കണ്ണൂർ: പ്രവാസി മലയാളിയുടെ അറബി മോഡൽ കല്യാണം. ദുബായിലെ അൽ ഷമാമ സൂപ്പർ മാർക്കറ്റ് മാനേജിങ് ഡയരക്ടറായ അദീപ് കാരാട്ടിനെതിരെ ബലാത്സംഗ കുറ്റത്തിനും വഞ്ചനാ കുറ്റത്തിനും പരിക്കേൽപ്പിച്ചതിനും യുവതി നൽകിയ പരാതിയിൽ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമാനുസൃതം വിവാഹം രജിസ്ട്രർ ചെയ്യാമെന്ന് വാഗ്ദാനം നൽകി രണ്ട് മാസത്തിലധികം യുവതിയെ ഭാര്യയായി കൂടെ പാർപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. വിവാഹം രജിസ്ട്രർ ചെയ്യണമെന്നാവശ്യപ്പെട്ട് ചെറുത്തു നിന്ന യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത പാനൂരിലെ കാരാട്ട് ഹൗസിൽ അദീപിനും അതിനു കൂട്ടു നിന്ന ബന്ധുക്കൾക്കും എതിരായാണ് പാനൂർ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്.

2017 ജൂൺ, ജൂലായ് മാസങ്ങളിലായി അദീപിന്റെ വീട്ടുകാർ അയാൾക്കു വേണ്ടി വിവാഹം ആലോചിക്കുകയും വിവാഹം കഴിഞ്ഞാൽ യുവതിയെ അയാൾക്കൊപ്പം ദുബായിലേക്ക് കൊണ്ടു പോകാമെന്നും കുടുംബമായി ജീവിക്കാമെന്നും ഉറപ്പ് നൽകിയതിനാലാണ് യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 2017 ഓഗസ്റ്റ് മാസം അദീപിന് യുവതിയെ നിക്കാഹ് ചെയ്തു കൊടുക്കാനും നിക്കാഹിന് ശേഷം 15 ദിവസത്തിനകം നിയമാനുസൃതം വിവാഹം രജിസ്ട്രർ ചെയ്യുവാനും ധാരണയായിരുന്നു. യുവതിയുടെ പാസ്പ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർത്ത് ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോകുമെന്നും ഇരു കുടുംബങ്ങളും തമ്മിൽ കരാറുണ്ടാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം 5 ാം തീയ്യതി നിക്കാഹ് നടക്കുകയും തുടർന്ന് അദീപ് ഭാര്യ എന്ന നിലിയിൽ യുവതിയുമായി ലൈംഗിക ബന്ധങ്ങൾക്ക് ഏർപ്പെടുകയും ചെയ്തു. എന്നാൽ തുടർന്നും വിവാഹം രജിസ്ട്രർ ചെയ്യാൻ തയ്യാറായില്ല. നിക്കാഹ് നടത്തിയാൽ മൊഴി ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കാമെന്നും വിവാഹം രജിസ്ട്രർ ചെയ്താൽ അതിന് കഴിയുകയില്ല എന്ന ബോധ്യത്തെ തുടർന്നാണ് അദീപ് രജിസ്ട്രർ ചെയ്യാൻ വിസമ്മതിച്ചത്. വിവാഹം രജിസ്ട്രർ ചെയ്യാൻ ഒന്നാം പ്രതിയും ഉപ്പയും ഉമ്മയും ഉൾപ്പെടെയുള്ള മറ്റ് പ്രതികളും ഉറപ്പ് നൽകിയതാണെങ്കിലും ഒന്നാം പ്രതിയായ അദീപിന്റെ താത്പര്യ പ്രകാരം വിവാഹം രജിസ്ട്രർ ചെയ്യാതെ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ അവരും കൂട്ടു നിൽക്കുകയായിരുന്നു.

