കോതമംഗലം: ഭർത്താവ് മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കുക പതിവായിരുന്നു. ഇന്നലെ ആദ്യമായിട്ടാണ് തിരിച്ച് ആക്രമിച്ചത്. കൊല്ലമെന്നും പറഞ്ഞ് ആക്രമണം തുടങ്ങിയതോടെ സർവ്വ നിയന്ത്രണവും വിട്ടു. മൽപ്പിടുത്തം നടക്കുമ്പോൾ വാതിലിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് പട്ടയാണ് കൈയിൽ കിട്ടിയത്. അതുകൊണ്ട് തലയ്ക്കടിച്ചു. സ്റ്റേഷനിലെത്തിയത് കുറ്റകൃത്യം അറിയിച്ച് കീഴടങ്ങാനും സാജുവിന് ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടെന്നും തങ്കയുടെ വെളിപ്പെടുത്തൽ.

കോട്ടപ്പടി മനേക്കുടി സാജു(60)വിന്റെ ഭാര്യയാണ്് തങ്ക എന്നറിയപ്പെടുന്ന ഏല്യാമ്മ. ഇന്നലെ രാത്രി തങ്കയുടെ അടിയേറ്റതിനെത്തുടർന്ന് സാജു മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി 8.30 തോടെ കോട്ടപ്പടിയിലായിരുന്നു സംഭവം. ഭർത്താവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ഏല്യാമ്മയെ കോട്ടപ്പടി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി 8 മണിയോടെ മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ സാജു തന്നെ ആക്രമിക്കാൻ എത്തിയെന്നും മൽപ്പിടുത്തം ഉണ്ടായെന്നും കൊല്ലപ്പെട്ടേക്കുമെന്ന് തോന്നിയ ഘട്ടത്തിൽ കൈയിൽ കിട്ടിയ ഇരുമ്പ് പട്ടയ്ക്ക് തലയ്ക്കടിച്ച് വീഴ്‌ത്തിയെന്നുമാണ് തങ്ക കോട്ടപ്പടി പൊലീസിനെ അറിയിച്ചിട്ടുള്ളത്. സംഭവത്തിന് ശേഷം തങ്ക സ്റ്റേഷനിൽ എത്തി താൻ ഭർത്താവിനെ ആക്രമിച്ച വിവരം വെളിപ്പെടുത്തി.

പിന്നാലെ പൊലീസ് എത്തി സാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2017-ൽ സാജു തങ്കയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കഴുത്തിൽ വെട്ടേറ്റ തങ്ക ഏറെ നാളത്തെ ചികത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാത്രിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ അറയിച്ചതിനെത്തുടർന്ന് പൊലീസ് തങ്കത്തെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.