കോതമംഗലം: വീടിന്റെ സിറ്റൗട്ടിലെത്തിയ കാട്ടാനയുടെ മുന്നിൽ പെടാതെ ഗൃഹനാഥൻ രക്ഷപെട്ടത് അയൽവാസിയുടെയും മകളുടെയും കരുതലിൽ. ഇന്ന് പുലർച്ചെ വേട്ടാമ്പറയിലാണ് സംഭവം. പാടശേരിയിൽ ബേസിൽ തോമസിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ കാട്ടാന എത്തിയത്. അയൽവാസി ജോൺസന്റെ മകളാണ് ബേസിലിന്റെ വീട്ടുമുറ്റത്ത് ആന നിൽക്കുന്നത് ആദ്യം കാണുന്നത്.

മകൾ അപകടസ്ഥിതി മനസ്സിലാക്കി ജോൺസനോട് വിവരം പറയുകയും ഉടൻ മൊബൈലിൽ വിളിച്ച് ജോൺസൺ വിവരം ബേസിലിനെ അറയിക്കുകയുമായിരുന്നു. ഒച്ചപ്പാട് കേട്ട് ബേസിൽ മുൻവാതിൽ തുറക്കാൻ ശ്രമിക്കവെയാണ് ജോൺസന്റെ മൊബൈൽ വിളിയെത്തിയത്. ബേസിൽ വിവരം അറിയാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ സിറ്റൗട്ടിൽ നിന്നിരുന്ന ആനയ്ക്ക് മുന്നിലേയ്ക്കാവും ബേസിൽ വാതിൽ തുറന്നെത്തുക.

ആപത്ത് ഒഴിവാക്കിയത് ജോൺസന്റെ മൊബൈൽ വിളിയാണെന്ന് ബസിലും പറയുന്നു. ജോൺസന്റെ പുരയിടത്തിലെത്തിയ ആന കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. ഈ ശബ്ദം കേട്ട് ജോൺസനും കുടുംബവും ഉണരുകയും ആനയുടെ നീക്കം നിരീക്ഷിക്കുകയുമായിരുന്നു. മേഖലയിൽ കാട്ടാന ശല്യം തുടങ്ങിയിട്ട് വർഷങ്ങളായി. നാട്ടുകാരിൽ ഭൂരിപക്ഷം പേരുടെയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

വീട്ടുമുറ്റത്ത് കിടന്ന കാർ ആന നശിപ്പിച്ചത് അടുത്തിടെയാണ്. ഇപ്പോൾ സിറ്റൗട്ട് വരെ ആന എത്തിയത് നാട്ടുകാരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ വീട്ടുകാർ ഇറങ്ങി, ലൈറ്റടിച്ചും ഒച്ചപ്പാടുണ്ടാക്കിയും മറ്റും ആനയെ ഓടിച്ചിരുന്നു. ഇനി ജീവൻപോലും അപകടത്തിലാക്കുന്ന ഈ വഴിക്കുള്ള നീക്കം വേണ്ടെന്നുള്ള നിലപാടിലാണ് ഇവിടുത്തുകാരിൽ ഏറെയും.