- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സന്തോഷത്തോടെയാണ് പങ്കാളി കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് ഭൂരിഭാഗം വീട്ടമ്മമാരുടെ മൊഴി! പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിൽ പണകൈമാറ്റം നടന്നാലും നിയമവിരുദ്ധമല്ല; കേസാവുക മൂന്നാമത് ഒരാൾ പണം കൈപ്പറ്റിയാൽ മാത്രം; വൈഫ് സ്വാപ്പിങ്ങ് കേസിൽ പൊലീസ് പെട്ടത് ഇങ്ങനെ
കൊച്ചി: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു, കഴിഞ്ഞമാസം മധ്യകേരളത്തിൽ നിന്ന് പിടിയിലായ പങ്കാളികളെ കൈമാറുന്ന സംഘം. ഭാര്യമാരെ ലൈംഗികാസ്വാദനത്തിനു പരസ്പരം കൈമാറുന്ന സംഘത്തിലെ ചിലരെയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇവരുടെ വാട്സാപ്പ് മെസഞ്ചർ ഗ്രൂപ്പുകളിലായി മൊത്തം അയ്യായിരത്തോളം പേർ ഉണ്ടെന്നതും കേരളത്തെ ഞെട്ടിച്ചിരുന്നു.
എന്നാൽ ഈ കേസിൽ അന്വേഷണം മുന്നോട്ട് പോകവേ പൊലീസും ഞെട്ടുകയായിരുന്നു. കാരണം ഒരു കേസിലൊഴികെ ബാക്കിയെല്ലാറ്റിലും ഉഭയസമ്മത പ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നതെന്നാണ് മൊഴി. ലൈംഗിക ആസ്വാദനത്തിനു വേണ്ടി ഞങ്ങളും ഇതിൽ ചേർന്നതാണെന്നും, ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും, തങ്ങളെ ആരും ബലാൽസംഗം ചെയ്തിട്ടില്ലെന്നുമാണ്, ഭൂരിഭാഗം സ്ത്രീകളും മൊഴി നൽകിയിരിക്കുന്നത്. ഇതോടെ പൊലീസും വെട്ടിലായിരിക്കയാണ്. പങ്കാളി കൈമാറ്റ കേസിൽ പൊലീസിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും, സദാചാര പൊലീസ് ആവാനില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ നേരത്തെ പറഞ്ഞ് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്.
ഇന്ത്യയിൽ വ്യഭിചാരം നിരോധിച്ചിട്ടില്ല
പൊലീസിനു ലഭിച്ച വിവരമനുസരിച്ച് അയ്യായിരത്തിലേറെ പേർ ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. യഥാർഥ എണ്ണം ഇതിനേക്കാൾ ഏറെ മുകളിലാണ്. ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ ഉന്നതരും അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളുമുണ്ട് ഈ കൂട്ടായ്മകളിൽ. സഹികെട്ട് 27കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ ചങ്ങനാശ്ശേരിക്കാരി യുവതി 31കാരനായ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. ഈ സ്ത്രീ മാത്രമാണ് പീഡനം നടന്നുവെന്ന് പറയുന്നത്.
വ്യാപകമായ തെറ്റിദ്ധാരണ ഉള്ള കാര്യമാണ് ഇന്ത്യയിൽ വേശ്യവൃത്തിയുടെ നിയമ സാധുത. ഇന്ത്യയിൽ നിയമ വിരുദ്ധം ആണ് വ്യഭിചാരം എന്നാണ് പലരുടെയും ധാരണ. എന്നാൽ ഇതിന് ഇന്ത്യയിൽ ഒരു വിലക്കും ഇല്ല എന്നതാണ് സത്യം. അതായത് പ്രായപൂർത്തി ആയ സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള ബന്ധം എന്ത് തരം ആയാലും അതിൽ നിയമത്തിന് ഒരു റോളും ഇല്ല. ഇനി അതിന്റെ പേരിൽ അവർ തമ്മിൽ പണം കൈ മാറ്റം നടന്നെന്ന് കരുതുക. അതും നിയമ വിരുദ്ധമല്ല.