2017 സെപ്റ്റംബർ 26 ാം തീയ്യതി വിവാഹം രജിസ്ട്രർ ചെയ്യേണ്ട കാര്യം ഒന്നാം പ്രതി അദീപിനോടും രണ്ടു മുതൽ ആറ് വരെയുള്ള പ്രതികളോടും പറഞ്ഞപ്പോൾ രജിസ്ട്രർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും രണ്ട് മാസം അദീപിനൊപ്പം കഴിഞ്ഞതിന്റെ നഷ്ടപരിഹാരം വാങ്ങി പിരിഞ്ഞു പോകാനുമാണ് പറഞ്ഞത്. തുടർന്ന് ശാരീരിക ബന്ധത്തിന് വിസമ്മതിച്ച യുവതി വിവാഹം രജിസ്ട്രർ ചെയ്താൽ മാത്രമേ തന്നെ സ്പർശിക്കാൻ പാടുള്ളൂവെന്ന നിലപാടെടുത്തു. ഇതിൽ കോപാകുലനായ ഒന്നാം പ്രതി അദീപ് യുവതിയെ മർദ്ദിക്കുകയും അടച്ച് പൂട്ടിയ ബഡ്റൂമിലിട്ട് ഷാൾ കൊണ്ട് ബന്ധിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഈ സംഭവത്തിന് ശേഷം കേസ് ഭയപ്പെട്ട് ഒന്നാം പ്രതി, ഉപ്പയും ഉമ്മയും സഹോദരിമാരുമടങ്ങുന്ന മറ്റ് പ്രതികളുടെ സഹായത്തോടെ ദുബായിൽ ഒളിവിൽ കഴിയുകയാണ്.

വിവാഹം രജിസ്ട്രർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഒന്നാം പ്രതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്റേത് അറബി കല്ല്യാണമായിരുന്നുന്നെന്നും അറബികൾ നാട്ടിൽ വരുമ്പോൾ രണ്ട് മാസത്തേക്ക് കൂടെ താമസിക്കാൻ പെൺകുട്ടികളെ നിക്കാഹ് ചെയ്യാറുണ്ടെന്നും അത് പോലെ തന്റെ നിക്കാഹിനെ കണ്ടാൽ മതിയെന്നും പറഞ്ഞു. രണ്ട് മാസത്തെ ബന്ധത്തിനിടയിൽ നീ ഗർഭണിയായിട്ടുണ്ടെങ്കിൽ അത് എന്റെ സമ്മാനമായി കരുതിയാൽ മതിയെന്നും പറഞ്ഞ് പ്രതി യുവതിയെ അപമാനിക്കുകയാണ് ചെയ്തതെന്നും പരാതിയിൽ പറയുന്നു.

ഒന്നാം പ്രതിയായ അദീപ് കാരാട്ടിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376 ാം വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റത്തിനും 420 ാം വകുപ്പനുസരിച്ച് വഞ്ചനാ കുറ്റത്തിനും യുവതിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതിന് 323 ാം വകുപ്പനുസരിച്ചും പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്യുന്നതിന് സാഹചര്യമൊരുക്കി കൊടുക്കുകയും വഞ്ചിക്കുകയും ചെയ്ത ഒന്നാം പ്രതിയുടെ പിതാവ് അബ്ദുള്ള കാരാട്ട്, സഹോദർ അൻസാർ കാരാട്ട്, മാതാവ് സൈനബ കാരാട്ട്, സഹോദരിമാരായ അസീറ , സമീന, എന്നിവർക്കെതിരേയും പൊലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.

പാനൂർ സിഐ. ബെന്നിയുടെ നേതൃത്വത്തിലാണ് കേസനേഷണം നടന്നു വരുന്നത്. അദീപും യുവതിയും തമ്മിൽ നിക്കാഹ് നടന്നുവെങ്കിലും നിയമാനുസൃതമായി വിവാഹം രജിസ്ട്രർ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സിഐ. പറഞ്ഞു.