- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാന ആക്രമണം
ചിന്നക്കനാൽ: വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാന ആക്രമണം.വിനോദ സഞ്ചാരികളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
വഴികാട്ടിയായി ബൈക്കിൽ സഞ്ചരിച്ചിരുന്ന റിസോർട്ട് ജീവനക്കാരൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി പാണ്ഡ്യനാണ് (50) പരിക്കേറ്റത്. സംഭവമറിഞ്ഞ് എത്തിയ വനപാലകരെ സി. പി. എം പ്രദേശിക നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു.
ശനിയാഴ്‌ച്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. കോതമംഗലം സ്വദേശികളായ ഏഴ് സഞ്ചാരികൾ ഇന്നോവ കാറിൽ ചിന്നക്കനാലിലെ റിസോർട്ടിലേക്ക് പോവുകയായിരുന്നു. ഇവർക്ക് വഴികാട്ടിയായി റിസോർട്ട് ജീവനക്കാരനായ പാണ്ഡ്യൻ ബൈക്കിൽ സഞ്ചരിച്ചിരുന്നു. മുത്തമ്മാൾ കോളനിക്ക് സമീപം കൊടും വളവിൽ നിന്നിരുന്ന കാട്ടാനയുടെ മുന്നിൽ വാഹനങ്ങൾ ചെന്നുപെട്ടു.
ഇതേത്തുടർന്ന് നിർത്തിയിട്ട കാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ആക്രമിച്ച കേടുപാടുകൾ വരുത്തിയ ആന യാത്രക്കാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പിന്മാറി. സംഭവമറിഞ്ഞ് ചിന്നക്കനാൽ ഫോറസ്റ്റർ പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ എത്തി പരിക്കേറ്റ പാണ്ഡ്യനെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ ശ്രമിച്ചു.
എന്നാൽ ആ സമയം സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ എത്തിയവർ വനപാലകരെ തടഞ്ഞുവച്ചു. തുടർന്ന് വനപാലകർ 108 ആംബുലൻസ് വരുത്തി അതിൽ കയറ്റി പാണ്ഡ്യനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സംഭവമറിഞ്ഞ് ദേവികുളം റേഞ്ച് ഓഫീസറും, ശാന്തൻപാറ പൊലീസും സ്ഥലത്തെത്തി. തിങ്കളാഴ്‌ച്ച ദേവികുളം എംഎൽഎ യുടെ സാന്നിദ്ധ്യത്തിൽ കാട്ടന ശല്യത്തിന് പരിഹാരം കാണുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം എന്ന് ഉറപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്.
മറുനാടന് മലയാളി ബ്യൂറോ