- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘത്തിലുള്ളവർ പരിചയപ്പെട്ടാൽ കുടുംബ സുഹൃത്തുക്കളെ പോലെ ഇടപെടും; ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരും; 32 വയസ്സുകാരനായ ഭർത്താവ് പണത്തിനും മറ്റ് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനും കപ്പിൾ കേരള ആപ്പിൽ ചേർന്നു; സഹികെട്ട് പരാതിപ്പെട്ട് 26കാരി; വീണ്ടും കേരളത്തിൽ വൈഫ് സ്വാപ്പിങ്
കോട്ടയം: കപ്പിൾ മീറ്റ് കേരള എന്ന ആപ്പിനെ കുടുക്കുന്നത് ഭർത്താവിന്റെ നിരന്തര ശല്യത്താൽ ഗതികെട്ട യുവതി. പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി 26 വയസ്സുകാരി കറുകച്ചാൽ പൊലീസിൽ എത്തുന്നത് ഭർത്താവിനാൽ പൊറുതിമുട്ടിയാണ്. 2 വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്.
32 വയസ്സായ ഭർത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. പീഡനങ്ങൾ തുടർന്നതോടെയാണ് യുവതി ഭർത്താവിനെതിരെ പരാതി നൽകിയത്. സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപ്പെട്ടു കഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരുകയാണു പതിവെന്നും പൊലീസ് പറഞ്ഞു.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആയിരുന്നു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായത് സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ ഇടപെടലാണ്. ശനിയാഴ്ച വൈകിട്ടാണ് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും ഫോൺ നമ്പരുകളുടെയും അടിസ്ഥാനത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം അന്വേഷണത്തിനു പുറപ്പെട്ടു.
സൈബർ സെല്ലിൽ നിന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പ്രതികളുള്ള സ്ഥലങ്ങളിൽ പൊലീസ് സംഘം എത്തിയത്. പുലർച്ചെയോടെ പ്രതികളുമായാണ് പൊലീസ് തിരിച്ചെത്തിയത്. ഇവരെ പിടികൂടിയെങ്കിലും വൻ ശൃംഖലയുടെ ഒരു കണ്ണി മാത്രമാണ് പൊലീസിന് മുൻപിൽ അഴിഞ്ഞത്. സംഘത്തിൽപെട്ട മറ്റാരെങ്കിലും പരാതിയുമായി എത്തിയാൽ മാത്രമേ അന്വേഷണം കൂടുതൽ മുന്നോട്ടു പോകാൻ കഴിയൂ എന്നു പൊലീസ് പറഞ്ഞു
ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാൽതന്നെ വലിയ കണ്ണികൾ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.
സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൈഫ് സ്വാപ്പിങ് അഥവാ കീ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഈ ഏർപ്പാട് മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വ്യാപകമാണ്. മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാർട്ടിക്ക് ഭാര്യാസമേതമെത്തുന്നവർ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇതായിരുന്നു ഈ ശൈലി.
വൈഫ് സ്വാപ്പിങ് പലപ്പോഴും വിവാദവും കേസും വാർത്തയുമൊക്കെയായി മാറിയിട്ടുണ്ട്. 2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു.
2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്. തവനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബംഗളൂരു എച്ച്.എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. കായംകുളത്തും മുമ്പും സമാനപരാതി ഉയർന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
കായംകുളത്ത് പിടിയിലായ യുവാക്കൾ ഷെയർ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറൽ) താത്പര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവർ ഭാര്യമാരെ കൈമാറിയിരുന്നത്. കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ വിവിധയിടങ്ങളിൽ നടക്കുന്നതായി പൊലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