ഈ രണ്ട് പേര് കൂടാതെ മൂന്നാമത് ഒരാളോ ഒന്നിലധികം പേരോ പണം കൈപ്പറ്റിയാൽ ആണ് അത് പെൺവാണിഭം ആകുന്നത്. അപ്പോൾ മാത്രമാണ് ഇത് നിയമവിരുദ്ധം ആവുന്നത്. ഇവിടെ സ്ത്രീ, മറ്റൊരാളുടെ വിൽപ്പന വസ്തു ആയി മാറുകയാണ്. അതിനെ ആണ് നിയമം തടയുന്നത്. ഇത്തരം മൂന്നാമൻ ഇടപെടലുകൾ വലിയ രീതിയിൽ ഉള്ള ചൂഷണങ്ങൾക്ക് കാരണം ആകും എന്ന തിരിച്ചറിവ് കൊണ്ടാണ് അതിന് നിയമ സാധുത ഇല്ലാത്തത്.
പൊലീസ് റെയ്്ഡ് പോലുള്ള കാര്യങ്ങൾ സത്യത്തിൽ ഈ വാണിഭ സാധ്യത എന്ന ന്യായത്തിലാണ് നടക്കുന്നത്. കോടതിയിൽ പുരുഷനും സ്ത്രീയും സ്വന്തം താൽപര്യ പ്രകാരം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും മൂന്നാമന്റെ പങ്കാളിത്തം തെളിയിക്കാൻ പൊലീസിന് കഴിയാതെ വരികയും ചെയ്താൽ, കേസ് പൊളിയും. സദാചാര പൊലീസ് കളിച്ചുവെന്ന് പറഞ്ഞ് കോടതിയിൽ നിന്ന് വിമർശനവും ഉണ്ടാവാം. ഇതുതന്നെയാണ് പൊലീസിനെ ഈ കേസിൽ പിറകോട്ട് വലിക്കുന്നത്. പൊലീസിൽ മൊഴി നൽകിയ സ്ത്രീകൾപോലും പിന്നീട് കേസ് കോടതിയിൽ എത്തുമ്പോൾ മൊഴിമാറ്റാനും സാധ്യതയും ഇത്തരം കേസുകളിൽ കൂടുതലാണ്.
സദാചാര പൊലീസ് ആവാനില്ലെന്ന് പൊലീസ്
ഈ കേസിൽ പൊലീസ് മോറൽ പൊലീസ് ആവാനില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. 'പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പൊലീസിന് ഇടപെടാൻ പരിമിതികളുണ്ട്. ഫലത്തിൽ മോറൽ പൊലീസിങ് ആയി ഇതു മാറും. അതുകൊണ്ട് തന്നെ പരാതി ഉള്ള കേസിൽ മാത്രമേ പൊലീസിന് നടപടി എടുക്കാൻ ആകു. അല്ലെങ്കിൽ നിയമപരമായ തിരിച്ചടി ഉണ്ടാകും''- ഡി ശിൽപ്പ വ്യക്തമാക്കി.
കോട്ടയത്ത് നിലവിൽ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത്. ഭർത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏർപ്പെടണമെന്ന് നിർബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. ഇതിൽ ആദ്യ ദിവസങ്ങളിൽ തന്നെ ആറുപേരെ പിടികൂടി. സൗദി അറേബ്യയിൽ ഉള്ള ഒരു പ്രതിയെയാണ് ഇനി പിടികിട്ടാനുള്ളത്. അതുകൊണ്ടുതന്നെ അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോൾ ഭർത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തി. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരൻ പറഞ്ഞിരുന്നു. അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരൻ പറഞ്ഞിരുന്നു.
നിരവധി കുട്ടികൾ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരൻ വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കൾ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. പക്ഷേ അവരുടെ കുട്ടികൾ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നതായി സഹോദരൻ പറയുന്നു. എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഉള്ള അന്വേഷണം പൊലീസിന് മുന്നോട്ടുകൊണ്ടുപോകാൻ ആയിട്ടില്ല. നിയമപരമായ പരിമിതികളാണ് പൊലീസ് ചൂണ്ടികാണിക്കുന്നത്.
