- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവു പന്നികളെ കൂട്ടത്തോടെ പിടികൂടി കേരളത്തിലെത്തിച്ചു വിൽപ്പന നടത്തുന്ന ലോബി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു; തടഞ്ഞില്ലെങ്കിൽ പകർച്ചവ്യാഥികൾക്കും ദുരന്തങ്ങൾക്കും വഴിവെക്കും; മുന്നറിയിപ്പുമായി പന്നി ഫാം അസോസിയേഷൻ
ഇടുക്കി: ഇതരസംസ്ഥാനങ്ങളിലെ നഗരങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പന്നികളെ(തെരുവുപന്നികൾ) കൂട്ടത്തോടെ പിടികൂടി കേരളത്തിലെത്തിച്ചു വിൽപ്പന നടത്തുന്ന ലോബിയുടെ പ്രവർത്തനം സജീവം.എത്തിക്കുന്നത് മൃഗങ്ങളിലും മനുഷ്യരിലും ഒരു പോലെ പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന വൈറസ് ബാധിച്ച പന്നികളെന്നും വിലയിരുത്തൽ. മുന്നറിയിപ്പുമായി പന്നി ഫാം അസ്സോസീയേഷൻ രംഗത്ത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തെരുവുപന്നികടത്ത് ലോബിയുടെ പ്രവർത്തനം സജീവമാണെന്നാണ് പന്നി ഫാം അസ്സോസീയേഷൻ (പി എഫ് എ )പ്രതിനിധികളുടെ വിലയിരുത്തൽ.അങ്കമാലി ,വൈക്കം ,കൂത്താട്ടുകുളം എന്നീ മേഖലകൽ പ്രവർത്തിച്ചിരുന്ന ലോബി ഇപ്പോൾ ഇടുക്കിയിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചതായിട്ടാണ് സംഘടനപ്രവർത്തകരുടെ കണ്ടെത്തൽ.പി എഫ് എ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനു ദാമോദരൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് വിശാൽജോർജ്ജ്,ഇടുക്കി ജില്ലാ സെക്രട്ടറി മാർട്ടിൻസ് ഞാളൂർ എന്നിവരുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർ ഡി എം ഒ എന്നിവർ ഉൾ്പ്പെടെ ഉന്നതാധികൃതർക്ക് വിവരം കൈമാറിയിട്ടുണ്ട്.
ചെക്കുപോസ്റ്റുകളിൽ പലവിധ ഇടപെടലുകളിലൂടെ ആവശ്യമായ പരിശോധനകളില്ലാതെയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പന്നികളെ എത്തിക്കുന്നതെന്നാണ് സംഘടന ഭാരവാഹികളുടെ വെളിപ്പെടുത്തൽ. ഇതുമൂലം രോഗം ബാധിച്ച് നിരവധി പന്നികൾ കേരളത്തിലെത്തുമ്പോൾ ചത്തുവീഴുന്നുണ്ടെന്നും ഇവയിൽ നിന്നും രോഗം സംസ്ഥാനത്തെ പന്നിഫാമുകളിലേക്ക് പകരുന്നതിനുള്ള സാഹചര്യം നിലൽക്കുന്നുവെന്നും അതിനാൽ ഇത് അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ആന്ധ്ര,കർണ്ണാടക,തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ പട്ടണങ്ങളിൽ അലഞ്ഞുതിരിയുന്ന പന്നികളെ പ്രാദേശിക ഭരണകൂടങ്ങൾ പിടകൂടി ഒഴിവാക്കുന്ന പതിവുണ്ടെന്നും ഈയവസരത്തിൽ നിസ്സാരവിലക്ക് ഇവയെ വാങ്ങി,കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നതാണ് ഈ ലോബി യുടെ രീതിയെന്നും ഫാമുകളിൽ വളർത്തുന്ന പന്നികളുടെ വിലയേക്കാൾ കുറഞ്ഞവിലയിൽ ഇവയെ ലഭിക്കുമെന്നതിനാൽ ഇത്തരത്തിലെത്തുന്ന പന്നിക്ക് വിപണി മൂല്യംകൂടുതലാണെന്നും സംഘടന പ്രവർത്തകർ ചൂണ്ടിക്കാട്ടി.
നാട്ടിലെ ഫാമുകളിൽ വളർത്തുന്ന പന്നികളെ കലോയ്ക്ക് 160 രൂപ മുതൽ മുകളിലേയ്ക്കാണ് വിൽക്കുന്നത്.ഒരു പന്നി ഏകദേശം 230 കിലോയെങ്കിലും ഉണ്ടാവും.വിൽപ്പനശാലകളിൽ എത്തുമ്പോൾ ഇറച്ചിയുടെ വില 230 മുതൽ 260 രൂപവരെയാവും.
ഭൂരിപക്ഷം തെരുവുപന്നികളുടെയും തൂക്കം 45 നും 50 നും മധ്യേ ആയിരിക്കും.കിലോക്ക് 100 -120 രൂപ ക്രമത്തിലാണ് ഇറച്ചി വ്യാപാരികൾക്ക് ഇവയെ ലഭിക്കുക.ഇറച്ചിക്ക് നാടൻ പന്നിയുടെ വില വിൽപ്പനക്കാർ ലഭിക്കുകയും ചെയ്യും.ഇതാണ് തെരുവുപന്നിയുടെ വിപണനം സംസ്ഥാനത്ത് തഴച്ചുവളരാൻ കാരണമെന്നാണ് പന്നിഫാം അസോസീയേഷൻ പ്രതിനിധികളുടെ വിലയിരുത്തൽ. രോഗം ബാധിച്ച തെരുവ് പന്നികളെ കശാപ്പുശാലകളിലും വൽപ്പന കേന്ദ്രങ്ങളിലും എത്തിക്കുമ്പോഴും ഇറച്ചിയാക്കുമ്പോഴുമെല്ലാം മനുഷ്യരിലേയ്ക്ക് വൈറസ് ബാധയേൽക്കുന്നതിന് സാധ്യതയുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാവുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിൽ മണിയറൻകുടി കുട്ടപ്പൻ സിറ്റി ഭാഗത്ത് കടത്തിക്കൊണ്ടുവന്ന തെരുവുപന്നികളെ കൂട്ടത്തോടെ കണ്ടെത്തിയെന്നും ഇത് സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ടവർക്ക് വിവരം നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.മണിയറൻകുടി അത്തിക്കൽ വീട്ടിൽ ഷിൻന്റോയുടെ പുരയിടത്തിൽ കഴിഞ്ഞ ദിവസം രണ്ടു വലിയ വാഹനങ്ങളിൽ തെരുവുപന്നികളെ എത്തിച്ചിരുന്നെന്നും ഇറക്കിയ ഉടൻ രോഗമുള്ള 25 പന്നികൾ ചത്തെന്നും ജെ സിബി ഉയോഗിച്ച് കുഴിതാഴ്തി ഇതെ പുരയിടത്തിൽ തന്നെ ഇവയെ കുഴിച്ചുമൂടിയെന്നുമാണ് ഇവർ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.