ലിസ്‌ബൺ: പോർച്ചുഗലിലുണ്ടായ വൻ കാട്ടുതീയിൽപ്പെട്ട് 43 പേർ മരിച്ചു. ഏറെപ്പേരും സ്വന്തം കാറിനുള്ളിൽ വെന്തുമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് പോർച്ചുഗലിലെ പെഡ്രോഗാവോ ഗ്രാൻഡെയിൽ അഗ്‌നിബാധയുണ്ടായത്.

മരിച്ചവരിൽ ഭൂരിഭാഗവും സ്വന്തം കാറിനുള്ളിൽ കുടുങ്ങിപ്പോയവരാണ്. മരിച്ച 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വനപ്രദേശത്തെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ അഗ്‌നിബാധയിൽപ്പെട്ട് കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു ഇവർ.രക്ഷപ്പെടാനുള്ള ശ്രങ്ങളെല്ലാം വിഫലമായതോടെ ഇവരെല്ലാം വാഹനത്തോടൊപ്പം കത്തിയമരുകയായിരുന്നു. ഏതാനും പേർ പുകശ്വസിച്ചാണ് മരിച്ചത്.

അഗ്‌നിബാധയിൽപ്പെട്ട് 14 സാധാരണക്കാർക്കും ആറ് അഗ്‌നിശമന സേനാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീ ആളിപ്പടർന്നതിനെത്തുടർന്ന് സമീപ ഗ്രാമങ്ങളിലുള്ളവരുടെ വീടും വസ്തുവകകളുമെല്ലാം കത്തിനശിച്ചിട്ടുണ്ട്. 500 അഗ്‌നിശമന സേനാംഗങ്ങളും 160 വാഹനങ്ങളും ചേർന്ന് തീയണയ്ക്കാനുള്ള കഠിന പ്രയത്‌നം തുടരുകയാണ്.