കാസർകോട്: കാമുകന്റെ നിർബന്ധപ്രകാരം മാനസിക രോഗിയായ ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നുവെന്നത് തെളിഞ്ഞത് കൃത്യം നടത്തി ആറ് വർഷങ്ങൾക്ക് ശേഷം. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയുടെ മരണത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.  കൊല നടത്തിയ ശേഷം മുഹമ്മദ് കുഞ്ഞിയുടെ ഭാഗ്യ സക്കീന(36) മൃതദ്ദേഹം പത്തു വയസുകാരനായ മകന്റെ സഹായത്തോടെ ചന്ദ്ര ഗിരി പുഴയിൽ ഒഴുക്കി വിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദ്ദേഹം അന്ന് കണ്ടെടുക്കാനും സാധിച്ചിരുന്നില്ല.

സക്കീനയുടെ കാമുകനായ ബോവിക്കാനം മുളിയാർ സ്വദേശിയായ ഉമ്മറാണ് കൊല നടത്താൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. കേസിൽ സക്കീനയേയും ഉമ്മറിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെൺവാണിഭ കേസിലും മോഷണ കേസിലും ശിക്ഷ അനുഭവിച്ചയായളാണ് ഉമ്മർ. മുഹമ്മദ് കുഞ്ഞിയുടെ മൃതദ്ദേഹം പുഴയിലോഴുക്കാൻ സഹായിച്ച മകന് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കിയിരുന്നു. മുഹമ്മദിന്റെ ബന്ധുവായ ഷാഫി 2012ൽ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിയുന്നത്. എന്നാൽ അന്വേഷണത്തിൽ പൊലീസിന് കാര്യമായി ഒന്നും കണ്ടെത്താനും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക സംഘത്തിന് രൂപം നൽകിയത്.

ഈ സംഘം അന്വേഷിച്ചിട്ടും തുമ്പ് കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെ കേസന്വേഷണം ഡിസിആർബി
ഡിവൈഎസ്‌പിക്ക് കൈമാറുകയായിരുന്നു. ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത കേസുകൾ അന്വേഷിക്കാൻ ഡിസിആർബിക്ക് ജില്ലാ പൊലീസ് മോധാവി ഡോ. എ. ശ്രീനിവാസ് നിർദ്ദേശം നൽകിയിരുന്നു. രണ്ട് മാസം മുൻപായിരുന്നു ഇത്. ഇതിന് പിന്നാലെ ഡിവൈഎസ്‌പി ജെയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്വത്തും, പണവും തട്ടിയെടുക്കാൻ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി.

2012 മാർച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയിൽ ഏറിയുകയായിരുന്നു. ഭർത്താവിന് മാനസികാസ്വാസ്ഥ്യം ഉള്ളതിൽ ഭാര്യ സക്കീന അസ്വസ്ഥയായിരുന്നു. ഇതിനിടെ ബന്ധുക്കളിൽ നിന്നും മുഹമ്മദ് കുഞ്ഞിയെ സക്കീന ബന്ധുക്കളിൽ നിന്നും അകറ്റി. പിന്നീട് സ്ഥലം വിൽപ്പനയ്ക്കെത്തിയ ഉമ്മറിന്റെ നിർദ്ദേശാനുസരണം ഭർത്താവിനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ മകന്റെ സഹായത്തോടെ മൃതദേഹം പുഴയിൽ ഒഴുക്കി.

പൊലീസ് ചോദ്യം ചെയ്യലിനിടെ സക്കീനയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും വ്യാജവിലാസങ്ങൾ നൽകി വീടുകൾ മാറിമാറി താമസിച്ചതും ഭർത്താവിനെ കുറിച്ച് പറഞ്ഞ കള്ളക്കഥകളുമാണ് സക്കീനയ്ക്ക് വിനയായത്. മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം തനിച്ച് താമസിക്കുന്ന സക്കീനയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതും കേസ് തെളിയിക്കാൻ അന്വേഷണ സംഘത്തിന് വഴികാണിച്ചു.