കേരളത്തിന്റെ ലൈംഗിക അഭിരുചികൾ മാറുന്നോ?
വിവാഹം കഴിച്ച് ദിവസങ്ങൾ മാത്രം ആയവരും 20 വർഷം കഴിഞ്ഞവരും വരെ വൈഫ് സ്വാപ്പിങിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഭാഗമായി അന്വേഷിച്ചപ്പോൾ തങ്ങൾ സന്തോഷത്തോടെയാണ്, പങ്കാളി കൈമാറ്റത്തിൽ പങ്കെടുത്തത് എന്നാണ് ഒരു വീട്ടമ്മയുടെ മൊഴി. കേരളത്തിലെ പുതുതലമുറയുടെ അടക്കം ലൈംഗിക അഭിരുചികൾ വല്ലാതെ മാറുകയാണെന്നും, ഇതിൽ നിയമപരമായി കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നുമാണ് അന്വേഷണ ഉദ്യോസ്ഥരുടെ നിലപാട്.
സംഭവത്തിൽ സംസ്ഥാനവ്യാപകമായ അന്വേഷണത്തിലാണ് പൊലീസ് നേതൃത്വം നൽകിയത്. നിലവിൽ കൊല്ലം, ആലപ്പുഴ, എറണാകുളം കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് കേസിൽ അറസ്റ്റിലായത്. പങ്കാളികളെ കൈമാറാത്തവരും കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്പത് പ്രതികളിൽ അഞ്ചുപേർ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേർ പങ്കാളികൾ ഇല്ലാതെ എത്തുകയായിരുന്നു. പങ്കാളികൾ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇവർ 14,000 രൂപ നൽകണമെന്നതാണ് ഉണ്ടായിരിക്കുന്ന ധാരണ. ഇത്തരത്തിൽ നിരവധി യുവാക്കളടക്കം ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു എന്ന് പൊലീസ് പറയുന്നു.
പങ്കാളികൾ അല്ലാത്തവർക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെൺവാണിഭത്തിന് പരിധിയിൽ വരുമെന്ന് പൊലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കൂടുതൽ ഇരകൾ പരാതി നൽകിയാൽ മാത്രമേ ബലാത്സംഗം അടക്കം ശക്തമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാകുവെന്ന് പൊലീസ് പറയുന്നു.
ഗ്രൂപ്പുകളിൽ കണ്ട നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് പരാതിക്കാരെ തപ്പിയെടുത്തെങ്കിലും, ഉഭയസമ്മതത്തോടെയാണെന്ന മറുപടി കേട്ട് പൊലീസും ഞെട്ടുകയാണ്. കുട്ടികൾ അടക്കമുള്ളവരുമായി വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ആർക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
'കോട്ടയം സ്വിങ്ങേഴ്‌സ്', 'മല്ലു കപ്പിൾ' തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ടെലഗ്രാമിലും വാട്‌സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകളുണ്ട്. ഇപ്പോൾ മിക്ക ഗ്രൂപ്പുകളിൽ നിന്നും അംഗങ്ങൾ കൂട്ടത്തോടെ 'ലെഫ്റ്റ്' ആയിട്ടുണ്ട്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിരുന്നെന്ന പേരിൽ വീടുകളിലോ, കുടുംബ കൂട്ടായ്മകളെന്ന പേരിൽ റിസോർട്ടുകളിലോ ഒത്തുചേർന്നാണ് ഇവർ ഭാര്യമാരെ പരസ്പരം കൈമാറുന്നത്. ഇത് സ്ത്രീകളുടെ സമ്മതത്തോടെയോ ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങിയോ ആകാം. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ ഇവർ കുട്ടികളെ കൂടി കൂടെക്കൂട്ടുന്നു. ഭാര്യയെന്ന പേരിൽ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണം തട്ടുന്നവരുമുണ്ട് ഈ ഗണത്തിൽ. പല റിസോർട്ടുകളും ഇത്തരക്കാർക്കായി മാത്രം പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ പരാതിയില്ലാത്തതിനാൽ പൊലീസിന് ഒന്നും ചെയ്യാനാവുന്നില്ല.