മസ്‌കറ്റ്: തീരത്ത് ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റിൽ ഒമാനിൽ വ്യാപക നാശനഷ്ടം. മൂന്ന്‌പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. മസ്‌കത്ത് ഗവർണറേറ്റിലെ അൽ അമീറാത്തിലെ വെള്ളകെട്ടിൽ വീണ് കുട്ടിയും, റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടം തകർന്ന് രണ്ട് ഏഷ്യക്കാരുമാണ് മരിച്ചത്. വാദി മുറിച്ച് കടക്കുന്നതിനിടെയാണ് ഒരാളെ കാണാതായത്.

താമസിച്ചിരുന്ന കെട്ടിത്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഏഷ്യകാരായ രണ്ടുപേർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മസ്‌കത്തിലേതടക്കം പല പ്രധാന റോഡുകളും വെള്ളത്തിലാണ്. നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. എക്സ്പ്രസ്വേ ഒഴികെ മസ്‌കത്തിലെ എല്ലായിടത്തും ഗതാഗതം ഭാഗികമായി നിരോധിച്ചു.

 

വെള്ളപ്പൊക്ക ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി മുതൽ മസ്‌കത്ത്, ബാത്തിന ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ലഭിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി മസ്‌കത്ത്, മത്ര ഭാഗങ്ങളിൽ വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ 55 പേരെ രക്ഷിച്ചു. 30പേർ വീടുകളിലും 25പേർ വാഹനങ്ങളിലുമാണ് കുടുങ്ങിയിരുന്നത്.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതം നേരിടാൻ നല്ല മുന്നൊരുക്കമാണ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ആവശ്യമായ നടപടി എടുക്കാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. മസ്‌കത്ത് വതയ്യയിൽ അൽ നാദ പ്രസിന് പിൻവശം മലയിടിഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു.

മസ്‌കറ്റ്, വടക്കൻ ബാത്തിന, അൽദാഖിറ, അൽബുറൈമി, അൽദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് കൂടുതൽ നാശം വിതച്ചത്. മസ്‌കത്തടക്കം ഒമാന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

 

ഖുറം ബിസിനസ് ഡിസ്ട്രിക് മേഖല പൂർണമായി ഒഴിപ്പിക്കാനായി നാഷനൽ എമർജൻസി സെന്റർ നിർദ്ദേശം നൽകി. ഖുറം മേഖല ഏതാണ്ട് പൂർണമായി വെള്ളകെട്ടിലാണ്. സാഹിയ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ഒഴുപ്പിച്ചു. വിവിധ ഇടങ്ങളിലായി 136 അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 45 എണ്ണം പ്രവർത്തനം ആരംഭിച്ചു. 2734 ആളുകളെ അഭയകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 1989പേർ സ്വദേശികളും 736 വിദേശികളുമാണുള്ളത്.

ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ റോയൽ എയർഫോഴ്സുമായി സഹകരിച്ച് അഭയേകന്ദ്രങ്ങളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നുണ്ട്. 2007ൽ ഗോനു ചുഴലികാറ്റ് വീശിയടിച്ചതിന് സമാനമായ സാഹര്യമാണ് മസ്‌കത്ത് മേഖലയിലുള്ളത്.