കാലിഫോർണിയ: സംഹാര താണ്ഡവമാടുന്ന കാട്ടുതീയിൽ വിറച്ചിരിക്കുകയാണ് കാലിഫോർണിയ. ഇവിടെ ശക്തിയായി വ്യാപിച്ച കാട്ടു തീയിൽ 71 പേർ മരിച്ചെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇത് വെള്ളിയാഴ്‌ച്ച വരെ മാത്രമുള്ള കണക്കാണ്. 1000ൽ അധികം ആളുകളെ കാണാതായെന്നും അധികൃതർ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ദുരന്തത്തിൽ അഭയാർഥികളായവരെ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തകർ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കാണാതായവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണിത്. ദുരന്തത്തിൽ പാരഡൈസ് നഗരം ഭൂരിഭാഗവും ചാരമായിക്കഴിഞ്ഞു. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കർ വിസ്തൃതിയിൽ തീ കത്തിപ്പടർന്നതായും അധികൃതർ അറിയിച്ചു.

വീടുകളുൾപ്പെടെ 12,000ത്തോളം കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു. ദുരന്തത്തെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങൾ ഏറെക്കുറെ തകർന്ന നിലയിലാണുള്ളത്. മൊബൈൽ നെറ്റ്‌വർക്ക് കവറേജ് കുറഞ്ഞ സാഹചര്യത്തിൽ ദുരിത ബാധിതരുമായി ബന്ധപ്പെടാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്.

 ഈ മാസം 8,9 തീയതികളിലാണ് കാലിഫോർണിയയിൽ കാട്ടു തീ ആളിപ്പടരാൻ ആരംഭിച്ചത്. വടക്ക് ഭാഗത്തുള്ള സാക്രമെന്റോയിലാണ് ക്യാമ്പ് ഫയറെന്ന് പേരിട്ട കാട്ടു തീ ആളിപ്പടരുന്നത്. തെക്ക് ഭാഗത്തുള്ള തൗസന്റ് ഓക്‌സിലിനെ വൂൾസ് ലി, ഹിൽസ് ഫയർ എന്നീ പേരുകളിലുള്ള തീയാണ് വിഴുങ്ങുന്നത്.

കാട്ടു തീ ശക്തമായതോടെ രണ്ടര ലക്ഷത്തിലധികം ആളുകൾ പ്രദേശത്ത് ആദ്യമേ നിന്നും ഒഴിഞ്ഞു പോയിരുന്നു. ഒട്ടേറെ വീടുകളും വാഹനങ്ങളും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി അധികൃതർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കനത്ത കാറ്റും വരണ്ട കാലാവസ്ഥയും വില്ലനാവുകയാണ്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ചാണ് തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്.

നിരവധി ഹോളിവുഡ് താരങ്ങൾക്കു വീടുകളുള്ള മാലിബൂ നഗരവും തീ വിഴുങ്ങിയിതിൽ ഉൾപ്പടുന്നു ഉൾപ്പെടുന്നു. അതിനിടെ കാലിഫോർണിയ സർക്കാരിന്റെ തെറ്റായ ഫോറസ്റ്റ് നയം മൂലമാണ് കാട്ടു തീ പടർന്നതെന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ഇതിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ സാമ്പത്തിക സഹായം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്താനും ട്രംപ് മടിച്ചില്ല.