തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അടുത്തകാലത്തായി നല്ലകാലമാണ്. ബോക്‌സോഫീസിൽ മൂക്കും കുത്തി വീഴുന്ന സിനിമകൾ ഒട്ടേറെയുണ്ടെങ്കിലും ചില സിനിമകൾക്ക് വമ്പൻ വിജയമാണ് പ്രേക്ഷകർ സമ്മാനിക്കുന്നത്. ഇതോടെ നല്ല സിനിമകൾ ചെയ്താൽ മലയാള സിനിമയിൽ നിന്നും കോടികൾ കൊയ്യാമെന്ന വ്യക്തമായ സന്ദേശമാണ് നിർമ്മാതാക്കൾക്ക് ലഭിക്കുന്നത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ദൃശ്യം എന്ന സിനിമയിലൂടെ തുടങ്ങിവച്ച വിജയ കുതിപ്പാണ് പിന്നീട് ബാംഗ്ലൂർ ഡേയ്‌സിലും പ്രേമത്തിലും ഒടുവിലായി എന്ന് നിന്റെ മൊയ്തീനിലിലൂടെയും തുടർച്ചയായിരിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ എന്ന് നിന്റെ മൊയ്തീനാണ് ഇപ്പോൾ കേരളത്തിലെ തീയ്യറ്ററുകളെ അടക്കി വാഴുന്നത്. ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി റിലീസ് ആയെങ്കിലും ഈ സിനിമയൊന്നും മൊയ്തീന് ഭീഷണി ആയിട്ടില്ല. സോഷ്യൽ മീഡിയയുടെയും മാദ്ധ്യമങ്ങളുടെയും പിന്തുണയോടെയും മൗത്ത് പബ്ലിസിറ്റി വഴിയും മലയാളത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയിലേക്കാണ് മൊയ്തീന്റെ കുതിപ്പ്.

റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ട് 10.5 കോടി രൂപ നേടിയ ആർ എസ് വിമൽ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ പ്രേമം തരംഗം ഉണ്ടായ അവസ്ഥ തന്നെയാണ് തീയറ്ററുകളിൽ. റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് 'എന്ന് നിന്റെ മൊയ്തീൻ' ആറുദിവസം കൊണ്ട് ബോക്‌സോഫീസിൽ വാരിയത് ഏഴുകോടി രൂപ കലക്ട് ചെയ്തിരുന്നു. രണ്ട് ദിവസം കൂടി പിന്നിട്ടതോടെ നിവിൻ പോളി ചിത്രമായ പ്രേമത്തിന്റെ ബോക്‌സോഫീസ് കലക്ഷനെയും കടത്തിവെട്ടുന്ന വിധത്തിലാണ് ചിത്രത്തിന്റെ കുതിപ്പ്.

റിലീസായ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൗസ്ഫുള്ളിൽ കളിക്കുന്ന മൊയ്തീൻ 100 ദിവസം തികയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊയ്തീനെയും കാഞ്ചനമാലയെയും അനശ്വരമാക്കിയ പൃഥ്വി പാർവതി കോമ്പിനേഷൻ തന്നെയാണ് ചിത്രത്തെ വൻ ഹിറ്റാക്കി മാറ്റുന്നത്. റിലീസ് ദിനത്തിൽ 81 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് കളക്ഷൻ ലഭിച്ചത്. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം മുതൽ ചിത്രം കുതിച്ചുകയരുയായിരുന്നു. രണ്ടാം ദിവസം 1.25 കോടി രൂപയാണ് കളക്ഷൻ നേടിയത്. നാലുദിവസം കൊണ്ട് അഞ്ചുകോടി കടന്ന് മുന്നേറുകയാണ്.

ഇപ്പോഴത്തെ കണക്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഏറെ ആവേശം പകരുന്നതാണ്. കാരണം ഇപ്പോഴത്തെ കലക്ഷൻ റിക്കോർഡ് കേരളത്തിലെ മാത്രം കണക്കാണ്. ഒക്‌ടോബർ രണ്ടുമുതലാണ് ചിത്രം കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തും പ്രദർശനത്തിന് എത്തിക്കുന്നത്. റിലീസ് ചെയത് രണ്ടാം വാരത്തിലേക്ക് സിനിമ കടന്നതോടെ കൂടുതൽ തീയറ്ററുകളിലും മൊയ്തീൻ പ്രദർശിപ്പിക്കുന്നുണ്ട്.

കാഞ്ചനമാലമൊയ്തീൻ പ്രണയം 1960 ൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത സംഭവിച്ച യഥാർത്ഥ സംഭവത്തെയും ജീവിതത്തെയും ആസ്പദമാക്കിയൊരിക്കിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. കഥയിലെ കഥാപാത്രങ്ങളാരും സാങ്കൽപികമല്ല. നായിക കാഞ്ചന മാല ഇന്നും മൊയ്തീന്റെ ഓർമകളിൽ ജീവിക്കുന്ന വ്യക്തിത്വമാണ്. കേരളം ഒരേ സ്വരത്തിൽ ഈ സിനിമയെ അംഗീകരിച്ചിരുന്നു. സിനിമയെ കുറിച്ച് ആരും മോശമായി അഭിപ്രായം പറഞ്ഞില്ലെന്നതാണ് പ്രത്യേകത.

ഇപ്പോഴത്തെ നിലയിൽ എന്ന് നിന്റെ മൊയ്തീൻ മുന്നോട്ടു പോകുകയാണെങ്കിൽ പ്രേമത്തിന്റെ ബോക്‌സോഫീസിൽ റെക്കോർഡുകൾക്കും ഭീഷണിയായേക്കും. 2013ൽ പുറത്തിറങ്ങി ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമയ്ക്ക് തന്നെയാണ് ഇപ്പോഴും കലക്ഷൻ റെക്കോർഡിൽ മുന്നിൽ. 70 കോടിയോളം രൂപയാണ് ദൃശ്യം എല്ലാ ഇനത്തിലുമായി നേടിയത്. ഇതിന് ശേഷം ഈ വർഷം പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായ പ്രേമം 60 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നാണ് വിവരം. 40 കോടി നേടിയ ബാംഗ്ലൂർ ഡേയ്‌സാണ് മലയാള സിനിമകളുടെ കലക്ഷൻ റെക്കോർഡുകളിൽ മൂന്നാം സ്ഥാനത്തുള്ളത്.

എന്നാൽ, ഇപ്പോൾ ഈ സിനിമകൾക്കൊക്കെ ഭീഷണിയായാണ് എന്ന് നിന്റെ മൊയ്തീന്റെ കുതിപ്പ്. മൗത്ത് പബ്ലിസിറ്റി വഴി ദിവസം തോറും തീയറ്ററിലേക്ക് പ്രേക്ഷകർ ഒഴുകി എത്തുകയാണ്. ഒരു പൃഥ്വിരാജ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമായാണ്. കലക്ഷൻ റെക്കോർഡുകളുടെ കാര്യം പരിഗണിക്കുകയാണെങ്കിൽ പ്രേമത്തോട് കിടപിടിച്ചാണ് മൊയ്തീന്റെയും പോക്കും. അതേസമയം വരും ദിവസങ്ങളിൽ മൊയ്തീന് ഭീഷണി ആകുക വിജയ് ചിത്രമായ പുലി ആകും. ഈ ആഴ്‌ച്ച റിലീസ് ചെയ്യുന്ന പുലിയെ എങ്ങനെ മൊയ്തീൻ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാകും ബോക്‌സോഫീസിലെ കുതിപ്പും.