംരക്ഷണവും വനിതാ മതിലും പൊടിപൊടിക്കും

കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി എന്ന പ്രഖ്യാപനത്തോടെ നടത്തുന്ന പരിപാടിയുടെ സംഘാടക തലപ്പത്ത് ഒരു സ്ത്രീ പോലുമില്ലെന്ന വിമർശനവും ഉയരുന്നു. തുല്യതയ്ക്ക് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് ഇക്കാര്യത്തിൽ എത്ര വനിതാനേതാക്കളോട് കൂടിയാലോചിച്ചുവെന്ന ചോദ്യവും ഉയരുന്നു. എത്ര സ്ത്രീകളോട് ആലോചിച്ചിട്ടാണ് വനിതാമതിൽ സംഘടിപ്പിക്കുന്നതെന്ന ചോദ്യത്തിന് പുറമേ, കടുത്ത സ്ത്രീവിരുദ്ധരെയാണ് സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന വിമർശനവും സർക്കാരിന്റെ ഈ ഉദ്യമത്തിന് തിരിച്ചടിയാണ്.