ന്യൂഡൽഹി: ആം ആദ്മി എംഎ‍ൽഎമാരെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഈ ഗൂഢാലോചന തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് ഡൽഹി മുഖ്യമന്ത്രി. കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിനായി അരവിന്ദ് കേജ്‌രീവാൾ ഒരുങ്ങുന്നതായാണ് സൂചനകൾ.

കള്ളക്കേസിൽ എംഎൽഎമാരെ കുടുക്കാൻ പവർത്തിച്ചവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വെളിപ്പെടുത്തുമെന്നും കേജ്‌രിവാൾ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന ഡൽഹി നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനത്തിലാണ് രഹസ്യങ്ങൾ വെളിപ്പെടുത്തുക. ം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുക്കുന്നതും ഡൽഹിയിൽ ഡെങ്കിപ്പനി പടർന്നുപിടിച്ചതും ചർച്ച ചെയ്യാനാണ് നിയമസഭയുടെ പ്രത്യേക സമ്മേളനമെന്നാണ് നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചത്. എന്നാൽ അതിന് പിന്നാലെയാണ് തനിക്കെതിരെ പോലും കള്ളക്കേസ് എടുക്കുകയാണെന്നും ഇതിന് പിറകിൽ വൻ ഗൂഢാലോചനയുണ്ടെന്നും കാട്ടി കേജ്‌രീവാൾ രംഗത്തെത്തിയത്.

അടുത്തിടെ ഡൽഹി വനിതാ കമ്മീഷനിൽ നടന്ന ക്രമക്കേടുകളുടെ പേരിൽ കേജ്‌രീവാളിനെതിരെ അഴിമതി വിരുദ്ധ വിഭാഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെ കേസെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നാണ് കേജ്‌രീവാൾ ആരോപിക്കുന്നത്.

ഡൽഹിയിൽ പടർന്ന് പിടിച്ച ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ തടയുന്നതിൽ സർക്കാർ പരാജയമാണെന്നും കേജ്‌രീവാൾ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നുവെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ ബിജെപി ഭരിക്കുന്ന മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിലാണ് പകർച്ച വ്യാധികൾ തടയാൻ കഴിയാത്തതെന്ന് കാട്ടി ആം ആദ്മി അംഗങ്ങളും പ്രതിപക്ഷത്തെ പ്രതിരോധിക്കും