കൊച്ചി: കണ്ണൂർ ജില്ലയിലെ പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ വെറുതെയിരിക്കില്ലെന്നും സ്വന്തം നിലയിൽ കളക്ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും ബി. ജെ. പി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി എം. പി പറഞ്ഞു. പൊലീസും ജില്ലാ മജിസ്‌ട്രേട്ടും നീതിയുക്തമായി പ്രവത്തിച്ചില്ലെങ്കിൽ ആർട്ടിക്കിൾ 247 അനുസരിച്ച് സീനിയർ ഐ. എ. എസ് ഓഫീസറെ ജില്ലാ കളക്ടറായി കേന്ദ്രസർക്കാറിന് സ്വന്തം നിലയിൽ നിയമിക്കാം. ഈ ജില്ലാ മജിസ്‌ട്രേട്ട് കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലായിരിക്കും- അദ്ദേഹം പറഞ്ഞു. ബി. ജെ. പി ബൗദ്ധിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ കലൂർ എ. ജെ. ഹാളിൽ സംഘടിപ്പിച്ച ഉണരുന്നു കേരളം ദേശീയധാരയിലേക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ മാർക്സിസ്റ്റ് കൊലപാതക രാഷ്ട്രീയം നിർത്താൻ കേന്ദ്രത്തിന് പ്രത്യേക അധികാരം ഉപയോഗിക്കാൻ കഴിയുമെന്നാണ് ഡോ. സുബ്രഹ്മണ്യൻ സ്വാമി പറയുന്നത്. ഭരണഘടനയുടെ 247-ാം വകുപ്പു പ്രകാരം ജില്ലാ മജിസ്ട്രേറ്റിന് സംസ്ഥാന മജിസ്ട്രേറ്റിന്റെ ചുമതല നൽകാം. കേസെടുക്കാനും കേന്ദ്രത്തിനു റിപ്പോർട്ടുചെയ്യാനും അധികാരമുണ്ടാകും. അസ്വസ്ഥബാധിത പ്രദേശത്ത് പ്രത്യേക സായുധ സേനയെ നിയോഗിക്കുകയും ചെയ്യാം-സ്വാമി പറഞ്ഞു.

ആർഎസ്എസ്സിന്റെ വളർച്ച തടയാനായാണ് സി.പി.എം ആക്രമണ പരമ്പര അഴിച്ചുവിടുന്നത്. ഖാലിസ്ഥാൻ പ്രസ്ഥാനങ്ങളെ വരെ പിന്തുണച്ച പാരമ്പര്യമാണവർക്ക്. ഹിന്ദു ഭൂരിപക്ഷമില്ലാതാകുന്നിടത്ത് ജനാധിപത്യം ഇല്ലാതാകും.കേരളത്തിൽ ഹിന്ദു സമൂഹം ഒന്നിച്ചു നിൽക്കണം. 2014ൽ ഹിന്ദു വോട്ടുകൾ 25 ശതമാനത്തോളം ഏകീകരിച്ചപ്പോൾ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തി. ഹിന്ദുത്വവാദമാണ് വിജയത്തിന് കാരണമായത്. 30 ശതമാനം ഹിന്ദു വോട്ടുകൾ കേരളത്തിൽ ഏകീകരിച്ചാൽ ഇവിടെയും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കും.-സ്വാമി പറഞ്ഞു.

കൊലപാതകം ആഘോഷിക്കുന്ന പാർട്ടിക്ക് കേരളത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല. കേരളത്തെ ദേശീയധാരയിലേക്ക് ഉയർത്താൻ ബി. ജെ. പിക്കേ സാധിക്കുകയുള്ളു. ന്യൂനപക്ഷ വോട്ടിൽ കണ്ണുംനട്ട് കേരളത്തിൽ മറ്റൊരു ന്യൂനപക്ഷ ജില്ല രൂപീകരിക്കാൻ ഇടത് സർക്കാർ ശ്രമിക്കുകയാണ്. ആദ്യ തിരഞ്ഞെടുപ്പിൽ 22 ശതമാനം വോട്ട് കിട്ടിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. അടുത്ത തിരഞ്ഞെടുപ്പോടെ ത്രിപുരയിലും ബി. ജെ.പി അധികാരത്തിൽ വരും. ജാതിചിന്ത മറന്ന് ഹിന്ദുവോട്ട് ഏകീകരണത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടി കുടുംബത്തിലേക്ക് ചുരുങ്ങി. ലോകകമ്മ്യൂണിസം റഷ്യയിലും ഇല്ലാതായി. ചൈനയിൽ അവർ കമ്മ്യൂണിസ്റ്റ് ആശയം മാറ്റി. 1952 ൽ 22 ശതമാനമായിരുന്ന അവരുടെ വോട്ട് നാലു ശതമാനമായി. അതും ഇല്ലാതാകും. ഇപ്പോൾ കേരളത്തിൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ ചേർത്ത് പുതിയൊരു ജില്ല ഉണ്ടാക്കി മുസ്ലിം ലീഗിനെ ഒപ്പം കൂട്ടാനാണ് സി.പി.എം ആലോചിക്കുന്നതെന്നും സ്വാമി കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അദ്ധ്യക്ഷനായി.

സാക്ഷി മഹാരാജ് എം. പി, ബിജെപി മുൻ ജനറൽ സെക്രട്ടറി പി. പി. മുകുന്ദൻ, ഇന്റലക്ച്വൽ സെൽ കൺവീനർ ടി. ജി. മോഹൻദാസ്, ബിജെപി ജില്ലാ പ്രസിഡന്റ്എൻ. കെ. മോഹൻദാസ്, ജില്ലാ മീഡിയാ സെൽ കൺവീനർ പ്രകാശ് ബാബു സംസാരിച്ചു.